റാന്നി: പത്തനംതിട്ട പാർലമെന്റിന്റെ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണിയുടെ എഴുമറ്റൂർ ബ്ലോക്ക് പര്യടനം കീക്കോഴൂർ നിന്നും ആരംഭിച്ചു. എഴുമറ്റൂർ ബ്ലോക്ക് പര്യടനം മുൻ എംഎൽഎ അഡ്വ.ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു. കേന്ദ്രസർക്കാർ നടത്തുന്ന ജനദ്രോഹ സമീപനവും അഴിമതികളും ജനങ്ങൾ തിരിച്ചറിഞ്ഞ ഒരു തെരഞ്ഞെടുപ്പ് ആണിത് എന്ന് പര്യടനം ഉദ്ഘാടനം ചെയ്തുകൊണ്ട് അഡ്വക്കേറ്റ് ശിവദാസൻ നായർ പറഞ്ഞു. കേരളത്തിലെ എൽഡിഎഫ് സർക്കാർ ജനങ്ങളെ എല്ലാ രീതിയിലും വഞ്ചിച്ചു. പാവപ്പെട്ടവർക്ക് മരുന്നു പോലും മേടിക്കാൻ പറ്റാത്ത രീതിയിൽ പെൻഷൻ മുടക്കിയ സർക്കാരാണിത്. വീട്ടമ്മമാരാണ് ഈ നാട്ടിൽ ഏറ്റവും കൂടുതൽ പ്രതിസന്ധികൾ നേരിടുന്നത്. രൂക്ഷമായ വിലക്കേറ്റവും സർക്കാരിന്റെ കെടുകാര്യസ്ഥതയും ജനങ്ങളെ വലയ്ക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ ജാഗ്രതയോടു കൂടി പ്രവർത്തിക്കേണ്ട തെരഞ്ഞെടുപ്പ് ആണിത് എന്ന് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി പറഞ്ഞു. ജനാധിപത്യം സംരക്ഷിക്കുവാനായി ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ പിന്നീട് കരയേണ്ടി വരും എന്നും അദ്ദേഹം ഓർമിപ്പിച്ചു. ഒരു വാക്കും പാലിക്കാത്ത കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാവിവൽക്കരണവും ചുവപ്പുവൽക്കരണവും ഫാസിസം ആണെന്ന് ജനങ്ങൾ തിരിച്ചറിയണം. രാജ്യത്തെ കർഷകർക്കും സാധാരണക്കാർക്കും ചേർത്ത് പിടിക്കുന്ന ജനാധിപത്യ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന മുന്നണിയുടെ പേരാണ് ഇന്ത്യ. നമ്മുടെ ഇന്ത്യ നിലനിൽക്കാനായി ഉണർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എഴുമറ്റൂർ ബ്ലോക്ക് പ്രസിഡൻറ് പ്രൊഫസർ മോഹൻരാജ്, മണ്ഡലം പ്രസിഡൻറ് ആശിഷ് പാലക്കാമണ്ണിൽ, മുൻ എംഎൽഎ മാലേത്ത് സരളാദേവി, മുസ്ലിം ലീഗ് നേതാവ് സമദ് മേപ്പറത്ത്, ഡിസിസി ജനറൽ സെക്രട്ടറിമാരായ കാട്ടൂർ അബ്ദുൽസലാം, ജയവർമ്മ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here