മാഹി: ഉത്തര കേരളത്തിലെ പ്രമുഖ വ്യാപാര കേന്ദ്രമെന്ന ഖ്യാതി മയ്യഴിക്ക് നഷ്ടമാകുന്നു. ഒരു കാലത്ത് ഒരു പെട്ടിക്കട പോലും ലക്ഷങ്ങൾ നൽകി വാങ്ങാൻ ആളുണ്ടായിരുന്ന ഈ നഗരത്തിൽ മാത്രം എഴുപത്തിലേറെ കടകളാണ് ഇപ്പോൾ വ്യാപാരമില്ലാതെ അടഞ്ഞ് കിടക്കുന്നത്. രാജ്യത്ത് നികുതി ഏകീകരണം വന്നതോടെ അതേ വരെ എല്ലാ സാധനങ്ങൾക്കും വിലക്കുറവുണ്ടായിരുന്ന മാഹിയിൽ അതൊക്കെ ഏകീകരിക്കപ്പെട്ടു.പെട്രോൾ, മദ്യം എന്നിവയ്ക്ക് മാത്രമാണ് നിലവിൽ വിലക്കുറവുള്ളത്. അടുത്തിടെ തലശ്ശേരി -മാഹി ബൈപാസ് വന്നതോടെ മാഹി വഴിയുള്ള വാഹന ഗതാഗതം നന്നെ കുറഞ്ഞു. പെട്രോൾ ബങ്കുകളിലെ വിൽപ്പന പകുതിയായി കുറഞ്ഞു. മദ്യഷാപ്പുകളെയും ബാറുകളെയും ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കടകളിൽ ജോലി ചെയ്തിരുന്ന നൂറ് കണക്കിന് തൊഴിലാളികൾ വഴിയാധാരമായി.
നേരത്തെ പ്രശസ്തമായ നിലയിൽ നടന്നിരുന്ന ഇലക്ട്രിക്, ഇലക്ട്രോണിക്സ്, ടൈൽസ് കടകളിൽ പലതും ഇന്നില്ല. പ്രമുഖ കമ്പനികളുടെ സ്ഥാപനങ്ങൾ പോലും പുതുതായി ആരംഭിക്കുന്നത് മാഹിക്ക് പുറത്താണ്. നിക്ഷേപ സൗഹൃദ അന്തരീക്ഷം മാഹിയിലില്ല. തിരഞ്ഞെടുക്കപ്പെട്ട നഗരസഭാ കൗൺസിൽ മാഹിയിൽ ഇല്ലാതായിട്ട് വർഷങ്ങളേറെയായി. മാഹിയിൽ കഴിഞ്ഞ രണ്ട് വർഷമായി സ്ഥിരം കമ്മീഷണറുമില്ല. കഴിഞ്ഞ രണ്ട് വർഷമായി പുതിയ ലൈസൻസും നൽകുന്നില്ല. എന്നാൽ മുൻകൂട്ടി ഫീസും, ടാക്സും വാങ്ങി വെക്കുന്നുമുണ്ട്. പാർക്കിംഗ് സൗകര്യമില്ലാത്തതും ഉപഭോക്താക്കളെ മയ്യഴിയിൽ നിന്നുമകറ്റുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here