“75-ാം റിപ്പബ്ലിക് ദിനാഘോഷം, നാരീശക്തിയോടുള്ള ഇന്ത്യയുടെ സമര്‍പ്പണം എന്നീ രണ്ടു കാരണങ്ങളാല്‍ ഈ അവസരം സവിശേഷമാണ്”

“ദേശീയ ബാലികാദിനം ഇന്ത്യയുടെ പെണ്‍മക്കളുടെ ധൈര്യത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും നേട്ടങ്ങളുടെയും ആഘോഷമാണ്”

“ജനനായകൻ കര്‍പ്പൂരി ഠാക്കുർ സാമൂഹ്യനീതിക്കും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ചു”

“ഒരു സംസ്ഥാനത്തുനിന്നു മറ്റൊന്നിലേക്കുള്ള യാത്ര ഓരോ പൗരനും പുതിയ അനുഭവങ്ങള്‍ സമ്മാനിക്കുന്നു. ഇതാണ് ഇന്ത്യയുടെ പ്രത്യേകത”

“ജനറേഷന്‍ ഇസഡിനെ അമൃതതലമുറ എന്നു വിളിക്കാനാണ് എനിക്കിഷ്ടം”

“യഹി സമയ് ഹേ, സഹി സമയ് ഹേ, യേ ആപ്കാ സമയ് ഹേ – ഇതു ശരിയായ സമയമാണ്, ഇത് നിങ്ങളുടെ സമയമാണ്”

“പ്രചോദനം ചിലപ്പോൾ ക്ഷയിച്ചേക്കാം; പക്ഷേ അച്ചടക്കം നിങ്ങളെ ശരിയായ പാതയില്‍ നിലനിർത്തും”

“‘മൈ യുവ ഭാരത്’ പ്ലാറ്റ്‌ഫോമില്‍ യുവാക്കള്‍ ‘മൈ ഭാരത്’ സന്നദ്ധപ്രവർത്തകരായി രജിസ്റ്റര്‍ ചെയ്യണം”

“ഇന്നത്തെ യുവതലമുറയ്ക്കു നമോ ആപ്പിലൂടെ തുടര്‍ച്ചയായി എന്നോട് ബന്ധംപുലര്‍ത്താനാകും”

  ന്യൂഡൽഹി : 2024 ജനുവരി 24

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് എന്‍സിസി കേഡറ്റുകളെയും എന്‍എസ്എസ് വോളന്റിയര്‍മാരേയും അഭിസംബോധന ചെയ്തു. റാണി ലക്ഷ്മി ബായിയുടെ ജീവിതം ചിത്രീകരിക്കുന്ന സാംസ്‌കാരിക പരിപാടിയില്‍ അഭിമാനം പ്രകടിപ്പിച്ച പ്രധാനമന്ത്രി, അത് ഇന്ത്യയുടെ ചരിത്രത്തെ ഇന്ന് ജീവസുറ്റതാക്കുന്നുവെന്നും പറഞ്ഞു. പരിപാടിയില്‍ ഉള്‍പ്പെട്ട സംഘത്തിന്റെ പ്രയത്നങ്ങളെ പ്രശംസിച്ച അദ്ദേഹം അവര്‍ ഇപ്പോൾ റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമാകുമെന്നും പറഞ്ഞു. 75-ാം റിപ്പബ്ലിക് ദിനാഘോഷം, നാരീശക്തിയോടുള്ള ഇന്ത്യയുടെ സമര്‍പ്പണം എന്നീ രണ്ട് കാരണങ്ങളാല്‍ ഈ അവസരം സവിശേഷമാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇതില്‍ പങ്കെടുക്കുന്ന സ്ത്രീകളെ പരാമര്‍ശിച്ച്, അവര്‍ ഇവിടെ തനിച്ചല്ലെന്നും, മറിച്ച് അതത് സംസ്ഥാനങ്ങളുടെ സത്ത, അവരുടെ സംസ്‌കാരം, പാരമ്പര്യങ്ങള്‍, അവരുടെ സമൂഹത്തിന്റെ മുന്നോട്ടുള്ള ചിന്തകള്‍ എന്നിവ കൊണ്ടുവന്നിട്ടുണ്ടെന്നും ശ്രീ മോദി പറഞ്ഞു. ധൈര്യത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും നേട്ടങ്ങളുടെയും ആഘോഷമായ ദേശീയ ബാലികാദിനമാണ് ഇന്നെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “ഇന്ത്യയിലെ പെണ്‍മക്കള്‍ക്ക് സമൂഹത്തെ നന്മയ്ക്കായി പരിഷ്‌കരിക്കാനുള്ള കഴിവുണ്ടെ”ന്ന് വിവിധ ചരിത്ര കാലഘട്ടങ്ങളില്‍ സമൂഹത്തിന്റെ അടിത്തറ പാകുന്നതില്‍ സ്ത്രീകൾ നൽകിയ സംഭാവനകള്‍ എടുത്തുകാട്ടി പ്രധാനമന്ത്രി പറഞ്ഞു. ഇന്നത്തെ സാംസ്കാരിക പരിപാടികളിൽ ആ വിശ്വാസം ദൃശ്യമായെന്നും അദ്ദേഹം പറഞ്ഞു.

ജനനായകൻ കര്‍പ്പൂരി ഠാക്കുറിന് ഭാരതരത്നം നല്‍കാനുള്ള ഗവണ്മെന്റിന്റെ തീരുമാനത്തെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, ഇത് സര്‍ക്കാരിന്റെ ഭാഗ്യമായി അടയാളപ്പെടുത്തുകയും ഇന്നത്തെ യുവതലമുറ ആ മഹദ്‌വ്യക്തിത്വത്തെക്കുറിച്ച് അറിയേണ്ടതിന്റെ ആവശ്യകത അടിവരയിടുകയും ചെയ്തു. കടുത്ത ദാരിദ്ര്യത്തിനും സാമൂഹിക അസമത്വത്തിനും ഇടയിൽ കര്‍പ്പൂരി ഠാക്കുറിന്റെ ഉയര്‍ച്ച അനുസ്മരിച്ച പ്രധാനമന്ത്രി, അദ്ദേഹം മുഖ്യമന്ത്രിയാകുകയും എല്ലായ്‌പ്പോഴും  വിനയം കാത്തുസൂക്ഷിക്കുകയും ചെയ്തുവെന്നും കൂട്ടിച്ചേര്‍ത്തു. “അദ്ദേഹത്തിന്റെ ജീവിതമാകെ സാമൂഹ്യനീതിക്കും അവശത അനുഭവിക്കുന്ന വിഭാഗങ്ങളുടെ ഉന്നമനത്തിനും വേണ്ടി സമര്‍പ്പിച്ചു” – പ്രധാനമന്ത്രി പറഞ്ഞു. ദരിദ്രരില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, ഏറ്റവുമൊടുവിലത്തെ ഗുണഭോക്താവിലേക്കും എത്തിച്ചേരുക എന്നിവയ്ക്കായുള്ള ‘വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര’ തുടങ്ങിയ ഗവണ്‍മെന്റിന്റെ സംരംഭങ്ങള്‍ കർപ്പൂര്‍ ഠാക്കുറിന്റെ പ്രചോദനത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് ശ്രീ മോദി കൂട്ടിച്ചേര്‍ത്തു.

പലരും ആദ്യമായാണ് ഡല്‍ഹി സന്ദര്‍ശിക്കുന്നതെന്നും റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ആവേശവും ഉത്സാഹവും പങ്കുവച്ചതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഡല്‍ഹിയിലെ കടുത്ത ശൈത്യകാലത്തെക്കുറിച്ചു പരാമര്‍ശിക്കവേ, പരിപാടിയില്‍ പങ്കെടുത്ത പലരും ആദ്യമായിട്ടാകും ഇത്തരമൊരു കാലാവസ്ഥ അനുഭവിക്കുന്നതെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലെ  വൈവിധ്യമാര്‍ന്ന കാലാവസ്ഥാ സാഹചര്യങ്ങളെയും ഉയര്‍ത്തിക്കാട്ടി. അത്തരം കഠിനമായ കാലാവസ്ഥയില്‍ റിഹേഴ്‌സല്‍ നടത്താനുള്ള അവരുടെ പ്രതിബദ്ധതയെ അദ്ദേഹം അഭിനന്ദിക്കുകയും ഇന്നത്തെ അവരുടെ പ്രകടനത്തെ പ്രശംസിക്കുകയും ചെയ്തു. അവര്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഒരു ഭാഗം അവര്‍ക്കൊപ്പമുണ്ടാകുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. “ഒരു സംസ്ഥാനത്തുനിന്ന് മറ്റൊന്നിലേക്കുള്ള യാത്ര ഓരോ പൗരനും പുതിയ അനുഭവങ്ങള്‍ സൃഷ്ടിക്കുന്നു. ഇതാണ് ഇന്ത്യയുടെ പ്രത്യേകത” – പ്രധാനമന്ത്രി പറഞ്ഞു.

“ഇന്നത്തെ തലമുറയെ ജനറേഷന്‍ ഇസഡ് എന്നാണ് വിശേഷിപ്പിക്കുന്നതെങ്കിലും നിങ്ങളെ അമൃതതലമുറ എന്ന് വിളിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്” – പ്രധാനമന്ത്രി പറഞ്ഞു. ഇന്നത്തെ തലമുറയുടെ ഊര്‍ജമാണ് അമൃതകാലത്തു രാജ്യത്തിന്റെ പുരോഗതിക്ക് ഉത്തേജനം പകരുന്നതെന്ന് അദ്ദേഹം അടിവരയിട്ടു. 2047-ഓടെ ഒരു വികസിത രാഷ്ട്രമായി മാറാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയം ആവര്‍ത്തിച്ച പ്രധാനമന്ത്രി, ഇന്ത്യയുടെയും ഇന്നത്തെ തലമുറയുടെയും ഭാവിക്ക് അടുത്ത 25 വര്‍ഷത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. “അമൃതതലമുറയുടെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കാനും അസംഖ്യം അവസരങ്ങള്‍ സൃഷ്ടിക്കാനും അവരുടെ വഴികളിലെ എല്ലാ തടസ്സങ്ങളും നീക്കാനുമാണ് ഗവണ്‍മെന്റ് ദൃഢനിശ്ചയം ചെയ്തിരിക്കുന്നത്” – പ്രധാനമന്ത്രി പറഞ്ഞു. ഇന്നത്തെ പ്രകടനത്തില്‍ കണ്ട ആച്ചടക്കം ഏകാഗ്രമായ മാനസികാവസ്ഥ, ഏകോപനം എന്നിവയും അമൃതകാലത്തിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള അടിസ്ഥാനമാണെന്ന് അദ്ദേഹം പറഞ്ഞു.

‘രാജ്യം ആദ്യം’ എന്നതായിരിക്കണം അമൃത് തലമുറയുടെ മാര്‍ഗദര്‍ശനതത്വമെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ജീവിതത്തില്‍ ഒരിക്കലും നിരാശ കടന്നുവരാന്‍ അനുവദിക്കരുതെന്നും യുവസദസിനോട് പ്രധാനമന്ത്രി പറഞ്ഞു. ഓരോ ചെറിയ സംഭാവനയുടെയും പ്രാധാന്യം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, “യഹി സമയ് ഹേ സഹി സമയ ഹേ, യേ ആപ്കാ സമയ് ഹേ” (ഇതാണ് ശരിയായ സമയം, ഇതാണ് നിങ്ങളുടെ സമയം) എന്ന് കൂട്ടിച്ചേര്‍ത്തു. വര്‍ത്തമാനകാലത്തിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകിയ പ്രധാനമന്ത്രി, വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കാനുള്ള ദൃഢനിശ്ചയത്തിന് കരുത്തുപകരാന്‍ യുവാക്കളോട് ആവശ്യപ്പെട്ടു. അറിവിന്റെ ചക്രവാളം വികസിപ്പിക്കാൻ അവരോട് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി,  അതുവഴി ഇന്ത്യന്‍ പ്രതിഭകള്‍ക്ക് ലോകത്തിന് പുതിയ ദിശാബോധം നല്‍കാനും പുതിയ കഴിവുകള്‍ നേടാനും കഴിയുമെന്നും അതിലൂടെ ലോകത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യക്ക് കഴിയുമെന്നും വ്യക്തമാക്കി. യുവാക്കള്‍ക്ക് അവരുടെ മുഴുവന്‍ കഴിവുകളും സാക്ഷാത്കരിക്കാനുള്ള പുതിയ വഴികള്‍ സൃഷ്ടിക്കുന്നതിനുള്ള നടപടികളെക്കുറിച്ചും പുതുതായി തുറന്ന മേഖലകളില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ബഹിരാകാശ മേഖലയില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കൽ, വ്യാപാരം ചെയ്യല്‍ എളുപ്പമാക്കൽ, പ്രതിരോധ വ്യവസായത്തില്‍ സ്വകാര്യ മേഖല സൃഷ്ടിക്കൽ, നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപിച്ച് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് അനുസൃതമായി ആധുനിക വിദ്യാഭ്യാസ സൗകര്യങ്ങള്‍ സൃഷ്ടിക്കൽ തുടങ്ങിയ കാര്യങ്ങൾ ശ്രീ മോദി ഉദാഹരണമാക്കി. ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായം പരിഷ്‌കരിക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി സൂചിപ്പിച്ചു, ഒരു പ്രത്യേക ശാഖയുമായോ വിഷയവുമായോ ബന്ധപ്പെട്ടിരിക്കാതെ ഇത് മാതൃഭാഷയില്‍ ഉന്നത വിദ്യാഭ്യാസം നേടാന്‍ അനുവദിക്കുന്നു. ഗവേഷണത്തിലും നൂതനാശയങ്ങളിലും ഏര്‍പ്പെടാന്‍ യുവാക്കളെ പ്രോത്സാഹിപ്പിച്ച പ്രധാനമന്ത്രി, സര്‍ഗ്ഗാത്മകതയ്ക്കും നൂതനാശയങ്ങള്‍ക്കും പ്രേരണയേകുന്ന അടല്‍ ടിങ്കറിങ് ലാബുകളെക്കുറിച്ച് പരാമര്‍ശിച്ചു. സൈന്യത്തില്‍ ചേര്‍ന്ന് തൊഴില്‍ കണ്ടെത്താന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഗവണ്‍മെന്റ് പുതിയ അവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇപ്പോള്‍, വിവിധ സൈനിക സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കുന്നുണ്ട്” – പൂര്‍ണ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാന്‍ പ്രധാനമന്ത്രി അവരോട് അഭ്യര്‍ഥിച്ചു. “നിങ്ങളുടെ പരിശ്രമം, നിങ്ങളുടെ കാഴ്ചപ്പാട്, നിങ്ങളുടെ കഴിവുകള്‍ എന്നിവ ഇന്ത്യയെ പുതിയ ഉയരങ്ങളിലെത്തിക്കും” – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ സന്നദ്ധ പ്രവർത്തകരും തങ്ങളുടെ ഊർജം ശരിയായ സ്ഥലത്തു വിനിയോഗിക്കുന്നതിൽ പ്രധാനമന്ത്രി ആഹ്ലാദം പ്രകടിപ്പിച്ചു. അച്ചടക്കബോധമുള്ള, രാജ്യത്തു ധാരാളം യാത്രചെയ്ത, വിവിധ ഭാഷകൾ സംസാരിക്കുന്ന വിവിധ പ്രദേശങ്ങളിൽനിന്നുള്ള സുഹൃത്തുക്കളുള്ള ഒരാൾക്കു വ്യക്തിത്വവികസനം സ്വാഭാവികമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇതിനെ വിലകുറച്ചുകാണരുത്” – പ്രധാനമന്ത്രി പറഞ്ഞു. ഇത് ഏതൊരാളുടെയും ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. ശാരീരികക്ഷമതയ്ക്കു പ്രഥമ പരിഗണന നൽകണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ശാരീരികക്ഷമത നിലനിർത്തുന്നതിൽ അച്ചടക്കത്തിന്റെ ആവശ്യകത ഉയർത്തിക്കാട്ടുകയും ചെയ്തു. “പ്രചോദനം ചിലപ്പോൾ ക്ഷയിച്ചേക്കാം. പക്ഷേ അച്ചടക്കമാണു നിങ്ങളെ ശരിയായ പാതയിൽ നിലനിർത്തുന്നത്” – അച്ചടക്കം പ്രചോദനമായി മാറിയാൽ എല്ലാ മേഖലയിലും വിജയം ഉറപ്പാണെന്നു ശ്രീ മോദി പറഞ്ഞു.

എൻസിസി, എൻഎസ്എസ് അല്ലെങ്കിൽ മറ്റു സാംസ്കാരിക ക്യാമ്പുകൾ തുടങ്ങിയവ യുവാക്കളെ സമൂഹത്തെയും പൗരധർമങ്ങളെയുംകുറിച്ച് അവബോധമുള്ളവരാക്കുന്നുവെന്ന് എൻസിസിയുമായുള്ള തന്റെ ബന്ധത്തിലേക്കു വെളിച്ചംവീശി പ്രധാനമന്ത്രി പറഞ്ഞു. ‘മൈ യുവ ഭാരത്’ എന്ന മറ്റൊരു സംഘടനയ്ക്കു രൂപംനൽകിയതായി അറിയിച്ച അദ്ദേഹം ‘മൈ ഭാരത്’ സന്നദ്ധപ്രവർത്തകരായി രജിസ്റ്റർ ചെയ്യാൻ യുവാക്കളെ പ്രേരിപ്പിക്കുകയും ചെയ്തു.

ഈ റിപ്പബ്ലിക് ദിനാഘോഷ വേളയിൽ വിവിധ പരിപാടികൾക്കു സാക്ഷ്യം വഹിക്കാനും വിവിധ ചരിത്രപ്രദേശങ്ങൾ സന്ദർശിക്കാനും വിദഗ്ധരെ കാണാനുമുള്ള നിരവധി അവസരങ്ങളെക്കുറിച്ചു പ്രധാനമന്ത്രി എടുത്തുപറഞ്ഞു. “ഇതു നിങ്ങളുടെ ജീവിതകാലം മുഴുവൻ ഓർക്കുന്ന അനുഭവമായിരിക്കും. എല്ലാ വർഷവും നിങ്ങൾ റിപ്പബ്ലിക് ദിന പരേഡ് കാണുമ്പോഴെല്ലാം ഈ ദിവസങ്ങൾ നിങ്ങൾ ഓർക്കും. ഞാൻ നിങ്ങളോട് ഇക്കാര്യം പറഞ്ഞതും നിങ്ങൾ ഓർക്കും” – ശ്രീ മോദി പറഞ്ഞു. റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ നിന്നുള്ള അവരുടെ അനുഭവങ്ങളും പഠനങ്ങളും പ്രധാനമന്ത്രിയുമായി രേഖാമൂലമോ വീഡിയോ റെക്കോർഡിങ്ങിലൂടെയോ നമോ ആപ്പിൽ പങ്കിടാനും അദ്ദേഹം അഭ്യർഥിച്ചു. “ഇന്നത്തെ യുവതലമുറയ്ക്കു നമോ ആപ്പിലൂടെ തുടർച്ചയായി എന്നോടു ബന്ധംപുലർത്താൻ കഴിയും” – പ്രധാനമന്ത്രി പറഞ്ഞു.

പ്രസംഗം ഉപസംഹരിക്കവേ, യുവാക്കളുടെ കരുത്തിൽ പ്രധാനമന്ത്രി വിശ്വാസം പ്രകടിപ്പിച്ചു. കഠിനാധ്വാനം ചെയ്യാനും മനഃസാക്ഷിയുള്ള പൗരനാകാനും പരിസ്ഥിതി സംരക്ഷിക്കാനും ദുശ്ശീലങ്ങൾ ഒഴിവാക്കാനും രാജ്യത്തിന്റെ പൈതൃകത്തിലും സംസ്കാരത്തിലും അഭിമാനിക്കാനും അദ്ദേഹം അവരെ ഉദ്‌ബോധിപ്പിച്ചു. “നിങ്ങൾക്ക് എന്റെ അനുഗ്രഹമുണ്ട്; എന്റെ ആശംസകൾ” – ശ്രീ മോദി ഉപസംഹരിച്ചു.

കേന്ദ്ര പ്രതിരോധമന്ത്രി ശ്രീ രാജ് നാഥ് സിങ്, കായിക-യുവജനകാര്യമന്ത്രി ശ്രീ അനുരാഗ് സിങ് ഠാക്കുർ, ഗോത്രകാര്യമന്ത്രി ശ്രീ അർജുൻ മുണ്ഡ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here