കോഴിക്കോട്∙ മറ്റൊരു കേരള സ്റ്റോറി. പ്രവാസികളും നാട്ടുകാരും കൈകോർത്തപ്പോൾ അബ്ദുൽ റഹീം തിരിച്ചുവരാൻ വഴിയൊരുങ്ങുന്നു. സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുകയായിരുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ മോചിപ്പിക്കാൻ നൽകേണ്ട 34 കോടിയെന്ന വലിയ ലക്ഷ്യം ദിവസങ്ങൾ കൊണ്ട് നേടിയിരിക്കുന്നു കേരളം. ഇനി മരണത്തിന് തൊട്ടരുകിൽനിന്നും അബ്ദുൽ റഹീം നാട്ടിലേക്ക് തിരിച്ചുവരും. പതിനെട്ടു വർഷമായി മകനെ കാത്തിരിക്കുന്ന എഴുപത്തിയഞ്ചുകാരിയായ മാതാവ് ഫാത്തിമയുടെ തോരാക്കണ്ണീർ പുഞ്ചിരിക്ക് വഴിമാറും.നാല് ദിവസം മുൻപ് അഞ്ച് കോടി മാത്രമായിരുന്നു സമിതിക്ക് ലഭിച്ചത്. ധനസമാഹരണത്തിന് പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ‌ തിരുവനന്തപുരം മുതൽ കാസർകോട് വരെ യാചകയാത്ര നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. സമൂഹത്തിലെ വിവിധതുറകളിലുള്ള ജനങ്ങൾ ധനസഹായവുമായി മുന്നോട്ടുവന്നു. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, തെരുവോരങ്ങൾ തുടങ്ങിയ പൊതുഇടങ്ങളിൽ ജനങ്ങളോട് സഹായം തേടിയിരുന്നു. മോചനദ്രവ്യം നൽകാനുള്ള കാലാവധി നീട്ടാൻ സൗദി അധികൃതരുമായി നയതന്ത്ര ഇടപെടൽ നടത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിവേദനം നൽകുമെന്നും ബോബി ചെമ്മണ്ണൂർ അറിയിച്ചിരുന്നു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ എന്നിവർ രക്ഷാധികാരികളായതാണ് റഹീമിന്റെ മോചനദ്രവ്യത്തിനായി ശ്രമിക്കുന്ന ജനകീയ സമിതി. അറബിയുടെ ഭിന്നശേഷിക്കാരനായ 15 വയസുള്ള മകനെ പരിചരിച്ചിരുന്ന റഹീമിന്റെ കൈ അറിയാതെ തട്ടി കുട്ടിയുടെ കഴുത്തിൽ ഭക്ഷണവും വെള്ളവും നൽകാൻ ഘടിപ്പിച്ച ഉപകരണത്തിന്റെ ട്യൂബ് സ്ഥാനം മാറി കുട്ടി മരിച്ചതിലാനാണ് വധശിക്ഷ വിധിച്ചത്. 2006ലായിരുന്നു സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here