തിരുവനന്തപുരം:  കേരളത്തിലെ സാഹസിക ടൂറിസം മേഖല വളർച്ചയുടെ പാതയിലാണെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഈ മാസം നടക്കാനിരിക്കുന്ന സാഹസിക ടൂറിസം മത്സരങ്ങളായ പാരാഗ്ലൈഡിംഗ്, സർഫിംഗ് ഫെസ്റ്റിവലുകളുടെ ലോഗോ പ്രകാശനം നിർവഹിച്ച്  സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വർഷത്തെ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് മത്സരം മാർച്ച് 14 മുതൽ 17 വരെ ഇടുക്കി ജില്ലയിലെ വാഗമണിൽ നടക്കുമെന്നും മന്ത്രി അറിയിച്ചു.

കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും (കെ.എ.ടി.പി.എസ്) ഇടുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും (ഡി.ടി.പി.സി) സംയുക്തമായി പാരാഗ്ലൈഡിംഗ് അസോസിയേഷൻ ഓഫ് ഇന്ത്യ (പി.എ.ഐ) യുടെ പിന്തുണയോടുകൂടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. നൂറിലധികം അന്തർദേശീയ-ദേശീയ-പ്രശസ്ത ഗ്ലൈഡറുകൾ ഫെസ്റ്റിവലിനെത്തും. 15ലധികം രാജ്യങ്ങൾ ഈ പതിപ്പിൽ പങ്കെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ ലോകപ്രശസ്ത റൈഡർമാരും അന്താരാഷ്ട്ര ചാമ്പ്യന്മാരും പരിപാടിയിൽ പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു.

നാല് ദിവസം നീണ്ടുനിൽക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ എയ്റോ സ്‌പോർട്‌സ് അഡ്വഞ്ചർ ഫെസ്റ്റിവലാണിത്. ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ന്യൂസിലാന്റ്, ഓസ്‌ട്രേലിയ, യുഎസ്, യുകെ, നേപ്പാൾ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നുള്ള പങ്കാളിത്തം ഫെസ്റ്റിവലിലുണ്ടാകും.  കൂടാതെ ഡൽഹി, ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, ഗോവ, സിക്കിം, ഉത്തരാഖണ്ഡ്, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും ഫെസ്റ്റിവലിന്റെ ഭാഗമാകുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ടൂറിസം വകുപ്പ് ഡയറക്ടർ പി. ബി നൂഹ് പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here