സുൽത്താൻ ബത്തേരി: വയനാട് പാർലിമെന്റ് മണ്ഡലത്തിലെ സുൽത്താൻബത്തേരി നിയോജക  മണ്ഡലത്തിൽ അസംപ്ഷൻ സ്കൂളിൽ ഒരുക്കിയ മാതൃകാ പോളിങ് സ്റ്റേഷൻ സമ്മതിദായകർക്ക് പ്രകൃതി സൗഹൃദ അന്തരീക്ഷം ഒരുക്കി. മാതൃകാ ബൂത്തിലെത്തി വോട്ട് ചെയ്യുന്നവർക്ക് വിവിധ പഴങ്ങൾ കഴിച്ച് സെൽഫിയെടുത്ത് മടങ്ങാം. പ്ലാസ്റ്റിക്കിനോട് നോ പറഞ്ഞ് ഒരുക്കിയ മാതൃകാ പോളിങ് സ്റ്റേഷൻ ജില്ലാ കളക്ടർ ഡോ. രേണുരാജ് സന്ദർശിച്ചു. ജില്ലാ ഭരണകൂടം – ശുചിത്വമിഷൻ – തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മാതൃകാ പോളിങ് ബൂത്ത് ഓല, കുരുത്തോല, മുള, തുണി, പേപ്പർ തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കളാലാണ് അലങ്കരിച്ചത്. പ്ലാസ്റ്റിക്ക്, പേപ്പർ എന്നിവ നിക്ഷേപിക്കാൻ പ്രത്യേക ബിന്നുകൾ, കുടിവെള്ള സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്.പൂർണ്ണമായും ഹരിതചട്ടം പാലിച്ച് തയ്യാറാക്കിയ മാതൃകാ പോളിങ് സ്റ്റേഷൻ കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിലാണ് സജ്ജീകരിച്ചത്. സമ്മതിദായകരെ സഹായിക്കാൻ കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലർമാർ, ജെൻഡർ റിസോഴ്സ് പേഴ്സൺമാർ എന്നിവരെയും നിയോഗിച്ചു. അംഗപരിമിതര്‍ക്ക് വീല്‍ചെയര്‍, റാമ്പ്, പ്രത്യേക വാഹന സൗകര്യങ്ങളും ലഭ്യമാക്കി. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ശുചിമുറികളും സജ്ജീകരിച്ചു. ജില്ലയിലെ എല്ലാ വില്ലേജുകളിലും ഓരോ മാതൃകാ പോളിങ് സ്റ്റേഷനുകള്‍ എന്ന രീതിയിൽ ആകെ 49 ബൂത്തുകളാണ് ഒരുക്കിയത്.മാതൃക പോലീസ് സ്റ്റേഷൻ എന്നതുപോലെ അക്ഷയ സംരംഭകർക്ക് മാതൃകയായി അക്ഷയ കുടുംബം ഈ വെബ്കാസ്റ്റിങ്ങിലും പങ്കെടുത്തു.വെബ്‌കാസ്റ്റിംഗ്  പാർലമെൻററി കോഡിനേറ്ററായി അച്ഛനും, ബ്ലോക്ക് കാർഡിനേറ്ററായി അമ്മയും, ഓപ്പറേറ്ററായി മകളും പങ്കെടുത്തു.വയനാട്ടിലെ ബീനാച്ചി ,അസംപ്ഷൻ അക്ഷയ ,കേന്ദ്രങ്ങളിലെ സംരംഭകരായ സോണി ആസാദ് ,ഭാര്യ സരസ്വതി ആസാദ് ,ബിഫാം വിദ്യാർത്ഥിനിയായ മകൾ സാന്ദ്ര കെ ആസാദ് എന്നിവരാണ് ജനാധിപത്യ പ്രക്രിയയുടെ സുപ്രധാന  ചുവടായ വെബ്‌കാസ്റ്റിംഗ് ജോലികൾ നിവഹിക്കാനായി നിയോഗിക്കപ്പെട്ടത് .

LEAVE A REPLY

Please enter your comment!
Please enter your name here