കാസർകോട്: എ.എസ്.ഐയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മൊബൈൽ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുകയും ചെയ്തു. സംഭവത്തിൽ കണ്ടാലറിയാവുന്ന രണ്ടുപേർക്കെതിരെ ആദൂർ പൊലീസ് കേസെടുത്തു. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ അബ്ദുൾ സലാമിന്റെ പരാതിയിലാണ് കേസ്. കഴിഞ്ഞ ദിവസം വൈകിട്ട് ആദൂർ കുണ്ടാറിലാണ് സംഭവം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായി കുണ്ടാറിലെത്തിയ എ.എസ്.ഐയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇത് ചിത്രീകരിക്കുമ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ തട്ടിപ്പറിക്കാൻ ശ്രമമുണ്ടായത്. പ്രതികളെ പിടികൂടുന്നതിന് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.