തിരുവനന്തപുരം: ആറു വർഷം മുൻപ് കാണാതായ കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിലെ രണ്ടാംവർഷ ബി.കോം വിദ്യാർത്ഥിയായിരുന്ന ജെസ്ന മരിയ ജയിംസ് ജീവിച്ചിരിപ്പില്ലെന്നും പ്രതിയെന്ന് സംശയിക്കുന്ന അജ്ഞാത സുഹൃത്തിന്റെ ചിത്രങ്ങളടക്കം ഡിജിറ്റൽ തെളിവുകൾ നൽകാമെന്നും പിതാവ് ജെയിംസ് കോടതിയെ അറിയിച്ചു.സി.ബി.ഐ ശരിയായി അന്വേഷിച്ചാൽ സുഹൃത്തിന്റെ ചിത്രങ്ങളടക്കം തെളിവ് നൽകാമെന്നും ഹർജിയിൽ വ്യക്തമാക്കി.അതേക്കുറിച്ച് വിവരം നൽകിയിട്ടും സി.ബി.ഐ അന്വേഷിച്ചില്ലെന്നും അഡ്വ. ശ്രീനിവാസൻ വേണുഗോപാൽ മുഖേന ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. തുടർന്ന് സി.ബി.ഐ ഉദ്യോഗസ്ഥനോട് 19ന് നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവിട്ടു. അന്വേഷണത്തിലെ ചെറിയവീഴ്ച പോലും വലിയ പിശകിൽ കലാശിച്ചേക്കാം. സി.ബി.ഐ പിന്നിലുണ്ടെന്ന് അറിഞ്ഞാൽ അജ്ഞാത സുഹൃത്ത് തെളിവുകൾ നശിപ്പിക്കുമെന്ന ഭയമുണ്ട്. ജെസ്‌ന എല്ലാ വ്യാഴാഴ്ചയും രഹസ്യമായി പ്രാർത്ഥനയ്ക്ക് പോയിരുന്ന സ്ഥലം താൻ കണ്ടെത്തി. ജെസ്‌നയെ കാണാതായതും ഒരു വ്യാഴാഴ്ചയാണ്. ഈ ദിശയിൽ അന്വേഷണമുണ്ടായിട്ടില്ല.സി.ബി.ഐ ആകെ സംശയിച്ചത് ജെസ്‌നയുടെ സഹപാഠിയെയാണ്. അയാളെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കി. ജെസ്‌നയെ കാണായതിന്റെ തലേദിവസമുണ്ടായ അമിത രക്തസ്രാവത്തിന്റെ കാരണം കണ്ടെത്താൻ ശ്രമിച്ചില്ല. മാസമുറയാണോ ഗർഭകാലത്ത് ഉണ്ടാകാനിടയുള്ള അമിത രക്തസ്രാവമാണോ എന്നും അന്വേഷിച്ചില്ല. ജെസ്‌നയുടെ മുറിയിൽ നിന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ശേഖരിച്ച രക്തംപുരണ്ട വസ്ത്രത്തെക്കുറിച്ചും അന്വേഷണമുണ്ടായില്ല.പിതാവ് ഉന്നയിച്ച എല്ലാ കാര്യങ്ങളിലും അന്വേഷണം നടത്തിയെന്ന് സി.ബി.ഐ മറുപടി നൽകി. തുടരന്വേഷണം ആവശ്യമില്ലെന്നും കോടതിയെ അറിയിച്ചു. എന്നാൽ, പിതാവിന്റെ ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി നൽകിയില്ല. അന്വേഷണ ഉദ്യോഗസ്ഥനോട് കോടതിക്ക് വിവരങ്ങൾ നേരിട്ട് ചോദിച്ച് മനസിലാക്കാമെന്ന് പ്രോസിക്യൂട്ടർ പറഞ്ഞതോടെയാണ് ഹാജരാകാൻ ഉത്തരവിട്ടത്.പത്തനംതിട്ട മുക്കോട്ടുത്തറ കല്ലുമൂല കുന്നത്ത് ഹൗസിൽ നിന്ന് 2018 മാർച്ച് 22ന് പുറപ്പെട്ട ജസ്‌ന ഓട്ടോറിക്ഷയിൽ എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തി. അവിടെ നിന്ന് ശിവഗംഗ എന്ന ബസിൽ മുണ്ടക്കയത്തേക്ക് പോയി. പുലിക്കുന്നിനും വരെ ഇതേ ബസിൽ ഉണ്ടായിരുന്നതായി കണിമല ബാങ്കിന്റെ സി.സി ടിവി ദൃശ്യങ്ങളിലുണ്ട്. പുലിക്കുന്നിനും  മുണ്ടക്കയത്തിനും ഇടയിലാണ് കാണാതായത്.

LEAVE A REPLY

Please enter your comment!
Please enter your name here