ലണ്ടൻ : എഫ്‌എ കപ്പ്‌ സെമിഫൈനലിൽ ഇന്ന്‌ സൂപ്പർ പോരാട്ടം. ഇന്ത്യൻ സമയം രാത്രി 9.45 ന്‌ നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ചെൽസിയെ നേരിടും. വെംബ്ലി സറ്റേഡിയത്തിലാണ്‌ മത്സരം. ക്വാർട്ടർ ഫൈനലിൽ ലെസ്റ്റർ സിറ്റിയെയാണ്‌ ചെൽസി തോൽപ്പിച്ചത്‌. ന്യൂകാസിലിനെ തോൽപ്പിച്ചാണ്‌ സിറ്റിയുടെ സെമി പ്രവേശനം. 

മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും ഏറ്റുമുട്ടിയ കഴിഞ്ഞ എട്ട്‌ മത്സരങ്ങളിൽ ഒന്നിൽ പോലും ചെൽസിക്ക്‌ ജയിക്കാൻ കഴിഞ്ഞിട്ടില്ല. ആറെണ്ണം സിറ്റി ജയിച്ചപ്പോൾ രണ്ടെണ്ണം സമനിലയിലായി. പ്രീമിയർ ലീഗിലെ ഈ സീസണിൽ ഇരു ടീമുകളും രണ്ട്‌ തവണ ഏറ്റുമുട്ടിയപ്പോൾ സമനിലയായിരുന്നു ഫലം. 

ചാമ്പ്യൻസ്‌ ലീഗ്‌ ക്വാർട്ടർ ഫൈനലിൽ റയൽ മാഡ്രിഡിനോട്‌ തോറ്റ്‌ പുറത്തായതിന്‌ ശേഷമുള്ള സിറ്റിയുടെ ആദ്യ മത്സരമാണിത്‌. ഈ സീസണിൽ ഇനി സിറ്റിക്ക്‌ വിജയസാധ്യതയുള്ളത്‌ എഫ്‌എ കപ്പിലും പ്രീമിയർ ലീഗിലും മാത്രമാണ്‌. പ്രീമിയർ ലീഗിൽ ആറ്‌ മത്സരങ്ങൾ ബാക്കി നിൽക്കെ പൊയിന്റ്‌ പട്ടികയിൽ ഒന്നാമതാണ്‌ സിറ്റി. ചെൽസിക്ക്‌ ഈ സീസണിൽ ഇനിയുള്ള സാധ്യത എഫ്‌എ കപ്പ്‌ മാത്രമാണ്‌.    

നാളെ നടക്കുന്ന രണ്ടാം സെമിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്‌ കവെൻട്രി എഫ്‌സിയെ നേരിടും. പ്രീമിയർ ലീഗ്‌ സെക്കൻഡ്‌ ഡിവിഷനിൽ കളിക്കുന്ന ക്ലബ്ബാണ്‌ കവെൻട്രി. ഇന്ത്യൻ സമയം രാത്രി എട്ട്‌ മണിക്കാണ്‌ മത്സരം.

LEAVE A REPLY

Please enter your comment!
Please enter your name here