തിരുവനന്തപുരം : സ്ഥലപരിമിതി കാരണം കെ.എസ്.ആര്‍.ടി.സി. ഡ്രൈവിങ് സ്‌കൂളുകളുടെ എണ്ണം പതിനൊന്നായി ചുരുക്കി. 22 സ്‌കൂളുകള്‍ തുടങ്ങാനാണ് മാര്‍ച്ച് മാസം തീരുമാനിച്ചിരുന്നത്. കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡപ്രകാരം ട്രാക്ക് ഒരുക്കാന്‍ കുറഞ്ഞത് 13 സെന്റ് സ്ഥലമെങ്കിലുംവേണം. ആദ്യപട്ടികയില്‍ ഉള്‍പ്പെട്ടവയില്‍ പകുതിസ്ഥലങ്ങള്‍ക്കും അവശ്യമായ സൗകര്യമില്ലെന്നാണ് വിലയിരുത്തല്‍. സാമ്പത്തികപ്രതിസന്ധിയും തടസ്സമായി.

ഹെവിഡ്രൈവിങ് പരിശീലനത്തിന് 11 ബസുകളില്‍ മാറ്റംവരുത്തി ഇരട്ടക്ലച്ചും ബ്രേക്കും സജ്ജീകരിച്ചിട്ടുണ്ട്. പരിശീലനത്തിനുള്ള ഇരുചക്ര, നാലുചക്രവാഹനങ്ങള്‍ വാങ്ങുന്നതില്‍ മെല്ലെപ്പോക്കാണ്. പദ്ധതി പ്രഖ്യാപിച്ച് രണ്ടുമാസം കഴിഞ്ഞിട്ടും ടെന്‍ഡര്‍ വിളിച്ചിട്ടില്ല. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ച് ഡ്രൈവിങ് സ്‌കൂളുകാര്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കെ.എസ്.ആര്‍.ടി.സി.യോട് ഡ്രൈവിങ് സ്‌കൂളുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്.

അട്ടക്കുളങ്ങര സ്റ്റാഫ് ട്രെയിനിങ് കോളേജിന് ഡ്രൈവിങ് സ്‌കൂള്‍ ലൈസന്‍സുണ്ട്. മറ്റുസ്ഥലങ്ങളില്‍ അടിസ്ഥാന സൗകര്യമൊരുക്കിയാല്‍ മാത്രമേ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയൂ. പദ്ധതിയിലെ ആദ്യഡ്രൈവിങ് സ്‌കൂള്‍ തിരുവനന്തപുരം ഈഞ്ചയ്ക്കലിലാകും തുടങ്ങുക. ഇവിടെ സ്ഥലമൊരുക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. പാറശാല, ആറ്റിങ്ങല്‍, ചടയമംഗലം, ചാത്തന്നൂര്‍, എടപ്പാള്‍, മാവേലിക്കര എന്നിവയാണ് പട്ടികയിലുള്ള മറ്റുസ്ഥലങ്ങള്‍.ഡ്രൈവിങ് സ്‌കൂളുകാരെ വെല്ലുവിളിച്ച് ആരംഭിക്കുന്ന പുതിയ സംവിധാനം കെ.എസ്.ആര്‍.ടി.സി.ക്ക് ഭാരമാകരുതെന്ന നിര്‍ദേശം തൊഴിലാളിസംഘടനകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഡ്രൈവിങ് സ്‌കൂളുകളുടെ വിജയസാധ്യതയെക്കുറിച്ച് ഗതാഗതവകുപ്പോ, കെ.എസ്.ആര്‍.ടി.സി.യോ പഠനം നടത്തിയിട്ടില്ല. ആവശ്യത്തിന് പഠിതാക്കളെ കിട്ടിയില്ലെങ്കില്‍ നഷ്ടത്തിലാകും. സി.എന്‍.ജി. ബസുകള്‍ വാങ്ങിച്ചതും സ്‌കാനിയ ബസുകള്‍ വാടകയ്ക്ക് എടുത്തതും ഉള്‍പ്പെടെ സര്‍ക്കാര്‍ നിര്‍ദേശിച്ച ഒട്ടേറെ പരീക്ഷണങ്ങള്‍ കെ.എസ്.ആര്‍.ടി.സി.ക്ക് തിരിച്ചടിയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here