ഇടുക്കി : മംഗളാ ദേവി ക്ഷേത്രം കേരളത്തിലെ ഏറ്റവും പുരാതന ക്ഷേത്രത്തിലൊന്നാണ്.കണ്ണകി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണമി ഉത്സവം നാളെ നടക്കും. പെരിയാര്‍ വന്യജീവി സങ്കേതത്തിനുള്ളിലെ കാതല്‍ മേഖലയിലാണ് ക്ഷേത്രം. ചൊവ്വാഴ്ച രാവിലെ 5.30 മുതല്‍ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കൗണ്ടറില്‍നിന്നും അതിര്‍ത്തി ചെക്ക് പോസ്റ്റില്‍നിന്നും തീര്‍ഥാടകര്‍ക്ക് പാസ് ലഭിക്കും.രാവിലെ ആറു മുതല്‍ 2.30 വരെ കുമളി പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍നിന്ന് ജീപ്പുകള്‍ സര്‍വീസ് നടത്തും. മോട്ടോര്‍ വാഹന വകുപ്പ്, വാഹനത്തിന്റെ രേഖകള്‍ പരിശോധിച്ചശേഷമായിരിക്കും പാസ് നല്‍കുക. പാസുള്ള വാഹനങ്ങള്‍ മാത്രമേ ചെക്ക് പോസ്റ്റിലൂടെ കടത്തിവിടൂ. വനമേഖലയായതിനാല്‍ ഉച്ചഭാഷിണിയോ ലൗഡ് സ്പീക്കറുകളോ പാടില്ല. പ്ലാസ്റ്റിക്കിന് കര്‍ശന നിയന്ത്രണമുണ്ട്. ഭക്ഷണം ഇലയിലോ കടലാസിലോ മാത്രമേ കൊണ്ടുവരാവൂ. വനമേഖലയില്‍ ഫോട്ടോഗ്രഫി, വീഡിയോഗ്രഫി എന്നിവ അനുവദിക്കില്ല.

പ്ലാസ്റ്റിക് കുപ്പികളില്‍ കുടിവെള്ളം കൊണ്ടുപോകരുത്. ആവശ്യമെങ്കില്‍ അഞ്ചുലിറ്റര്‍ ക്യാനുകള്‍ ഉപയോഗിക്കാം. ഉത്സവദിവസം വിവിധ സ്ഥലങ്ങളില്‍ ആംബുലന്‍സ് സംവിധാനം ഉള്‍പ്പെടെ ആരോഗ്യവകുപ്പ് സജ്ജമാക്കും. മംഗളാദേവി ക്ഷേത്രപരിസരത്തും കരടിക്കവലയിലുമായി വനംവകുപ്പിന്റെ ആംബുലന്‍സും ലഭിക്കും.കുമളി മുതല്‍ മംഗളാദേവി വരെ വിവിധ പോയിന്റുകളില്‍ കേരള, തമിഴ്‌നാട് പോലീസിന്റെ പരിശോധന ഉണ്ടായിരിക്കും. വനംവകുപ്പിന്റെ പട്രോളിങ് യൂണിറ്റുകളും രംഗത്തുണ്ടാകും.

കുമളിയില്‍നിന്നു ക്ഷേത്രത്തിലേക്കും തിരിച്ചുമുള്ള തീര്‍ഥാടക യാത്രാനിരക്ക് ഒരാള്‍ക്ക് ഒരു വശത്തേക്ക് 150 രൂപയാണ്. ടാക്‌സിനിരക്ക് 2,000 രൂപയും.

ഇടുക്കി ജില്ലയിലെ കുമളിയില്‍ പെരിയാര്‍ കടുവ സംരക്ഷണ കേന്ദ്രത്തിന് 15 കിലോമീറ്റര്‍ ഉള്ളിലായാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ പുരാതനമായ കണ്ണകി ക്ഷേത്രമാണ് ഇത്. വര്‍ഷത്തിലെ ഒരേയൊരു ദിവസം മാത്രമാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളു. ചിത്ര പൗര്‍ണ്ണമി നാളില്‍. കേരളവും തമിഴ്നാടും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന മലയിലാണ് ഈ കണ്ണകീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തര്‍ക്ക പ്രദേശമായതിനാല്‍ തേനി, ഇടുക്കി ജില്ല കളക്ടര്‍മാരുടേയും പോലീസ് മേധാവികളുടേയും സാനിധ്യത്തില്‍ മാത്രമാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം.

കടല്‍നിരപ്പില്‍ നിന്ന് ശരാശരി 1337 മീറ്റര്‍ ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തമിഴ്നാട് സംസ്ഥാനവും ഈ ക്ഷേത്രത്തിന്റെ അവകാശം ഉന്നയിക്കുന്നുണ്ട്. മധുരാപുരി ചുട്ടെരിച്ച ശേഷം കണ്ണകി ഇവിടെ എത്തി എന്നതാണ് ഐതീഹ്യം. കരിങ്കല്ല് ചതുരക്കഷണങ്ങളാക്കി അടുക്കിവയ്ക്കുക മാത്രം ചെയ്യുന്ന പുരാതന ശൈലിയാണിവിടെ നിര്‍മ്മാണത്തിന് സ്വീകരിച്ചിട്ടുള്ളത്. 14 ദിവസത്തിനു ശേഷം കണ്ണകി ഇവിടെ നിന്നു കൊടുങ്ങല്ലൂരിലേക്കു പോയതായും വിശ്വസിക്കുന്നു.
മനുഷ്യവാസമില്ലാത്ത, കൊടുംകാടിനുള്ളിലായുള്ള ഈ ക്ഷേത്രം നാശാവസ്ഥയിലായത് സംബന്ധിച്ച് വിശ്വാസയോഗ്യമായ തെളിവുകളൊന്നുമില്ല. ശ്രീകോവിലിന്റെ ഭാഗങ്ങളും പ്രതിഷ്ഠയുടെ ഭാഗങ്ങള്‍ പോലും തകര്‍ന്ന നിലയിലായതിനാല്‍ പ്രതിഷ്ഠ ഏതെന്നു പോലും കൃത്യമായി അറിയാത്ത നിലയിലായിരുന്നു. നൂറ്റാണ്ടുകളായി ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന ക്ഷേത്രത്തില്‍ 1980-കളില്‍ തമിഴ്നാട്ടുകാര്‍ അവകാശവാദം ഉന്നയിച്ചതോടെ, ഭൂമിശാസ്ത്രപരമായി കേരളത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ വരുന്ന ഇവിടം തര്‍ക്കഭൂമിയായി. പിന്നീട് ചിത്രപൗര്‍ണ്ണമി ദിവസം ക്ഷേത്രങ്ങളില്‍ ഒന്നില്‍ കേരളത്തിലെയും മറ്റൊന്നില്‍ തമിഴ്‌നാട്ടിലെയും പൂജാരിമാര്‍ക്ക് പൂജയ്ക്ക് അനുവാദം നല്‍കാന്‍ തീരുമാനിച്ചു.മംഗളാദേവിയിലെ ചിത്രപൗര്‍ണമി ഉത്സവം പ്രശസ്തമാണ്. ഭക്തരും സഞ്ചാരികളും ഉള്‍പ്പടെ 25,000ത്തോളം ആളുകള്‍ ഈ ഉത്സവത്തിനു എത്തിച്ചേരുന്നു. രാവിലെ 6 മണി മുതല്‍ വൈകിട്ട് 4 മണിവരെ പ്രത്യേക പൂജകള്‍. പെരിയാര്‍ വന്യജീവി സംരക്ഷണകേന്ദ്രത്തിനുള്ളിലൂടെയാണ് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം. സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടുകയില്ല. പ്രത്യേക അനുമതി ലഭിച്ച ടാക്‌സി ജീപ്പുകളിലോ അല്ലെങ്കില്‍ 15 കിലോമീറ്റര്‍ നടന്നോ ഈ ഒരു ദിവസം ഭക്തന്മാര്‍ക്ക് മംഗളാദേവിയില്‍ എത്തിച്ചേരാം. മംഗളാദേവി ഉള്‍പ്പെടുന്ന പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് വനം വകുപ്പിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. കണ്ണകി ട്രസ്റ്റ്, തമിഴ്നാട് – ഗണപതി-ഭഗവതി ക്ഷേത്ര ട്രസ്റ്റ്, കുമളി എന്നിവരാണ് ഉത്സവസംഘാടകര്‍.

LEAVE A REPLY

Please enter your comment!
Please enter your name here