ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 19ന് തുടങ്ങാനിരിക്കെ ആറു സംസ്ഥാനങ്ങളിലെ ആഭ്യന്തരവകുപ്പ് സെക്രട്ടറിമാരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കി. ഗുജറാത്ത്, ഉത്തർ പ്രദേശ്, ബിഹാർ, ജാർഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെയാണ് നീക്കിയതെന്ന് ഉന്നതവൃത്തങ്ങൾ വ്യക്തമാക്കി. ഇതു കൂടാതെ മിസോറാമിലെയും ഹിമാചൽ പ്രദേശിലെയും പൊതുഭരണവകുപ്പ് സെക്രട്ടറിമാരെയും നീക്കിയിട്ടുണ്ട്.

പെട്ടെന്നുള്ള നടപടിക്ക് പിന്നിലെ കാരണത്തെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ അധികൃതർ വ്യക്തമാക്കിയിട്ടില്ല. എന്നാൽ സ്വതന്ത്രമായ തെര‍ഞ്ഞെടുപ്പിനുള്ള കളമൊരുക്കാനും വോട്ടെടുപ്പ് പ്രക്രിയയുടെ സമഗ്രത നിലനിർത്താനുമാണ് നടപടിയെന്ന് ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികളുമായി ബന്ധപ്പെട്ട മൂന്ന് വർഷം പൂർത്തിയാക്കുകയോ സ്വന്തം ജില്ലയിൽ ഉള്ളവരോ ആയ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെന്ന് കമ്മീഷൻ എല്ലാ സംസ്ഥാന സർക്കാരുകളോടും നിർദേശിച്ചിട്ടുണ്ട്.തെരഞ്ഞെടുപ്പ് പ്രക്രിയയിൽ വോട്ടര്‍മാരുടെ പങ്കാളിത്തം വർധിപ്പിക്കുകയും തെരഞ്ഞെടുപ്പിൽ അക്രമം കുറയ്ക്കുകയുമാണ് ലക്ഷ്യമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here