വയനാട്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സിറ്റിംഗ് മണ്ഡലമായ വയനാട് സീറ്റ് ബിഡിജെഎസില്‍ നിന്ന് ഏറ്റെടുത്ത് ബിജെപി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മണ്ഡലത്തില്‍ മത്സരിക്കും. ആനി രാജയാണ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫ് യുഡിഎഫ് പോരാട്ടമെന്ന് കരുതിയ മണ്ഡലത്തില്‍ കെ സുരേന്ദ്രനെ രംഗത്തിറക്കാന്‍ ബിജെപി തീരുമാനിച്ചതോടെ അപ്രതീക്ഷിതമായി ത്രികോണ മത്സരത്തിലേക്ക് പോകുകയാണ് വയനാട്.സംസ്ഥാനത്തെ നേരത്തെ പ്രഖ്യാപിക്കാതിരുന്ന മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളേയും ബിജെപി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലത്ത് പ്രേമചന്ദ്രനും എം മുകേഷിനുമെതിരെ മത്സരിക്കാന്‍ നടന്‍ ജി കൃഷ്ണകുമാറിനെയാണ് രംഗത്തിറക്കുന്നത്. നേരത്തെ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലേക്കും കൃഷ്ണകുമാറിനെ പരിഗണിച്ചിരുന്നുവെങ്കിലും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇവിടെ മത്സരിക്കുന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് കൃഷ്ണകുമാര്‍ മത്സരിച്ചിരുന്നു.രണ്ട് സിനിമാ നടന്‍മാര്‍ മത്സരിക്കുന്നുവെന്ന പ്രത്യേകതയും കൊല്ലത്തിന് കൈവന്നിരിക്കുകയാണ്. കൃഷ്ണകുമാറിന്റെ വരവോടെ കൊല്ലത്തും ത്രികോണ മത്സരത്തിന് കളമൊരുങ്ങിക്കഴിഞ്ഞു. എറണാകുളത്ത് മുന്‍ പി.എസ്.സി ചെയര്‍മാന്‍ കെ.എസ് രാധാകൃഷ്ണന്‍ മത്സരത്തിനിറങ്ങും. ആലത്തൂരില്‍ ടി.എന്‍ സരസുവാണ് ബിജെപി സ്ഥാനാര്‍ത്ഥി. വയനാട് മണ്ഡലത്തില്‍ കഴിഞ്ഞ തവണ തുഷാര്‍ വെള്ളാപ്പള്ളിയാണ് എന്‍ഡിഎക്ക് വേണ്ടി മത്സരിച്ചത്.കെ സുരേന്ദ്രനും ആനി രാജയും എതിരാളികളായി വരുമ്പോള്‍ രാഹുല്‍ ഗാന്ധിക്ക് 2019ലേത് പോലെ കാര്യങ്ങള്‍ എളുപ്പമാകില്ലെന്ന് വേണം കരുതാന്‍. 2019ല്‍ സിപിഐയുടെ പിപി സുനീറിനെ 4,41,770 വോട്ടുകള്‍ക്കാണ് രാഹുല്‍ പരാജയപ്പെടുത്തിയത്. യുഡിഎഫിന് 7,06,367 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 2,74,597 വോട്ടുകളും എന്‍ഡിഎക്ക് 78,816 വോട്ടുകളുമാണ് ലഭിച്ചത്. എന്നാല്‍ കെ സുരേന്ദ്രനെ മത്സരരംഗത്ത് കൊണ്ടുവന്നതിലൂടെ ശക്തമായ സാന്നിദ്ധ്യമായി മാറാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

LEAVE A REPLY

Please enter your comment!
Please enter your name here