ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തില്‍ 22ന് നടക്കുന്ന പ്രതിഷ്ഠാചടങ്ങില്‍ 55 രാജ്യങ്ങളില്‍നിന്നുള്ള നൂറോളം പ്രതിനിധികള്‍ പങ്കെടുക്കും.

വിവിധ വിദേശരാജ്യങ്ങളിലെ അംബാസഡര്‍മാരും എംപിമാരുമായ നൂറോളം പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് വിശ്വഹിന്ദു ഫൗണ്ടേഷൻ സ്ഥാപകൻ സ്വാമി വിജ്ഞാനന്ദ് പറഞ്ഞു.

രാം ലല്ലയുടെ ആചാരപരമായ പ്രതിഷ്ഠയ്ക്കു സാക്ഷ്യം വഹിക്കാൻ അയോധ്യ ഒരുങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക ഭൂഖണ്ഡത്തിലെ രാജ്യങ്ങളുടെ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും. ഇവര്‍ 21ന് ലക്നോവിലെത്തി അയോധ്യയിലേക്ക് പുറപ്പെടുമെന്നും വിഎച്ച്‌പി ജോയിന്‍റ് ജനറല്‍ സെക്രട്ടറി അറിയിച്ചു.

ഇതിനിടെ, അയോധ്യയിലെത്തുന്ന വിവിഐപികളെ ക്ഷേത്രത്തിലേക്ക് എത്തിക്കുന്നതിനുള്ള 100 ഇലക്‌ട്രിക് ബസുകളുടെ ഫ്ളാഗ് ഓഫ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് നിര്‍വഹിച്ചു. സിഎൻജി ഒാട്ടോ, ടെംബോ ടാക്സി സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അയോധ്യാ നഗരം ശുചീകരിക്കുന്ന പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ട്. മഹത്തായ ചടങ്ങ് നടക്കുന്ന നഗരത്തെക്കുറിച്ച്‌ നല്ല പ്രതിച്ഛായ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അയോധ്യയിലെ പ്രധാന പാതകളായ രാം പഥം, ധര്‍മ പഥം, ഭക്തി പഥം, ജന്മഭൂമി പഥം എന്നിവ വൃത്തിയാക്കുന്ന ജോലികള്‍ നടന്നു വരുന്നു. രാമക്ഷേത്രത്തിനു ചുറ്റുമുള്ള അഞ്ചു കിലോമീറ്റര്‍ പ്രദേശത്തെ ആകാശം ശൂന്യമാണ്. ഇലക്‌ട്രിക്ക്, ടെലിഫോണ്‍ കേബിളുകള്‍ ഭൂഗര്‍ഭസംവിധാനത്തിലൂടെയാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.
2021ല്‍ 190 കോടി രൂപ മുടക്കിയാണ് പദ്ധതി ആരംഭിച്ചത്. കിലോമീറ്ററുകള്‍ അകലെനിന്ന് രാമക്ഷേത്രത്തിന്‍റെ പൂര്‍ണരൂപം ദൃശ്യമാക്കുന്നതിനാണ് ഇത്തരത്തില്‍ സജ്ജീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാചടങ്ങ് നടക്കുക.

പണി പൂര്‍ത്തിയാകാത്ത ക്ഷേത്രത്തില്‍ പ്രതിഷ്ഠാചടങ്ങ് നടത്തുന്നതിനെതിരേ നാല് ശങ്കരാചാര്യ മഠാധിപതിമാരും രാമജന്മഭൂമികേസിലെ കക്ഷികളില്‍ ഒന്നുമായ നിര്‍മോഹി അഖാരയും രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ, രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും കുടുംബത്തോടൊപ്പം മറ്റൊരു ദിവസം ക്ഷേത്രം സന്ദര്‍ശിക്കുമെന്നും സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു.

രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന് നിര്‍ണായക പങ്ക് നല്‍കണമെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here