മുംബൈ: മൊബൈല്‍ഫോണ്‍ ഉള്‍പ്പെടെ രാജ്യത്തുനിന്നുള്ള ഇലക്ട്രോണിക്‌സ് ഉത്പന്ന കയറ്റുമതിയില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം 24 ശതമാനം വര്‍ധന. വാണിജ്യമന്ത്രാലയത്തിന്റെ പ്രാഥമിക കണക്കുപ്രകാരം 2912 കോടി ഡോളറിന്റെ (ഏകദേശം 2.4 ലക്ഷം കോടി രൂപ) ഉത്പന്നങ്ങളാണ് 2023-’24 സാമ്പത്തികവര്‍ഷം കയറ്റിയയച്ചത്. തൊട്ടുമുന്‍വര്‍ഷമിത് 2355 കോടി (1.96 ലക്ഷം കോടി രൂപ) ഡോളറായിരുന്നു. ഉത്പന്നകയറ്റുമതിയില്‍ 2023-’24 സാമ്പത്തികവര്‍ഷം 3.11 ശതമാനം മാത്രമാണ് വളര്‍ച്ച.മൊബൈല്‍ഫോണ്‍ കയറ്റുമതിയില്‍മാത്രം 35 ശതമാനം വളര്‍ച്ച നേടാന്‍ രാജ്യത്തിനായി. മുന്‍വര്‍ഷത്തെ 1110 കോടി (92,696 കോടി രൂപ) ഡോളറില്‍നിന്ന് 1500 കോടി ഡോളറായാണ് (1.25 ലക്ഷം കോടി രൂപ) മൊബൈല്‍ഫോണ്‍ കയറ്റുമതി ഉയര്‍ന്നത്.

ഇതില്‍ 65 ശതമാനം വിഹിതവും ഐഫോണിന്റേതാണ്. ഏകദേശം 1000 കോടി ഡോളറിന്റെ (83,510 കോടി രൂപ) ഐഫോണ്‍ ഇന്ത്യയില്‍നിന്ന് കയറ്റിയയച്ചതായാണ് കണക്ക്. 2022-’23 സാമ്പത്തികവര്‍ഷമിത് 500 കോടി ഡോളറായിരുന്നു. ഇന്ത്യയില്‍ മൊബൈല്‍ഫോണ്‍ ഉത്പാദനരംഗത്ത് പ്രാദേശിക മൂല്യവര്‍ധനയില്‍ കാര്യമായ പുരോഗതിയുണ്ടായതായി അധികൃതര്‍ സൂചിപ്പിച്ചു. മൊബൈല്‍ഫോണിന്റെതന്നെ ഘടകഭാഗങ്ങള്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കാനും തുടക്കമായിട്ടുണ്ട്. ഐഫോണിനായുള്ള ക്യാമറ ഇന്ത്യയില്‍ നിര്‍മിക്കുന്നതിന് ടാറ്റ ഗ്രൂപ്പമായി സഹകരിക്കുന്നതിന് ചര്‍ച്ചകള്‍ക്കു തുടക്കമായി. പെഗാട്രോണ്‍ ഫാക്ടറി ഏറ്റെടുക്കുന്നതിനായി ചര്‍ച്ചകള്‍ നടക്കുന്നു. കൂടാതെ, ഐഫോണ്‍ പുറംചട്ട ഉള്‍പ്പെടെ ഘടകങ്ങളും ടാറ്റ ഗ്രൂപ്പ് നിര്‍മിച്ചുനല്‍കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here