കാസർഗോഡ്: ജനാധിപത്യത്തിന് കരുത്തുപകരാൻ 111ാംവയസ്സിലും വോട്ട് ചെയ്ത് കാസർഗോഡ് വെള്ളിക്കോത്തെ കുപ്പച്ചി അമ്മ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരമുള്ള
വീട്ടിലെ വോട്ടിന് ഇതോടെ കാസർഗോഡ് ലോക്സഭാ മണ്ഡലത്തിൽ തുടക്കമായി. കാസർഗോഡ് ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടറാണ് കാഞ്ഞങ്ങാട് വെള്ളിക്കോത്തെ
സി കുപ്പച്ചി. സംസ്ഥാനത്തെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തിയിട്ടുള്ള കുപ്പച്ചി പിന്നീട് വോട്ട് ചെയ്യാനുള്ള ഒരവസരവും പാഴാക്കിയിട്ടില്ല.

കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിലെ പാര്‍ട്ട് 20ലെ 486ാം സീരിയല്‍ നമ്പര്‍ വോട്ടറാണ് കുപ്പച്ചി. പോളിംഗ് ഉദ്യോഗസ്ഥർ വെള്ളിക്കോത്ത് അടാട്ട് കൂലോത്തു വളപ്പിലെ കുപ്പച്ചിയുടെ വീട്ടിലെത്തിയാണ് വോട്ട് രേഖപ്പെടുത്താൻ സൗകര്യമൊരുക്കിയത്. ലോക്‌സഭാ മണ്ഡലം വരണാധികാരിയും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുമായ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖറിന്റെ സാന്നിധ്യത്തിലായിരുന്നു വോട്ടിംഗ് നടപടികൾ.

ഒന്നാം പോളിംഗ് ഉദ്യോഗസ്ഥന്‍ കൃഷ്ണനായിക് പേരു വിളിച്ചു. തിരിച്ചറിയല്‍ രേഖ പരിശോധിച്ചു. രണ്ടാം പോളിംഗ് ഉദ്യോഗസ്ഥന്‍ സുബിന്‍ രാജ് ചൂണ്ടുവിരലില്‍ മഷിപുരട്ടി. പിന്നെ കുപ്പച്ചിയമ്മ വിരലടയാളം രേഖപ്പെടുത്തി. വീട്ടില്‍ സജ്ജമാക്കിയ താത്കാലിക വോട്ടിംഗ് കമ്പാര്‍ട്ട്‌മെന്റില്‍ വോട്ട് രേഖപ്പെടുത്തി. മകന്റെ മകള്‍ ബേബിയുടെ സഹായത്തോടെയാണ് ഇത്തവണ കുപ്പച്ചി വോട്ട് ചെയ്തത്. വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പര്‍ ഇട്ട കവര്‍ ഒട്ടിച്ച ശേഷം കവര്‍ മെറ്റല്‍ ഡ്രോപ്പ് ബോക്‌സില്‍ നിക്ഷേപിച്ചു.

വോട്ടെടുപ്പ് നടപടികള്‍ നിരീക്ഷിച്ച ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ കുപ്പച്ചിയമ്മയെ ആശംസയറിയിച്ച് പൂച്ചെണ്ട് നല്‍കി. കളക്ടറെ തിരിച്ചറിഞ്ഞപ്പോള്‍ കുപ്പച്ചിയമ്മ സന്തോഷം പങ്കിട്ടു. വീട്ടിലെ വോട്ടിന് സാക്ഷിയാകാന്‍ രാഷ്ട്രീയ കക്ഷി പ്രതിനിധികളും അയല്‍വാസികളും എത്തിയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here