ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹര്‍ജി വാദംകേള്‍ക്കുന്നത്‌ ഏപ്രില്‍ 29-ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട് തന്നെ അറസ്റ്റ് ചെയ്തതിനെ ചോദ്യംചെയ്ത് കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജിയാണ് വാദം കേള്‍ക്കാനായി 29-ലേക്ക് മാറ്റിയത്. അതേസമയം, കെജ്‌രിവാളിന്റെ ഹര്‍ജിയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ വ്യക്തത നല്‍കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട്‌ കോടതി ഇ.ഡിക്ക് നോട്ടീസ് നല്‍കി.

കേസിനെപ്പറ്റി കോടതിക്ക് ബോധ്യമുണ്ടെന്നും ഏപ്രില്‍ 24-നകം നോട്ടീസിന് കോടതിയില്‍ മറുപടി നല്‍കണമെന്നും സുപ്രീംകോടതി ഇ.ഡിയോട് ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മദ്യനയക്കേസില്‍ മാര്‍ച്ച് 21-നാണ് കെജ്‌രിവാളിനെ ഇ.ഡി. അറസ്റ്റ് ചെയ്തത്. ഇതിനുപിന്നാലെ തന്റെ അറസ്റ്റും റിമാന്‍ഡും നിയമവിരുദ്ധമാണെന്ന കെജ്രിവാളിന്റ വാദം ഹൈക്കോടതി തള്ളുകയായിരുന്നു.

അറസ്റ്റിനെ ചോദ്യം ചെയ്തുകൊണ്ട് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഏപ്രില്‍ 9ന് ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. കുറ്റകൃത്യത്തിലും ഗൂഢാലോചനയിലും കെജ്‌രിവാള്‍ ഉള്‍പ്പെട്ടതായി വ്യക്തമാക്കുന്ന തെളിവുകള്‍ ഇ.ഡി. ശേഖരിച്ചിട്ടുണ്ട് എന്നായിരുന്നു ഹര്‍ജി തള്ളിക്കൊണ്ട് ഡല്‍ഹി ഹൈക്കോടതി അന്ന് വ്യക്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here