കോട്ടയം:സംസ്ഥാനത്തെ ആദ്യത്തെ മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമമായി തിരഞ്ഞെടുക്കപ്പെട്ട കോട്ടയം ജില്ലയിലെ അയ്മനം ഗ്രാമപഞ്ചായത്തിൽ സഞ്ചാരികളെ ആകർഷിക്കാൻ വാട്ടർ ഫ്രണ്ട് ടൂറിസം പദ്ധതിയുമായി സംസ്ഥാന സർക്കാർ. പഞ്ചായത്തിൽ നിർമ്മാണം പൂർത്തിയാക്കിയ വലിയമടവാട്ടർ ഫ്രന്റ് ടൂറിസം പദ്ധതിയും ചീപ്പുങ്കൽ ഹൗസ് ബോട്ട് ടെർമിനലും ഉദ്‌ഘാടന സജ്ജമായി.4.85 കോടി രൂപ ചെലവഴിച്ച് അയ്മനം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 5.5 ഏക്കർ വിസ്തൃതിയുള്ള വലിയമട കുളം നവീകരിച്ചാണ് വാട്ടർ ഫ്രന്റ് ടൂറിസം പദ്ധതി നടപ്പിലാക്കിയത്. കളർമ്യൂസിക്ക് വാട്ടർ ഫൗണ്ടൻ, ഫ്ളോട്ടിങ്ങ് റെസ്റ്റൊറന്റ്, ഫ്‌ളോട്ടിങ്ങ് വാക്ക് വേ, പെഡൽ ബോട്ടിംഗ്, റയിൻ ഷട്ടർ, ഇരിപ്പിടങ്ങൾ, കുട്ടികൾക്കുള്ള കളിയിടം, സൈക്ലിങ് ഏരിയ, പൂന്തോട്ടം തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കുമരകം ഡെസ്റ്റിനേഷൻ ഡെവലപ്പ്‌മെന്റ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി 1.44 കോടി രൂപ ചെലവഴിച്ചാണ് ചീപ്പുങ്കൽ ഹൗസ് ബോട്ട് ടെർമിനൽ പൂർത്തികരിച്ചത്.പദ്ധതികളുടെ ഉദ്ഘാടനം മാർച്ച് 12 ന് വലിയമടവാട്ടർ ഫ്രണ്ട് ടൂറിസം സൈറ്റിൽ വെച്ച് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. സഹകരണ- തുറമുഖം വകുപ്പ് മന്ത്രി വി.എൻ വാസവൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here