തിരുവനന്തപുരം: ഫ്രാൻസിലെ വെസോളിൽ നടക്കുന്ന 30ആമത് വെസോൾ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് വേട്ടപ്പട്ടികളും ഓട്ടക്കാരും ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. ഏഷ്യൻ സിനിമകളുടെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച വേദികളിൽ ഒന്നാണ് വെസോൾ ചലച്ചിത്രമേള. ഫെബ്രുവരി 6 മുതൽ 13 വരെ ഫ്രാൻസിലെ വെസോളിൽ ആണ് മേള നടക്കുന്നത്.
കഴിഞ്ഞ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച സംവിധാനത്തിനുള്ള സ്പെഷ്യൽ ജൂറി പരാമർശം വേട്ടപ്പട്ടികളും ഓട്ടക്കാരും എന്ന ഈ ചിത്രത്തിലൂടെ ഇതിന്റെ സംവിധായകൻ രാരിഷിനു ലഭിച്ചു. ഇതിനോടകം 8 രാജ്യങ്ങളിലെ 20 അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 2022 ലെ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മലയാളം സിനിമ ഇന്ന് വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രം മികച്ച പ്രേക്ഷക അഭിപ്രായം നേടിയിരുന്നു. കേരള ഫിലിം ക്രിട്ടിക്സ് അവാർഡിൽ മികച്ച രണ്ടാമത്തെ ചിത്രമായും ഈ സിനിമ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഒരു പെൺകുട്ടി തന്റെ കന്യകാത്വം വിൽക്കാൻ ഫേസ്ബുക്കിൽ പോസ്റ്റ് ഇടുന്നതും അതിനെ തുടർന്ന് കേരള സമൂഹത്തിൽ ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. മറ്റുള്ളവരുടെ സ്വകാര്യതകളിലേക്ക് ഒളിഞ്ഞു നോക്കാനുള്ള മലയാളിയുടെ വെമ്പലിനെ ആക്ഷേപഹാസ്യ രീതിയിൽ അവതരിപ്പിച്ച ചിത്രം പൂർണ്ണമായും ഒരു പരീക്ഷണ ചിത്രമാണ്. നൂറോളം കഥാപാത്രങ്ങൾ, അവരിലൂടെ സമൂഹത്തിലേക്ക് തിരിച്ചുവച്ച ഒരു കണ്ണാടിയാണ് ഈ സിനിമ. സമൂഹത്തിന്റെ പരിച്ഛേദങ്ങളാണ് ആ കണ്ണാടിയിൽ പ്രതിഫലിക്കുന്നതൊക്കെയും. പൂർണ്ണമായും മോക്യൂമെന്ററി രീതിയിലാണ് ഈ ചിത്രം കഥ പറയുന്നത്.
ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും നിർമ്മാണവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് രാരിഷ് ആണ്. ആതിര ഹരികുമാർ പ്രധാന വേഷം ചെയ്തിരിക്കുന്നു. ആദിത്, ടി. ടി. ഉഷ, ആറ്റുകാൽ തമ്പി, ആലപ്പി പൊന്നപ്പൻ, കെ.കെ. മേനോൻ, എബ്രഹാം മാത്യു, കണ്ണൻ നായർ, ഈഷാ രേഷു, മാത്യു മെറിൻ, ഡോ. ലക്ഷ്മി രാജേഷ്, ഷാജി ജോൺ, ഹരിദാസ്. യു, അനിൽ അമ്പാടി, അശ്വതി സുദർശന, ഡോ. അജയൻ പനയറ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here