*സോജൻ ജേക്കബ് കാഞ്ഞിരപ്പള്ളി : പാരിസ് ഒളിംപിക്സിനു ഭക്ഷണം വിളമ്പുന്ന  മലയാളി ആരെന്നറിയേണ്ടേ?…. മറ്റാരുമല്ല പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് ചെയർമാനും കണ്ണൂർ  കുടിയാന്മല അരങ്ങം സ്വദേശിയുമായ  പുതുപ്പറമ്പിൽ ബെന്നി തോമസ് ആണത് . യുഎസിലും യൂറോപ്പിലും ഗൾഫ് ഉൾപ്പെടെ 11 രാജ്യങ്ങളിലെ 20 ൽപരം    രാജ്യാന്തര കായിക മേളകളിൽ കേറ്ററിങ് സർവീസ് നടത്തുന്ന സ്പാഗോ ഇന്റർനാഷനൽ എന്ന കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫിസർ ആണ് ഇദ്ദേഹം . ഈ രംഗത്തെ ലോകത്തെ മുൻനിര കമ്പനികളിലൊന്നാണ് സ്പാഗോ ഇന്റർനാഷനൽ. ഖത്തറിൽ നടന്ന 2022 ഫുട്ബോൾ ഫിഫ  ലോകകപ്പിൽ ഭക്ഷണ വിതരണം നിർവഹിച്ചതു സ്പാഗോയാണ്.  14 രാജ്യങ്ങളിൽ നിന്നായി 1700 സ്ഥിരം ജീവനക്കാരും അയ്യായിരത്തോളം താൽക്കാലിക ജീവനക്കാരുമുണ്ട് ബെന്നിയുടെ കീഴിൽ.പയ്യന്നൂർ കോളജിൽ നിന്ന് ഇംഗ്ലിഷ് ബിരുദം നേടിയ ബെന്നി പിന്നീട് ഹോട്ടൽ മാനേജ്മെന്റ് ഡിപ്ലോമ നേടി  മുംബൈയിലെത്തി. മുംബൈയിലെ പ്രശസ്തമായ ഹോട്ടലുകളിൽ ജോലി ചെയ്തു. 2006ൽ ദുബായ് ലെ മെറിഡിയൻ ഹോട്ടലിന്റെ ഓപറേഷൻ ഡയറക്ടർ സ്ഥാനത്തു നിന്നു വിരമിച്ചു. ദുബായിലെ ഒരു ഫ്രഞ്ച് റസ്റ്ററന്റ് ഏറ്റെടുത്തു നടത്തിയെങ്കിലും വിജയിച്ചില്ല.  വീണ്ടും പല പരിശ്രമം, തുടർന്ന്  ഒറ്റ ജീവനക്കാരനുമായി  സംരംഭം തുടങ്ങി. ‘‘സാൻഡ്‌വിച്ചുണ്ടാക്കി, ഞാൻ തന്നെ ഓഫിസുകളിൽ ചെന്നു വിറ്റു,ബെന്നി പറയുന്നു …. പിന്നാലെ 10–20 പേർക്കു ഭക്ഷണമുണ്ടാക്കാനുള്ള ഓർഡറൊക്കെ കിട്ടിത്തുടങ്ങി. ദുബായ് സർക്കാരിന്റെ കായിക മേളകളിൽ ഭക്ഷണം വിതരണം ചെയ്താണു വലിയ ദൗത്യങ്ങളിലേക്കുള്ള ചുവടുവയ്പ്പ് . മുൻ ബ്രസീലിയൻ ഫുട്ബോളർ റൊണാൾഡോയോടുള്ള  രൂപ സാദൃശ്യം കൊണ്ട് സുഹൃത്തുക്കൾ സ്നേഹപൂർവ്വം റൊണാൾഡോ എന്ന് വിളിച്ചു തുടങ്ങി ,ബെന്നിയും റൊണാൾഡോ എന്നപേര് ഏറ്റെടുത്തു .  2011ൽ  റൊണാൾഡോ സ്പാഗോ ഇന്റർനാഷണൽ എന്ന കമ്പനി ദുബായിൽ ഉദയമെടുത്തു .ഖത്തറിലും സൗദി അറേബ്യയിലും ബഹ്റൈനിലും കായികമേളകളിലേക്കു സ്പാഗോ കേറ്ററിങ് വ്യാപിച്ചു.11 രാജ്യങ്ങളിലായി  ലോകത്തിലെ 20 ടോപ് ഇവന്റസ്‌ , ഫിഫ വേൾഡ് കപ്പ് ,ഫോർമുല വൺഎന്നിവയുടെ ഒഫീഷ്യൽ പാർട്ണർ ,2024 പാരിസ്  ഒളിമ്പിക്സിൽ മൊത്തം ഭക്ഷണ വിതരണം ,ചലഞ്ചിങ്ങ് ഇവന്റായ ഡെക്കാർ  എന്നിവയൊക്കെ സ്പാഗോ ഇന്റർനാഷലിന്റെ പ്രൊജെക്ടുകളിലെ പൊൻതൂവലുകളാണ് . അങ്ങനെ നേട്ടം ഒളിമ്പിക്സിൽ വരെ എത്തിനിൽക്കുന്നു .ഒരു മലയാളിക്ക് ഉയരങ്ങളിൽ  എത്താൻ ഒന്നും  തടസമല്ല എന്ന് കാണിച്ചുകൊണ്ട് ….   പെരുവന്താനത്തെ സെന്റ് ആന്റണീസ് കോളജിന്റെ ചെയർമാൻ കൂടിയാണു ബെന്നി. കോളേജിലെ  ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥികൾക്ക് പ്രായോഗിക പരിശീലനം നൽകുന്നതു സ്പാഗോയിലാണ്. പരേതനായ പുതുപ്പറമ്പിൽ തോമസിന്റെയും വടക്കേപുത്തൻപുര ത്രേസ്യാമ്മയുടെയും മകനാണ് ബെന്നി. സെന്റ് ആന്റണീസ് കോളേജ് സ്ഥാപകനും വിദ്യാഭ്യാസരംഗത്തെയും  സാമൂഹിക,സാംസ്‌കാരിക  രംഗത്തെയും  നിറസാന്നിധ്യവുമായിരുന്ന പരേതനായ ആന്റണി നിരപ്പേലച്ചന്റെ സഹോദരൻ മാത്യൂസിന്റെ മകൾ റോഷൻ ആണ് ബെന്നിയുടെ ഭാര്യ . മക്കൾ: ഏയ്ഞ്ചൽ ട്രീസ ബെന്നി, അനീറ്റ ട്രീസ ബെന്നി.

LEAVE A REPLY

Please enter your comment!
Please enter your name here