ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസില്‍ സുപ്രീം കോടതിയില്‍ അന്തിമവാദം ഇന്നുമുണ്ടാകില്ല. മഹാരാഷ്ട്രയില്‍ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഒരു അപ്പീലിലെ വാദം തുടരുന്ന സാഹചര്യത്തില്‍ മറ്റ് കേസുകള്‍ ഇന്ന് പരിഗണിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് കെ.വി.വിശ്വനാഥന് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കേണ്ടിയിരുന്നത്. കഴിഞ്ഞദിവസവും ലാവലിന്‍ കേസ് സമയക്കുറവ് മൂലം മാറ്റിവച്ചിരുന്നു. സുപ്രീംകോടതിയില്‍ എട്ടാം വര്‍ഷത്തിലേക്ക് കടന്ന ലാവലിന്‍കേസ്, ഫെബ്രുവരി ആറിനാണ് അവസാനമായി പരിഗണിച്ചത്. കേസ് ഇതുവരെ 30 തവണ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എന്‍സി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സര്‍ക്കാരിന് സംഭവിച്ചുവെന്നുമാണ് കേസ്.കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്, ഊര്‍ജവകുപ്പ് മുന്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്, മുന്‍ ജോയന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ 2017-ല്‍ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നല്കിയ അപ്പീലും വിചാരണ നേരിടണമെന്ന് കോടതി വിധിച്ച വൈദ്യുതിബോര്‍ഡ് മുന്‍ സാന്പത്തിക ഉപദേഷ്ടാവ് കെ.ജി. രാജശേഖരന് നായര്‍, ബോര്‍ഡ് മുന്‍ ചെയര്മാന് ആര്. ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനിയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവരുടെ ഇളവ് തേടിയുള്ള ഹര്‍ജിയുമാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.