ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ചരിത്ര നേട്ടം സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണ്‍. മുംബൈയ്‌ക്കെതിരെ വണ്‍ ഡൗണായി എത്തി 28 പന്തില്‍ പുറത്താകാതെ 38 റണ്‍സ് സഞ്ജു അടിച്ചുകൂട്ടിയിരുന്നു. 135.71 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ സഞ്ജു രണ്ട് ബൗണ്ടറിയും രണ്ട് സിക്‌സും നേടി. ഇതോടെ ഐപിഎല്ലില്‍ രാജസ്ഥാന് വേണ്ടി 3,500 റണ്‍സ് സ്വന്തമാക്കുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ് സഞ്ജു.128 ഇന്നിങ്‌സുകളില്‍ നിന്നാണ് സഞ്ജു 3,500 റണ്‍സെന്ന നാഴികകല്ല് പിന്നിട്ടത്. 3000 റണ്‍സ് നേട്ടമുള്ള ഏക രാജസ്ഥാന്‍ താരവും സഞ്ജുവാണ്. രണ്ടാം സ്ഥാനത്തുള്ള ജോസ് ബട്‌ലര്‍ക്ക് 79 ഇന്നിങ്‌സുകളില്‍ നിന്ന് 2981 റണ്‍സാണുള്ളത്. 100 ഇന്നിങ്‌സുകളില്‍ നിന്ന് 2810 റണ്‍സുള്ള മുന്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ മൂന്നാമതാണ്. 78 ഇന്നിങ്‌സുകളില്‍ നിന്ന് 2371 റണ്‍സെടുത്ത ഷെയ്ന്‍ വാട്‌സണ്‍ നാലാമതും 45 ഇന്നിങ്‌സുകളില്‍ നിന്ന് 1367 റണ്‍സെടുത്ത യശസ്വി ജയ്‌സ്‌വാള്‍ അഞ്ചാമതുമാണ്.

മുംബൈ ഇന്ത്യന്‍സിനെതിരെ ജയ്പൂരില്‍ നടന്ന മത്സരത്തില്‍ ഒന്‍പത് വിക്കറ്റുകളുടെ വിജയമാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. സീസണില്‍ റോയല്‍സിന്റെ ഏഴാം വിജയമാണിത്. ആദ്യം ബാറ്റുചെയ്ത മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തിലാണ് 179 റണ്‍സ് നേടിയപ്പോള്‍ രാജസ്ഥാന്‍ എട്ട് പന്തുകള്‍ ബാക്കിനില്‍ക്കേ ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here