ലോക്സഭ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകളുടെ സൂക്ഷമപരിശോധനയിൽ 86 പേരുടെ പത്രിക തള്ളി. ഇതോടെ നിലവിൽ 204 സ്ഥാനാർഥികളാണുള്ളത്. നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാർഥി പട്ടികയ്ക്ക് രൂപമാകുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.  നാമനിർദേശ പത്രിക സമർപ്പണം വ്യാഴാഴ്ച വൈകിട്ട് മൂന്നിന് പൂർത്തിയായപ്പോൾ സംസ്ഥാനത്ത് 290 സ്ഥാനാർഥികളാണ് പത്രിക സമർപ്പിച്ചിരുന്നത്.ലോക്സഭ മണ്ഡലം തിരിച്ച് നിലവിലുള്ള സ്ഥാനാർഥികളുടെ എണ്ണം:തിരുവനന്തപുരം 13(തള്ളിയത് 9), ആറ്റിങ്ങൽ 7(7), കൊല്ലം 12(3), പത്തനംതിട്ട 8(2), മാവേലിക്കര 10(4), ആലപ്പുഴ 11(3), കോട്ടയം 14(3), ഇടുക്കി 8(4), എറണാകുളം 10(4), ചാലക്കുടി 12(1), തൃശൂർ 10(5), ആലത്തൂർ 5(3), പാലക്കാട് 11(5), പൊന്നാനി 8(12), മലപ്പുറം 10(4), വയനാട് 10(2), കോഴിക്കോട് 13(2), വടകര 11(3), കണ്ണൂർ 12(6), കാസർകോട് 9(4).തിരുവനന്തപുരം: നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ തിരുവനന്തപുരം മണ്ഡലത്തിൽ 13 സ്ഥാനാർഥികൾ. സിഎസ്ഐ മുൻ ബിഷപ് ധർമരാജ് റസാലത്തിന്റെ ഭാര്യ ഷേർളി ജോൺ ഉൾപ്പെടെ 9 പേരുടെ പത്രിക തള്ളി. യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിന്റെ പേരുമായി സാമ്യമുള്ള ശശി എന്നയാൾ നൽകിയ പത്രിക സ്വീകരിച്ചു.∙ ആറ്റിങ്ങൽ: മണ്ഡലത്തിൽ ഏഴു പേരുടെ പത്രിക തള്ളി. അപൂർണമായ പത്രികകളാണ് സൂക്ഷ്മ പരിശോധനയിൽ തള്ളിയത്. യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിന്റെ പേരുമായി സാമ്യമുള്ള ആറ്റിങ്ങൽ കിഴുവിലം അണ്ടൂർ എസ്.പ്രകാശ് നൽകിയ പത്രിക സ്വീകരിച്ചു.∙ കൊല്ലം: കൊല്ലം മണ്ഡലത്തിൽ 12 സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക അംഗീകരിച്ചു. 3 പത്രികകൾ തള്ളി. സ്വതന്ത്ര സ്ഥാനാർഥി കരീപ്ര കടയ്ക്കോട് മനു സ്മൃതിയിൽ എം.എസ്. മനുശങ്കർ, ഡമ്മി സ്ഥാനാർഥികൾ ആയിരുന്ന എസ്.ആർ. അരുൺ ബാബു (സിപിഎം), ശശികല റാവു (ബിജെപി) എന്നിവരുടെ പത്രികകളാണ് നിരസിച്ചത്. മതിയായ രേഖകൾ സമർപ്പിക്കാതിരുന്നതാണ് മനുശങ്കറിന് അയോഗ്യത കൽപ്പിക്കാൻ കാരണം.  ∙ പത്തനംതിട്ട: പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ മൽസരരംഗത്ത് 8 പേർ. ഡമ്മി സ്ഥാനാർഥികളായ രാജു ഏബ്രഹാം (എൽഡിഎഫ്), എസ്.ജയശങ്കർ (എൻഡിഎ) എന്നിവരുടെ പത്രികകളാണു തള്ളിയത്.

∙ ആലപ്പുഴ: പത്രികകളുടെ സൂക്ഷ്മപരിശോധന കഴിഞ്ഞപ്പോൾ ആലപ്പുഴയിൽ 11 സ്ഥാനാർഥികൾ. മൂന്നുപേരുടെ പത്രിക തള്ളി.∙ മാവേലിക്കര: മാവേലിക്കരയിൽ 10 സ്ഥാനാർഥികൾ. നാലു പേരുടെ പത്രിക തള്ളി.∙ കോട്ടയം: മണ്ഡലത്തിൽ മത്സരരംഗത്തുള്ളത് 14 സ്ഥാനാർഥികൾ. 17 പേരാണ് നാമനിർദേശ പത്രിക നൽകിയിരുന്നതെങ്കിലും യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെ അപരന്മാർ ഉൾപ്പെടെ 3 പേരുടെ പത്രികകൾ സൂക്ഷ്മപരിശോധനയിൽ തള്ളി. നാമനിർദേശ പത്രികയിൽ പിന്താങ്ങിയവരുടെ ഒപ്പുകൾ വ്യാജമാണെന്നു കണ്ടെത്തിയതിനെ തുടർന്നാണു ഫ്രാൻസിസ് ജോർജിന്റെ 2 അപരന്മാരുടെ പത്രിക തള്ളിയത്. ഇരുപത്രികകളിലും ഒപ്പിട്ടവരെ ഹാജരാക്കാൻ സ്ഥാനാർഥികൾക്കു കഴിഞ്ഞില്ല.∙ ഇടുക്കി: മണ്ഡലത്തിൽ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ എട്ട് സ്ഥാനാർഥികളാണ് മത്സരത്തിനുള്ളത്. 12 പേരാണ് പത്രിക സമർപ്പിച്ചിരുന്നത്. സൂക്ഷ്മ പരിശോധനയിൽ 4 സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക തള്ളി. ഡമ്മി സ്ഥാനാർഥികളുടെ പത്രികകളും തള്ളിയവയിൽപ്പെടും.
∙ എറണാകുളം: നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ എറണാകുളം മണ്ഡലത്തിൽ 10 സ്ഥാനാർഥികൾ. എറണാകുളത്ത് സമർപ്പിച്ച പത്രികകളിൽ 4 എണ്ണം തള്ളി.∙ ചാലക്കുടി: ആകെ 12 സ്ഥാനാർഥികൾ. ഒരു പത്രിക തള്ളി.∙ തൃശൂർ: നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ ബാക്കിയുള്ളതു 10 സ്ഥാനാര്‍ഥികള്‍. ആകെ ലഭിച്ച 15 നാമനിര്‍ദേശ പത്രികകളില്‍ അഞ്ചെണ്ണം തള്ളി. എൽഡിഎഫ് സ്ഥാനാര്‍ഥി വി.എസ്. സുനില്‍കുമാറിന്റെ ഡമ്മി രമേഷ്‌കുമാറിന്റെയും എൻഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ ഡമ്മി സ്ഥാനാര്‍ഥിയായ ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്കുമാറിന്റെയും പത്രികകള്‍ തള്ളി. സത്യവാങ്മൂലം കൃത്യമായി പൂരിപ്പിക്കാത്തതിനാല്‍ പി.അജിത്കുമാര്‍ (ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി), പ്രപോസര്‍മാരുടെ വിവരങ്ങള്‍ കൃത്യമായി ഇല്ലാത്തതിനാലും ഇതര ലോക്സഭാ മണ്ഡലത്തിലെ വോട്ടറായതിനാല്‍ ഇലക്ടറല്‍ റോളിന്റെ പകര്‍പ്പു സമര്‍പ്പിക്കാത്തതിനാലും സ്വതന്ത്ര സ്ഥാനാര്‍ഥികളായ കെ.പി. കല, കൃത്യമായ പ്രപോസലുകള്‍ ഇല്ലാത്തതിനാല്‍ ഡോ.കെ. പത്മരാജന്‍ എന്നിവരുടെ പത്രികകളും സൂക്ഷ്മ പരിശോധനയില്‍ തള്ളി.∙ പാലക്കാട്: നാമനിർദേശ പത്രികകളിൽ സൂക്ഷ്മ പരിശോധന പൂർത്തിയാക്കിയപ്പോൾ മണ്ഡലത്തിൽ 11 സ്ഥാനാർഥികൾ. അഞ്ച് സ്ഥാനാർഥികളുടെ പത്രിക തള്ളി. എൽഡിഎഫ് ഡമ്മി സ്ഥാനാർഥി കെ.എസ്.സലീഖ, എൻഡിഎ ഡമ്മി സ്ഥാനാർഥി കെ.എം.ഹരിദാസൻ, വിടുതലൈ ചിരുതൈ കക്ഷി സ്ഥാനാർഥി എ.രാഘവൻ, സ്വതന്ത്ര സ്ഥാനാർഥികളായ കെ.വി.ദിലീപ്, എ.വിജയരാഘവൻ എന്നിവരുടെ പത്രികളാണു തള്ളിയത്.
∙ ആലത്തൂർ: ആകെ അഞ്ച് സ്ഥാനാർഥികൾ. മൂന്നു പേരുടെ പത്രിക തള്ളി. വേണ്ട രേഖകളടക്കം ഉള്ളടക്കം ചെയ്യാത്തതിനാലാണു ഇവരുടെ പത്രിക തള്ളിയത്. എൽഡിഎഫ് ഡമ്മി സ്ഥാനാർഥി വി.പൊന്നുക്കുട്ടൻ, യുഡിഎഫ് ഡമ്മി സ്ഥാനാർഥി അജിത, എൻഡിഎ ഡമ്മി സ്ഥാനാർഥി കെ.ബാലകൃഷ്ണൻ എന്നിവരുടെ പത്രികകളാണ് തള്ളിയത്.∙മലപ്പുറം: ആകെ 10 സ്ഥാനാർഥികളുടെ പത്രിക സ്വീകരിച്ചു. ഡമ്മി സ്ഥാനാർഥികളുൾപ്പടെ 4 പേരുടെ പത്രികകൾ തള്ളി. തുക കെട്ടിവയ്ക്കാതെയും സത്യവാങ്മൂലം നൽകാതെയും സമർപ്പിച്ച സ്വതന്ത്ര സ്ഥാനാർഥിയുടെ പത്രികയും തള്ളിയതിൽപ്പെടും. മലപ്പുറം മണ്ഡലത്തിൽ സ്വതന്ത്രനായി പത്രിക സമർപ്പിച്ച ‌ശ്രീധരൻ കള്ളാടിക്കുന്ന് എന്നയാളുടേതാണ് തള്ളിയത്.‌∙ പൊന്നാനി: എട്ടു പേരുടെ പത്രിക സ്വീകരിച്ചു. മൂന്നു പേരുടെ പത്രികകൾ തള്ളി. യുഡിഎഫ് സ്ഥാനാർഥി എം.പി.അബ്ദുസ്സമദ് സമദാനിയുടെ അപരൻ അബ്ദുസ്സമദ് തൊപ്പിവച്ച ചിത്രമാണ് പത്രികയോടൊപ്പം നൽകിയതെന്നത് സംബന്ധിച്ച് ഒരു മണിക്കൂറോളം തർക്കമുണ്ടായി. തിരഞ്ഞെടുപ്പ് മാർഗനിർദേശത്തിൽ തൊപ്പിവച്ചതടക്കമുള്ള ചിത്രങ്ങൾ പാടില്ലെന്നുണ്ടെങ്കിലും അത് തള്ളാനുള്ള കാരണമല്ലെന്ന് വ്യക്തമാക്കി വരണാധികാരിയായ എഡിഎം എം.മണികണ്ഠൻ പത്രിക സ്വീകരിച്ചു. സ്ഥിരം തൊപ്പി ധരിക്കുന്ന സമദാനിയാകട്ടെ ഈ മാനദണ്ഡപ്രകാരം തൊപ്പിയില്ലാത്ത ചിത്രമാണ് പത്രികയ്ക്കൊപ്പം നൽകിയത്.∙ കോഴിക്കോട്: ആകെ 13 സ്ഥാനാർഥികൾ. രണ്ടു പേരുടെ പത്രികൾ തള്ളി. സിപിഎം ഡമ്മി സ്ഥാനാർഥി എ.പ്രദീപ്‌കുമാർ, ബിജെപി ഡമ്മി സ്ഥാനാർഥി നവ്യ ഹരിദാസ് എന്നിവരുടെ പത്രികകളാണ് തള്ളിയത്.
∙ വയനാട്: സൂക്ഷ്മ പരിശോധനയില്‍ പത്ത് സ്ഥാനാർഥികളുടെ നാമനിർദേശ പത്രികകള്‍ സ്വീകരിച്ചു. സിപിഐ ഡമ്മി സ്ഥാനാർഥി ഇ.ജെ ബാബു, ബിജെപി ഡമ്മി സ്ഥാനാർഥി സദാനന്ദന്‍ എന്നിവരുടെ നാമനിർദേശ പത്രികകള്‍ ഔദ്യോഗിക സ്ഥാനാർഥികളുടെ പത്രിക സാധുവായത് കൊണ്ട് സ്വീകരിച്ചില്ല.∙ വടകര: ആകെ 11 സ്ഥാനാർഥികൾ. മൂന്നു പേരുടെ പത്രിക തള്ളി. സിപിഎം ഡമ്മി സ്ഥാനാർഥി കെ.കെ.ലതിക, ബിജെപി ഡമ്മി സ്ഥാനാർഥി പി.സത്യപ്രകാശ്, ബിഎസ്പി സ്ഥാനാർഥി ഇ.പവിത്രൻ എന്നിവരുടെ പത്രികകളാണ് തള്ളിയത്.∙ കണ്ണൂർ: കണ്ണൂർ മണ്ഡലത്തിൽ ലഭിച്ച 18 നാമനിർദേശ പത്രികകളിൽ മൂന്നെണ്ണം സൂക്ഷ്മ പരിശോധനയിൽ തള്ളി. സ്വതന്ത്ര സ്ഥാനാർഥികളായി പത്രിക സമർപ്പിച്ച കെ.സി. സലിം, എം.പി. സലിം, ജയരാജ് എന്നിവരുടെ പത്രികകളാണ് ആവശ്യമായ രേഖകൾ ഇല്ലാത്തതിനാൽ തള്ളിയത്. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണി സ്ഥാനാർഥികളുടെ പത്രികകൾ സ്വീകരിച്ചതോടെ ഡമ്മി സ്ഥാനാർഥികളുടെ പത്രികകൾ ഇല്ലാതായി. ഇതോടെ, കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ മത്സരരംഗത്തുള്ള സ്ഥാനാർഥികളുടെ എണ്ണം 12 ആയി.∙ കാസർകോട്: കാസർ‍കോട് ലോക്സഭാ മണ്ഡലത്തിൽ 9 സ്ഥാനാർഥികൾ. 13 സ്ഥാനാർഥികളുടെ പത്രികകളാണ് പരിശോധിച്ചത്. ഇതിൽ 2 സ്വതന്ത്ര സ്ഥാനാർഥികളുടെ നാമനിർദേശ പത്രികകൾ മതിയായ രേഖകൾ ഹാജരാക്കാത്തതിനാൽ തള്ളി. ബാലകൃഷ്ണൻ ചേമഞ്ചേരി (സ്വതന്ത്രൻ),വി.രാജേന്ദ്രൻ (സ്വതന്ത്രൻ) എന്നിവരുടെ നാമനിർദേശ പത്രികകളാണ് തള്ളിയത്. സി.എച്ച്.കുഞ്ഞമ്പു (സിപിഎം),എ.വേലായുധൻ (ബിജെപി) എന്നിവരുടെ നാമ നിർദേശ പത്രികകളും ഔദ്യോഗിക സ്ഥാനാർഥികളുടെ പത്രികകൾ അംഗീകരിച്ചതിനാൽ പരിശോധിച്ച് തള്ളി.

LEAVE A REPLY

Please enter your comment!
Please enter your name here