പാലക്കാട്: ഏഴ് വയസുകാരനെ തെരുവുനായ്ക്കൾ കൂട്ടം ചേർന്ന് ആക്രമിച്ചു. പാലക്കാട് തിരുമിറ്റക്കോടാണ് സംഭവം. കുട്ടിയുടെ കെെകാലുകളിൽ നിന്ന് നായ്ക്കൾ മാംസം കടിച്ചെടുത്തു. ചികിത്സയിലുള്ള കുട്ടി ഗുരുതരാവസ്ഥ തരണം ചെയ്തുവെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ കുട്ടി പള്ളിയിലേക്ക് പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്.
വായനശാലയുടെ സമീപത്ത് വച്ച് ഒരു കൂട്ടം നായ്ക്കൾ കുട്ടിയെ ആക്രമിക്കുകയായിരുന്നു. ഇതോടെ കുട്ടി റോഡിൽ വീണു. ആക്രമണത്തിൽ കെെകാലുകൾക്ക് ഗുരുതരമായി പരിക്കേറ്റു. പ്രദേശവാസികളും വീട്ടുകാരും ചേർന്നാണ് തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിൽ എത്തുമ്പോൾ കുട്ടി അബോധാവസ്ഥയിലായിരുന്നു. നാളെ കുട്ടിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെന്നാണ് റിപ്പോർട്ട്.