കൊച്ചി: പുലയസമുദായത്തിൽപ്പെട്ട മാതാവിനും ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ട പിതാവിനും പിറന്ന പെൺകുട്ടിക്ക് വിദ്യാഭ്യാസ ആവശ്യത്തിന് പുലയസമുദായാംഗം ആണെന്ന സർട്ടിഫിക്കറ്റ് അനുവദിക്കാൻ വൈക്കം തഹസിൽദാർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. മറ്റെല്ലാ ഘടകങ്ങളും അനുകൂലമാണെന്നിരിക്കെ ഒരു മാസത്തിനകം സർട്ടിഫിക്കറ്റ് നൽകണമെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.വ്യത്യസ്ത സമുദായങ്ങളിലുള്ളവരാണെങ്കിലും ജീവിതസാഹചര്യംകൂടി കണക്കിലെടുക്കണമെന്ന് കോടതി നിരീക്ഷിച്ചു. സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥ അനുഭവിച്ചാണ് കുട്ടി വളർന്നതെന്ന അമിക്കസ്‌ക്യൂറിയുടെ റിപ്പോർട്ടുകൂടി കണക്കിലെടുത്താണിത്. ഹിന്ദു ആചാരപ്രകാരം വിവാഹിതരായ ദമ്പതികൾ അതേരീതിയിലാണ് ജീവിക്കുന്നതെന്ന് വില്ലേജ് ഓഫീസർ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് അമിക്കസ്‌ക്യൂറി വ്യക്തമാക്കി.റവന്യു സെക്രട്ടറിയടക്കമുള്ളവരെ എതിർകക്ഷികളാക്കി കോട്ടയം ജില്ലയിലെ കുറുപ്പന്തറ സ്വദേശിനിയാണ് ഹർജി നൽകിയത്. ഭർത്താവ് ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യാത്തത് കണക്കിലെടുത്താണ് സർട്ടിഫിക്കറ്റ് നൽകാതിരുന്നത്. വ്യത്യസ്ത സമുദായങ്ങളിലുള്ളവരെന്ന് വിലയിരുത്തി ആർ.ഡി.ഒയും അപേക്ഷ നിരസിക്കുകയായിരുന്നു.പുലയസമുദായത്തിൽപ്പെട്ട കുട്ടിക്ക് വിദ്യാഭ്യാസ ആവശ്യത്തിനാണ് അപേക്ഷ നൽകിയതെന്നും നേരത്തേ ഈ സർട്ടിഫിക്കറ്റ് അനുവദിച്ചിട്ടുണ്ടെന്നും ഹർജിയിൽ ബോധിപ്പിച്ചു. ഭർത്താവ് കിടപ്പുരോഗിയായതിനാൽ കുടുംബം സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ്. വില്ലേജ് ഓഫീസർ അനുകൂലറിപ്പോർട്ട് നൽകിയിട്ടും തഹസിൽദാർ സർട്ടിഫിക്കറ്റ് നിഷേധിച്ചു. പട്ടികവിഭാഗക്കാരെ വിവാഹം കഴിച്ച മറ്റ് മതസ്ഥർ മതംമാറാത്തപക്ഷം പട്ടികജാതി സർട്ടിഫിക്കറ്റ് ലഭിക്കില്ലെന്ന സർക്കാർ ഉത്തരവുകളൊന്നും നിലവിലില്ലെന്നും ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here