ചെന്നൈ: ബോക്സോഫീസിൽ തരം​ഗം തീർത്ത് റീറിലീസായ വിജയ് ചിത്രം ‘ഗില്ലി’. ആവേശത്തോടെയാണ് വിജയ് ആരാധകർ ചിത്രം ഏറ്റെടുത്തിരിക്കുന്നത്. റി റിലീസിന്റെ ആദ്യദിനം 11 കോടിയോളം രൂപ ചിത്രം നേടിയെന്നാണ് റിപ്പോർട്ടുകൾ. പിന്നീടുള്ള ദിവസങ്ങളിലും ചിത്രം മികച്ച പ്രതികരണം നേടുന്നുണ്ട്.

‘ഗില്ലി’യുടെ റിലീസിൻ്റെ 20-ാം വാർഷികം ആഘോഷിക്കുന്നതിൻ്റെ ഭാ​ഗമായാണ് റീറിലീസ്. തമിഴ്നാടിന് പുറമെ കേരളത്തിലും ചിത്രം റീറിലീസ് ചെയ്തു. യുകെ, ഫ്രാൻസ്, അയർലണ്ട് എന്നിവിടങ്ങളിലും റിലീസുണ്ടായിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പ് പ്രമാണിച്ച് വലിയ റിലീസുകൾ ഇല്ലാത്തതും ​’ഗില്ലി’ക്ക് ​ഗുണമായി.

കബഡി താരം വേലുവായി വിജയ് എത്തിയ ചിത്രത്തിൽ തൃഷയാണ് ​നായിക കഥാപാത്രമായ ധനലക്ഷ്മിയെ അവതരിപ്പിച്ചത്. മുത്തുപാണ്ഡിയെന്ന വില്ലനായാണ് പ്രകാശ് രാജ് ചിത്രത്തിലെത്തിയത്. ആശിഷ് വിദ്യാർഥി, നാ​ഗേന്ദ്ര പ്രസാദ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. റിപ്പോർട്ടുകൾ പ്രകാരം 2004-ല്‍ എട്ട് കോടി രൂപയ്ക്ക് ഒരുക്കിയ ​ഗില്ലി 50 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. നാല് കോടി രൂപയായിരുന്നു വിജയ് ചിത്രത്തിനായി വാങ്ങിയ പ്രതിഫലം.

LEAVE A REPLY

Please enter your comment!
Please enter your name here