തൃശൂർ : പത്ത് ദിവസം മുമ്പ് കാണാതായ യുവതിയെയും മദ്ധ്യവയസ്കനെയും വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കിഴക്കഞ്ചേരി പനംകുറ്റി കുടുമിക്കൽ വീട്ടിൽ വിനോദ് (52), കൊടുമ്പാല ആദിവാസി കോളനിയിലെ സിന്ധു(35) എന്നിവരുടെ മൃതദേഹമാണ് ഒളകര വനമേഖലയിൽ കണ്ടെത്തിയത്.വിനോദിന്റെ മൃതദേഹം മരത്തിൽ തൂങ്ങിയ നിലയിലും സിന്ധുവിന്റെ മൃതദേഹം താഴെ കിടക്കുന്ന നിലയിലുമായിരുന്നു. കഴിഞ്ഞമാസം 27 മുതലാണ് ഇരുവരെയും കാണാതായത്. ഇന്ന് ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടത്. സിന്ധുവിനെ കൊലപ്പെടുത്തിയ ശേഷം വിനോദ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ പരിശോധനയിലാണ് ഒളകര വനമേഖലയിൽ ഇവരുടെ മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ തിരിച്ചറിഞ്ഞത്. തുടർന്നാണ് അന്വേഷണം വനത്തിലേക്ക് വ്യാപിപ്പിച്ചത്. പിന്നീട് എറണാകുളത്ത് നിന്നെത്തിച്ച പ്രത്യേക പരിശീലനം ലഭിച്ച കടാവർ ഇനത്തിൽപ്പെട്ട പൊലീസ് നായകളായ മായ, മർഫി എന്നിവയുടെയും പാലക്കാട് നിന്നെത്തിച്ച ഹാർലി എന്ന പൊലീസ് നായയുടെയും സഹായത്തോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹങ്ങൾ പീച്ചി പൊലീസിന്റെ നേതൃത്വത്തിൽ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. വിനോദും സിന്ധുവും അടുപ്പത്തിലായിരുന്നെന്നും ഇരുവരും വേറെ വിവാഹം കഴിച്ചവരുമാണെന്നും പൊലീസ് പറഞ്ഞു. ഇരുവർക്കും മക്കളുമുണ്ട്. ആലത്തൂർ ഡിവൈ.എസ്.പി എ.കെ.വിശ്വനാഥൻ, വടക്കഞ്ചേരി സി.ഐ കെ.പി.ബെന്നി, ആലത്തൂർ സി.ഐ ടി.എൻ.ഉണ്ണിക്കൃഷ്ണൻ, കോട്ടായി സി.ഐ കെ.ജി.ഗോപകുമാർ, വടക്കഞ്ചേരി എസ്.ഐമാരായ ജീഷ്‌മോൻ വർഗീസ്, പി.ബാബു, സൈബർ സെൽ വിഭാഗം സിവിൽ പൊലീസ് ഓഫീസർ പി.വിനു, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ റിനുമോഹൻ, കെ.ദിലീപ്, യു സൂരജ് ബാബു, കൃഷ്ണദാസ്, ബ്ലസൻ ജോസ്, അൽഅമീൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here