ഭൂമിയെ ലക്ഷ്യമിട്ട് ശക്തമായ രണ്ട് കാന്തികപ്രവാഹങ്ങൾ എത്തുമെന്ന് മുന്നറിയിപ്പ്. മെയ് മൂന്ന്, നാല് തീയ്യതികളിലായി സൂര്യനിലുണ്ടായ ശക്തമായ എക്‌സ് 1.6 ക്ലാസ് സൗരജ്വാലയാണ് ഇതിന് വഴിവെച്ചത്. ഈ കാന്തികപ്രഭാവം ഭൂമിയുടെ കാന്തികമണ്ഡത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഭൂമിയിലെ റേഡിയോ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളെ അത് ബാധിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.എആര്‍3663 എന്ന സണ്‍സ്‌പോട്ടിലാണ് സൗരജ്വാല രൂപപ്പെട്ടത്. ഭൂമിയേക്കാള്‍ പത്തിരട്ടി വലിപ്പമുള്ളതാണ് ഇത്. ശക്തമായ വിസ്‌ഫോടനങ്ങളാണ് ഇവിടെ നടക്കുന്നത്. നാസയുടെ സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററി ഇതിന്റെ ദൃശ്യം പകര്‍ത്തിയിട്ടുണ്ട്. ഭൂമിയ്ക്ക് അഭിമുഖമായിരിക്കുന്ന ഈ സണ്‍സ്‌പോട്ടില്‍ നിന്നുവരുന്ന കാന്തിക പ്രവാഹം നേരിട്ട് ഭൂമിയെ ലക്ഷ്യമാക്കിയെത്തും.

മേയ് മൂന്നിനാണ് എക്‌സ് 1.6 ക്ലാസ് എആര്‍3663 ല്‍ സൗരജ്വാല സൃഷ്ടിക്കപ്പെട്ടത്. മേയ് നാലിന് എം9.1 ക്ലാസ് സൗരജ്വാലയുമുണ്ടായി. ഇവയുടെ ഫലമായുണ്ടായ രണ്ട് കാന്തിക പ്രവാഹങ്ങളാണ് വരും ദിവസങ്ങളില്‍ ഭൂമിയിലെത്തുക. സൗരവാതം ഭൂമിയുടെ കാന്തിക മണ്ഡലത്തിലേക്ക് പ്രവേശിക്കുന്നത് ഭൂമിയിലെ ഊര്‍ജ്ജ ശൃംഖലയേയും, ടെലികമ്മ്യൂണിക്കേഷന്‍ നെറ്റ് വര്‍ക്കുകളേയും, ഉപഗ്രഹങ്ങളുടെ വിവര വിനിമയ പ്രവര്‍ത്തനങ്ങളേയും ബാധിച്ചേക്കാം. വലിയ തോതിലുള്ള ധ്രുവദീപ്തി (അറോറ) ക്കും കാന്തികപ്രവാഹം കാരണമാകും.മാര്‍ച്ചില്‍ ഡബിള്‍ എക്‌സ് ക്ലാസ് സൗരജ്വാല സൂര്യനിലുണ്ടായതിനെ തുടര്‍ന്നുള്ള ശക്തമായ കാന്തിക പ്രവാഹം ഭൂമിയെ ലക്ഷ്യമിട്ടെത്തിയിരുന്നു. ഏറ്റവും ശക്തമായ സൗരജ്വാലകളെ എക്‌സ് ക്ലാസിലാണ് ഉള്‍പ്പെടുത്തുക. ഇതിനേക്കാള്‍ പത്തിരട്ടി ശക്തികുറഞ്ഞ ജ്വാലകളെ എം ക്ലാസിലും തൊട്ടുതാഴെുള്ളവ യഥാക്രമം സി ക്ലാസിലും ബി ക്ലാസിലും ഉള്‍പ്പെടുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here