സിഡ്നി: ഇന്ത്യ-ആസ്ട്രേലിയ ടെസ്റ്റ് പരമ്പര നവംബർ 22ന് ആരംഭിക്കും. ഇതുവരെ കളിച്ച മുഴുവൻ മത്സരങ്ങളിലും ആസ്ട്രേലിയ ജയിച്ച പെർത്ത് സ്റ്റേഡിയത്തിലാണ് ബോർഡർ-ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരം. നാല് മത്സരങ്ങളാണ് ആസ്ട്രേലിയ ഈ സ്റ്റേഡിയത്തിൽ കളിച്ചത്. 2018 ഡിസംബറിൽ ഇന്ത്യക്കെതിരെ തന്നെയായിരുന്നു ആദ്യ ജയം. എന്നാൽ, 2020-21ൽ ഇന്ത്യയുടെ ആസ്ട്രലിയൻ പര്യടനത്തിൽ പെർത്തിൽ മത്സരം ഉണ്ടായിരുന്നില്ല.അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരക്കാണ് ഇന്ത്യ ആസ്ട്രേലിയയിലെത്തുന്നത്. ആദ്യ ടെസ്റ്റ് കഴിഞ്ഞ് ഒമ്പത് ദിവസത്തെ ഇടവേളക്ക് ശേഷമാണ് രണ്ടാം ടെസ്റ്റ് നടക്കുക. ഡിസംബർ 6 മുതൽ 10 വരെ അഡലൈഡ് ഓവലിലാണ് മത്സരം. ഡേ-നൈറ്റ് മത്സരമായതിനാൽ ഇന്ത്യക്ക് പിങ്ക് ബാളിൽ പരിശീലനം നേടുന്നതിനാണ് ഇത്രയും ദിവസത്തെ ഇടവേളയെന്നാണ് റിപ്പോർട്ട്. ഇതിനിടെ പരിശീലന മത്സരവും പരിഗണനയിലുണ്ട്.

ഡിസംബർ 14 മുതൽ 18 വരെ ബ്രിസ്ബെയ്ൻ മൂന്നാം ടെസ്റ്റിന് വേദിയാകുമ്പോൾ ബോക്സിങ് ഡേയായ ഡിസംബർ 26 മുതൽ 30 വരെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നാലാം ടെസ്റ്റും ജനുവരി മൂന്ന് മുതൽ ഏഴ് വരെ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ അഞ്ചാം ടെസ്റ്റും അരങ്ങേറും.1991-92 കാലഘട്ടത്തിൽ ആരംഭിച്ച ബോർഡർ-ഗവാസ്കർ ​ട്രോഫിയിൽ ആദ്യമായാണ് അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പര കളിക്കുന്നത്. ആദ്യ പരമ്പരയിൽ മുഹമ്മദ് അസ്ഹറുദ്ദീനായിരുന്നു ഇന്ത്യൻ നായകൻ.

LEAVE A REPLY

Please enter your comment!
Please enter your name here