പത്തനംതിട്ട :ലാക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളില്‍ പണം നല്‍കി വാര്‍ത്തകള്‍ (പെയ്ഡ് ന്യൂസ്) പ്രസിദ്ധീകരിക്കുകയോ സംപ്രേക്ഷണം/പ്രക്ഷേപണം നടത്തുകയോ ചെയ്യരുതെന്ന് ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. ഇതിനായി പ്രത്യേക മാധ്യമ നിരീക്ഷണ സംവിധാനം ജില്ല തലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇത്തരത്തില്‍ കണ്ടെത്തുന്ന വാര്‍ത്തകള്‍ സ്ഥിരീകരിക്കപ്പെട്ടാല്‍ സ്ഥാനാര്‍ഥിയുടെ പ്രചാരണ ചെലവില്‍ ഉള്‍പ്പെടുത്തുമെന്നും അറിയിച്ചു.നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന ദിവസം മുതല്‍ പെയ്ഡ് ന്യൂസുകള്‍ കണക്കിലെടുക്കും. മാധ്യമ നിരീക്ഷണ സമിതി കണ്ടെത്തുന്ന പെയ്ഡ് ന്യൂസുകളില്‍ റിട്ടേണിംഗ് ഓഫീസര്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ 96 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ഥിയില്‍ നിന്ന് വിശദീകരണം തേടുകയോ അവരുടെ തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യും. 48 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ഥിയോ പാര്‍ട്ടിയോ വിശദീകരണം നല്‍കണം.ഒരു പ്രത്യേക സ്ഥാനാര്‍ത്ഥിയെയോ ഒരു പാര്‍ട്ടിയെയോ പ്രശംസിക്കുന്ന വാര്‍ത്താ ലേഖനങ്ങള്‍/റിപ്പോര്‍ട്ടുകള്‍ അല്ലെങ്കില്‍ എതിരാളികളെ അപകീര്‍ത്തിപ്പെടുത്തുന്ന സമാനമായ വാര്‍ത്താ ലേഖനങ്ങള്‍/ റിപ്പോര്‍ട്ടുകള്‍ പെയ്ഡ് ന്യൂസായി പരിഗണിക്കപ്പെടും. വ്യത്യസ്ത ലേഖകരുടെ പേരില്‍ വിവിധ പത്രങ്ങളിലും മാസികകളിലും അടുത്തടുത്ത ദിവസങ്ങളിലായി പ്രസിദ്ധീകരിക്കുന്ന ഒരേതരത്തിലുള്ള ലേഖനങ്ങളും ഇതില്‍ പരിഗണിക്കപ്പെടും.പണമടച്ചുള്ള വാര്‍ത്തകള്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ശരിയായ അഭിപ്രായങ്ങള്‍ രൂപീകരിക്കാനുള്ള അവരുടെ കഴിവിനെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്നതിനാലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരം നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here