ന്യൂഡൽഹി: എൻ.സി.ഇ.ആർ.ടിയുടെ പന്ത്രണ്ടാം 12-ാം ക്ലാസിലെ പൊളിറ്റക്കൽ സയൻസ് പാഠപുസ്‌കത്തിൽനിന്ന് ബാബരി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചില ഭാഗങ്ങളും ഒഴിവാക്കി. രാമജന്മഭൂമി പ്രസ്ഥാനത്തിനു പ്രാമുഖ്യം നൽകുന്ന രീതിയിലാണ് പാഠപുസ്തകത്തിൽ പുതിയ മാറ്റം. 2024-25 അധ്യയന വർഷത്തേക്കുള്ള പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായാണ് മാറ്റമെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, രാഷ്ടീയത്തിലെ പുതിയ സംഭവവികാസങ്ങൾ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി മാറ്റം വരുത്തിയതെന്നാണ് എൻ.സി.ഇ.ആർ.ടിയുടെ വിശദീകരണം.

എട്ടാമത്തെ അധ്യായമായ ‘സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയിലെ രാഷ്ട്രീയം’ എന്ന പാഠഭാഗത്തിലാണ് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. 2006-07 മുതൽ നടപ്പാക്കിയ പാഠപുസ്‌കത്തിൽ ഉണ്ടായിരുന്ന സമകാലിക രാഷ്ട്രീയത്തെ കുറിച്ചുള്ള പാഠഭാഗത്തിലാണ് പ്രധാനമായും മാറ്റം.പഴയ പാഠപുസ്തകത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ട അഞ്ച് സംഭവങ്ങളിൽ ഒന്ന് അയോധ്യ പ്രസ്ഥാനമെന്ന് വിശേഷിപ്പിക്കുന്നു. 1989-ലെ തിരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസിനു സംഭവിച്ച അപചയം, 1990-ലെ മണ്ഡൽ കമ്മിഷൻ, 1991-ൽ തുടക്കമിട്ട സാമ്പത്തിക പരിഷ്‌കരണം, രാജീവ് ഗാന്ധിയുടെ വധം(1991) എന്നിവയാണ് മറ്റു സംഭവങ്ങൾ. അയോധ്യ വിവാദത്തെ കുറിച്ച് നാലു പേജ് നീണ്ട ഭാഗങ്ങളാണ് പഴയ പാഠപുസ്തകത്തിൽ ഉണ്ടായിരുന്നത്. 1986-ൽ മന്ദിരം തുറന്നു കൊടുത്തത്, ഇരുഭാഗത്തും ഉണ്ടായ ശാക്തീകരണം, പള്ളിയുടെ തകർച്ച, രാഷ്ട്രപതി ഭരണം, മതേതരത്വത്തിനു ഭീഷണിയായ വർഗീയ സംഘർഷം എന്നിവയെ കുറിച്ചുള്ള വിവരണങ്ങളാണ് ഇവ.ജനാധിപത്യ അവകാശങ്ങൾ’ എന്ന അദ്ധ്യായത്തിൽനിന്ന് ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഉള്ളടക്കവും ഒഴിവാക്കിയതായി സൂചനയുണ്ട്. പുതിയ പാഠപുസ്തകങ്ങൾ ഒരു മാസത്തിനകം വിദ്യാർത്ഥികളുടെ കയ്യിലെത്തും. രാജ്യത്തെ നാലു കോടി വിദ്യാർത്ഥികളെങ്കിലും എൻ.സി.ഇ,ആർ.ടിയുടെ പാഠപുസ്തകങ്ങൾ പഠിക്കുന്നുണ്ട്. എൻ.സി.ഇ.ആർ.ടി സിലബസ് പിന്തുടരുന്ന ഏകദേശം 30,000 സ്‌കൂളുകൾ സി.ബി.എസ്.ഇ. (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജൂക്കേഷൻ) സിലബസ് പിന്തുടരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here