കോട്ടയം: കനത്ത ചൂടിനു ശമനമൊരുക്കാൻ ശീതളപാനീയങ്ങളും കുടിവെളളവുമൊരുക്കി ബൂത്തുകൾ, മാതാപിതാക്കൾക്കൊപ്പം വരുന്ന കുഞ്ഞുകുട്ടികൾക്ക് കളിച്ചുല്ലസിക്കാൻ ക്രഷുകൾ, മുലയൂട്ടൽ മുറികൾ, വിശ്രമിക്കാൻ കാത്തിരിപ്പുമുറികൾ, പ്രായമായവരെയും ശാരീരിക വെല്ലുവിളി നേരിടുന്നവരെയും സഹായിക്കാൻ വോളണ്ടിയേഴ്‌സ്, ബൂത്തുനമ്പരടക്കം പറഞ്ഞു സഹായിക്കാൻ സ്റ്റുഡന്റ്‌സ് പോലീസ് അടക്കമുള്ളവർ…. പൊതുതെരഞ്ഞെടുപ്പിനെ ജനാധിപത്യത്തിന്റെ ഉത്സവമാക്കാൻ തെരഞ്ഞടുപ്പു വിഭാഗവും ജില്ലാ ഭരണകൂടവും ഒരുക്കിയത് വിപുലമായ സന്നാഹങ്ങൾ. കാലാവസ്ഥ ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും രാവിലെ മുതൽ ജില്ലയിലെ പോളിങ് സ്‌റ്റേഷനുകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മോക് പോൾ നടപടികൾക്കു ശേഷം ജില്ലയിൽ ഏഴുമണിക്ക് പോളിങ് ആരംഭിച്ചപ്പോൾ തന്നെ ക്യൂ പ്രത്യക്ഷമായിരുന്നു. എങ്കിലും വോട്ടർമാരുടെ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങൾ എല്ലാ ബൂത്തുകളിലും സജ്ജമായിരുന്നു. പോളിങ് ബൂത്തുകൾ എല്ലാം കെട്ടിടങ്ങളുടെ താഴത്തെ നിലയിലായിരുന്നു. കൈവരിയോടു കൂടിയ റാംപ് സംവിധാനങ്ങളും ഒരുക്കിയിരുന്നു. ഭിന്നശേഷിക്കാരായ വോട്ടർമാർക്ക് ആവശ്യപ്രകാരം വീൽചെയറുകളും ലഭ്യമാക്കിയിരുന്നു. എല്ലാ ബൂത്തുകളിലും കുടിവെള്ളം ലഭ്യമാക്കിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിനുവേണ്ടി ചിത്രകാരിയായ ശിൽപ അതുൽ ഒരുക്കിയ ദിശാബോർഡുകളും ബൂത്തുകളെ ആകർഷങ്ങളാക്കി. തെരഞ്ഞെടുപ്പു ബോധവൽക്കരണവിഭാഗമായ സ്വീപിന്റെ നേതൃത്വത്തിൽ സ്‌കൂൾ കുട്ടികൾക്കായി നടത്തിയ പോസ്റ്റർ രചനയിലെ മികച്ച സൃഷ്ടികളും ചില ബൂത്തുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു.  

LEAVE A REPLY

Please enter your comment!
Please enter your name here