രാമേശ്വരം: രാമനാഥപുരം മണ്ഡപം മുതൽ രാമേശ്വരം വരെ കടലിന് മീതേ നിർമ്മിക്കുന്ന ഇന്ത്യയിലെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽ പാലം യാഥാർത്ഥ്യമാകുന്നു. ധനുഷ്‌കോടിയെ പ്രേതനഗരമാക്കുകയും 115 യാത്രക്കാരുള്ള ഒരു ട്രെയിൻ കടൽ വിഴുങ്ങുകയും ചെയ്‌ത 1964ലെ ചുഴലിക്കൊടുങ്കാറ്റിന്റെ കെടുതികളുടെ സ്മാരകമായ പാമ്പൻ പാലത്തിന് പകരമാണിത്. 110 വർഷം പഴക്കമുള്ള നിലവിലെ പാലം സുരക്ഷാ കാരണങ്ങളാൽ 2022 ഡിസംബർ 23ന് അടച്ചിരുന്നു.

2.08 കിലോമീറ്ററുള്ള പുതിയ പാലം ജൂൺ 30നു മുമ്പ് പൂർത്തിയാകും. 535 കോടി രൂപയാണ് നിർമാണച്ചെലവ്. ഇതോടെ രാമേശ്വരം, ധനുഷ്‌കോടി യാത്ര കൂടുതൽ സുഗമമാകും. പാലത്തിന്റെ 2.65 ഡിഗ്രി വളഞ്ഞ വിന്യാസമാണ് പ്രധാന സവിശേഷത. ലിഫ്റ്റ് സ്പാനിന്റെ ഫിക്സിംഗ് പോയിന്റ് നി‌ർമ്മാണം ഈ മാസം പൂർത്തിയാകും.

പുതിയ പാലത്തിന് 2019 നവംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടത്. റെയിൽ വികാസ് നിഗം ലിമിറ്റഡിനാണ് നിർമ്മാണച്ചുമതല. 2020 ഫെബ്രുവരിയിൽ നിർമ്മാണം ആരംഭിച്ചെങ്കിലും കൊവിഡ് കാരണം നീണ്ടു. 1988ൽ റോഡ് പാലം തുറക്കും മുമ്പ് മണ്ഡപത്തേയും രാമേശ്വരം ദ്വീപിനേയും ബന്ധിപ്പിച്ചിരുന്നത് ഈ പാലമായിരുന്നു.

പുതിയ പാലം

സമുദ്രനിരപ്പിൽ നിന്ന് 12.5 മീറ്റർ ഉയരം. പഴയ പാലത്തേക്കാൾ മൂന്ന് മീറ്റർ കൂടുതൽ

ബോട്ടുകളും കപ്പലുകളും കടന്നുപോകാനായി മദ്ധ്യത്തിലെ 72.5 മീറ്റർ നീളമുള്ള സ്‌പാൻ കുത്തനെ ഉയരും.

22 മീറ്റർ വരെ ഉയരമുള്ള കപ്പലുകൾക്ക് പോകാം

18.3 മീറ്റർ അകലത്തിൽ 100 തൂണുകളിലാണ് പാലം. ഭാവിയിൽ പാത ഇരട്ടിപ്പിക്കാം

സ്റ്റെയിൻലെസ് സ്റ്റീൽ റീഇൻഫോഴ്സ്‌മെന്റ്, കോമ്പോസിറ്റ് സ്ലീപ്പറുകൾ, ലോംഗ് ലൈഫ് പെയിന്റിംഗ് സിസ്റ്റം തുടങ്ങിയ സാങ്കേതിക വിദ്യകൾ.

LEAVE A REPLY

Please enter your comment!
Please enter your name here