കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായ എ അഭിമന്യുവിന്റെ വധക്കേസിലെ നഷ്ടപ്പെട്ട നിർണായക രേഖകളുടെ പകർപ്പ് പ്രോസിക്യൂഷൻ ഇന്ന് വിചാരണ കോടതിക്ക് കൈമാറി. കോടതിയിൽ നിന്ന് മുൻപ് കാണാതായ 11ഓളം രേഖകളുടെ സർട്ടിഫൈഡ് പകർപ്പുകളാണ് കോടതിയിൽ ഹാജരാക്കിയത്. പുനർനിർമിച്ച രേഖകൾ ഹാജരാക്കുന്നതിനെ പ്രതിഭാഗം എതിർത്തെങ്കിലും കോടതി അനുവദിച്ചില്ല.രേഖകൾ സമർപ്പിക്കുന്നതിനെ എതിർക്കാൻ സാധിക്കില്ലെന്നും മുൻപ് ലഭിച്ച രേഖകളിൽ നിന്ന് വ്യത്യാസമുണ്ടെങ്കിൽ അക്കാര്യം ഉന്നയിക്കാമെന്നും കോടതി വ്യക്തമാക്കി. കേസ് ഈ മാസം 25ന് പരിഗണിക്കും.

ഇടുക്കി വട്ടവട സ്വദേശിയായ അഭിമന്യു 2018 ജുലായ് ഒന്നിനാണ് കോളേജിൽ വച്ച് കൊല്ലപ്പെട്ടത്. സംഭവത്തിൽ ക്യാംപസ് ഫ്രണ്ട്–പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പ്രതികൾ. അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണ നടപടികൾ ആരംഭിക്കാനിരിക്കെയാണ് പ്രധാനപ്പെട്ട രേഖകൾ വിചാരണ കോടതിയിൽ നിന്ന് നഷ്ടമായത്. ഇതിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും അഭിമന്യുവിന്റെ കുടുംബവും സിപിഎമ്മും ആവശ്യപ്പെട്ടിരുന്നു.

2019ലാണ് രേഖകൾ കോടതിയിൽ നിന്നും നഷ്ടമായത്. എന്നാൽ കഴിഞ്ഞ സെപ്റ്റംബറിലാണ് വിവരം കോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്നാണ് രേഖകൾ പുനർനിർമിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയത്.ഇത്തരത്തിൽ രേഖകൾ നഷ്ടപ്പെടുന്നതും മറ്റെവിടെയെങ്കിലും ഉണ്ടാവുന്നതുമൊക്കെ സാധാരണമാണ്. അത് ഈ കേസിന്റെ കാര്യത്തിൽ മാത്രമായി കണക്കാക്കാൻ കഴിയില്ല. രേഖകൾ നഷ്ടമായതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ട്. നിലവിൽ വിചാരണ നടപടികൾ ഇതുമൂലം വൈകില്ലെന്നും കോടതി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here