പാലക്കാട്: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച് പൊതുജനങ്ങൾ നൽകുന്ന പരാതികളിൽ നടപടിയെടുക്കാൻ 04912910249 ൽ ജില്ലാ കൺട്രോൾ റൂം സജ്ജം. തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങൾ നിരീക്ഷിക്കാൻ ജില്ലാ ടെക്നിക്കൽ ഓഫീസർ ശിവപ്രസാദിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും കാമറ മോണിറ്ററിംഗും വെബ് കാസ്റ്റിംഗും ഉൾപ്പെട്ട കൺട്രോൾ റൂം പ്രവർത്തിക്കുന്നു. ഐ.ടി മേഖലയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും ഇലക്ഷൻ സീഷർ മനേജ്മന്റ് സിസ്റ്റം(ഇ.എസ്.എം.എസ്.) ആപ്പുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും മേൽ പറഞ്ഞ നമ്പറിൽ വിളിക്കാവുന്നതാണ്.

പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് സി വിജിൽ മൊബൈൽ ആപ്പ് വഴി പരാതിപ്പെടാം. മൊബൈൽ വഴി ഫേട്ടോ ആയോ വീഡിയോ ആയോ പരാതി രജിസ്റ്റർ ചെയ്യാം. സി വിജിലിൽ അപ് ലോഡ് ചെയ്യുന്ന പരാതി ജില്ലാ കൺട്രോൾ റൂമിൽ ലഭിക്കും. പരാതിയിൽ പ്രതിപാദിക്കുന്ന പ്രദേശത്തിന് ഏറ്റവുമടുത്ത് സഞ്ചരിക്കുന്ന സ്‌ക്വാഡിന് പരാതി കൈമാറും.

തുടർന്ന് എടുത്ത് മറ്റേണ്ട ബോർഡുകളോ മായ്ച്ചുകളയേണ്ട എഴുത്തുകളോ ശ്രദ്ധയിൽപ്പെട്ടാൽ അവ നീക്കം ചെയ്യുകയും അന്വേഷണം നടത്തേണ്ട വിഷയമാണെങ്കിൽ അത് ചെയ്ത ശേഷം റിപ്പോർട്ട് അതത് നിയോജകമണ്ഡലത്തിലെ ഉപവരണാധികാരിക്ക് സമർപ്പിക്കുകയും ചെയ്യും. ഉപവരണാധികാരി റിപ്പോർട്ട് പരിശോധിച്ച് അന്തിമ തീരുമാനമെടുക്കും. ഇതിനെല്ലാം കൂടി പരാതി ലഭിച്ചതുമുതൽ നൂറു മിനിറ്റേ എടുക്കാവൂ എന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ്.

ഫ്‌ളൈയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവലൻസ് ടീം, ആന്റി ഡീഫേസ്‌മെന്റ് ടീം എന്നിങ്ങനെ മൂന്ന് സ്‌ക്വാഡ് വീതം എല്ലാ നിയോജകമണ്ഡലം കേന്ദ്രീകരിച്ചും സഞ്ചരിക്കുന്നുണ്ട്. ജില്ലയിൽ 12 നിയോജക മണ്ഡലങ്ങളിലായി കുറഞ്ഞത് 36 ടീമുണ്ട്. ആവശ്യമെങ്കിൽ മൂന്നിലധികം സ്‌ക്വാഡുകൾ ഒരു മണ്ഡലത്തിൽ നിയോഗിക്കാറുണ്ട്. കാമറയും ജി.പി.എസുമുള്ള വാഹനങ്ങൾ ഒരോ സ്‌ക്വാഡിനുമുണ്ട്. സ്‌ക്വാഡിന്റെ സഞ്ചാരം തത്സമയം ജില്ലാതല കൺട്രോൾ റൂമിൽ കാണാനാകും.

സി വിജിൽ ആപ്പ് വഴി പരാതി ലഭിച്ചില്ലെങ്കിലും ചട്ടലംഘനം ശ്രദ്ധയിൽപ്പെട്ടാൽ സ്‌ക്വാഡുകൾ നേരിട്ട് ഇടപെടും. ചെക്ക് പോസ്റ്റുകൾ, ബസ് സ്റ്റാൻഡുകൾ, മദ്യവിൽപ്പന ശാലകൾ തുടങ്ങി ജനങ്ങൾ കൂടുതലുള്ളതും പ്രധാനപ്പെട്ടതുമായ കേന്ദ്രങ്ങളെല്ലാം സ്‌ക്വാഡുകളുടെ നിരീക്ഷണത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here