കൊല്ലം: ഒരു രാജ്യം, ഒരു റേഷൻകാർഡ് പദ്ധതിയുടെ ഭാഗമായി​ അന്യസംസ്ഥാന തൊഴിലാളികൾക്ക് റേഷൻ സാധനങ്ങൾ ലഭ്യമാക്കാനുള്ള ‘റേഷൻ റൈറ്റ് കാർഡി​’ന്റെ രണ്ടാംഘട്ട വിവരശേഖരണം അടുത്തമാസം ആരംഭിക്കും. ആദ്യഘട്ടം പൂർത്തിയാക്കി കാർഡുകൾ വിതരണം ചെയ്തു. ജില്ലയിൽ ഇതുവരെ 1050 പേരാണ് റേഷൻ റൈറ്റ്കാർഡ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തത്. 470 പേർക്ക് ഇതിനോടകം കാർഡുകൾ വിതരണം ചെയ്തു. കരുനാഗപ്പള്ളി താലൂക്കിലാണ് ഏറ്റവും അധികം പേർ കാർഡിനായി രജിസ്റ്റർ ചെയ്തത്.

രണ്ടാംഘട്ട വിവരശേഖരണം ആരംഭിക്കാനിരിക്കെയാണ് പെരുമാറ്റച്ചട്ടം നിലവിൽ വന്നത്. സപ്ലൈ ഓഫീസ് ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി നൽകിയതും വിവരശേഖരണം അടുത്തമാസത്തേക്ക് മാറ്റിവയ്ക്കാൻ കാരണമായി. ആധാർ കാർഡ് സ്വന്തം നാട്ടിലെ റേഷൻ കാർഡുമായി ബന്ധിപ്പിച്ച അന്യസംസ്ഥാന തൊഴിലാളികൾക്കാണ് റേഷൻ റൈറ്റ് കാർഡ് അനുവദിക്കുന്നത്. കാർഡിൽ ഉൾപ്പെടുന്ന ഒരാൾക്ക് അഞ്ച് കിലോ റേഷൻ സാധനങ്ങൾക്ക് അർഹതയുണ്ടാവും. കേരളത്തിൽ നിന്ന് ഈ കാർഡ് വഴി റേഷൻ വാങ്ങുമ്പോൾ ഇവരുടെ നാട്ടിലെ റേഷനിൽ നിന്ന് ഇത്രയും വിഹിതം കുറയും.

തൊഴിലാളികളുടെ ആധാർ നമ്പർ ഉപയോഗിച്ചാണ് ഇവരുടെ നാട്ടിലെ റേഷൻ കാർഡ് നമ്പർ കണ്ടെത്തുന്നത്. ആധാറും റേഷൻകാർഡ് നമ്പറും രേഖയായി സ്വീകരിക്കും. തമിഴ്, കന്നട, അസം, ബംഗാൾ, ഒഡീഷ ഭാഷകളിൽ കാർഡ് തയ്യാറാക്കാനാണ് സിവിൽ സപ്ലൈസ് വകുപ്പ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഒക്‌ടോബർ ആദ്യമാണ് പദ്ധതിയുടെ ആദ്യഘട്ട വിവരശേഖരണം ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here