നിലമ്പൂർ∙ തിരുവനന്തപുര‌ത്തേക്കുള്ള രാജ്യറാണി എക്സ്പ്രസിൽ വാതിൽപ്പടിയിൽ ഇരുന്ന് യാത്ര ചെയ്യവെ പ്ലാറ്റ്ഫോമിൽ ഇടിച്ച് രണ്ടു വിദ്യാർഥികളുടെ കാലുകൾക്ക് ഗുരുതര പരുക്ക്. കംപാർട്ട്മെന്റിൽ ഉണ്ടായിരുന്ന വടപുറം സ്വദേശി ബംഗ്ലാവ് പറമ്പിൽ നജ്മുദ്ദീൻ ബാബു ഇരുവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അകമ്പാടം ചാലിയാറിലെ പ്ലസ് ടു, പത്താം ക്ലാസ് വിദ്യാർഥികൾക്കാണ് പരുക്കേറ്റത്.തിരുവനന്തപുരത്തേക്ക് ഉല്ലാസയാത്ര പോകവേ വൈക്കത്തിനു സമീപം ഇന്നലെ പുലർച്ചെ ഒന്നിനാണ് അപകടമുണ്ടായത്. ജനറൽ കംപാർട്ട്മെന്റിൽ സീറ്റ് കിട്ടാത്തതിനാൽ ഇരുവരും വാതിലിനു സമീപം പുറത്തേക്ക് കാലുകളിട്ട് ഇരിക്കുകയായിരുന്നു. നിലവിളിയും യാത്രക്കാരുടെ ബഹളവും കേട്ട് നജ്മുദ്ദീൻ ചെന്ന് നോക്കിയപ്പോൾ ഇരുവരും കംപാർട്ട്മെന്റിൽ നിലത്തു വീണുകിടക്കുന്നതാണ് കണ്ടത്. പാദങ്ങളിൽനിന്ന് രക്തം വാർന്നൊഴുകുന്നുണ്ടായിരുന്നു.  

നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ ഇരുവരെയും കണ്ടിരുന്ന നജ്മുദ്ദീൻ, അപകടത്തിൽപ്പെട്ടത് നാട്ടുകാരാണെന്ന് മനസ്സിലാക്കി. അതിനിടെ ആരോ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. മുണ്ട് ഉപയോഗിച്ച് നജ്മുദ്ദീൻ മുറിവുകൾ കെട്ടി. ട്രെയിൻ വൈക്കത്തെത്തിയപ്പോൾ ഇരുവരെയും അവിടെ ഇറക്കി ആംബുലൻസിൽ കോട്ടയത്തെത്തിച്ചു. രണ്ടു പേർക്കും ഇടതു കാലിനാണ് കൂടുതൽ പരുക്ക്. മുറിവുകളും എല്ലിന് പൊട്ടലുമുണ്ട്. ആർപിഎഫ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി മൊഴിയെടുത്തു. തിരുവനന്തപുരത്ത് ഷെഫാണ് നജ്മുദ്ദീൻ. ഉച്ചയാേടെ ബന്ധുക്കൾ ആശുപത്രിയിൽ എത്തി ക്രമീകരണങ്ങൾ ഉറപ്പാക്കിയ ശേഷമാണ് ജോലിസ്ഥലത്തേക്ക് പോയത്.

LEAVE A REPLY

Please enter your comment!
Please enter your name here