മാള : ചരിത്രത്തിന്റെ വാതായനങ്ങൾ തുറന്ന് ആലത്തൂർ മഹാവിഷ്ണു ക്ഷേത്രം. 1906 ലെ ഓടുകളാണ് ഏറ്റവും വിസ്മയകരമായിട്ടുള്ളത്. ഇപ്പോൾ മഷിയിട്ട് നോക്കിയാൽ പോലും കാണാത്ത ‘മുക്കാൽ ഓട്, അര ഓട്, കാൽ ഓട് ‘ എന്നിവയാണ് ക്ഷേത്ര നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. പട്ടിക അടിക്കാൻ ഉപയോഗിച്ചിരിക്കുന്നത് ആലയിൽ കൈകൊണ്ട് നിർമ്മിച്ച ചതുരൻ ആണികളാണെന്നുള്ളതും കൗതുകം പകരുന്നു. തൃശൂർ മണലി സെന്റ് എബ്രഹാംസ് ടൈൽ വർക്‌സിൽ നിർമ്മിച്ചവയാണ് ഈ ഓടുകൾ എന്നാണ് നിഗമനം. ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കിടയിലാണ് ഇവ ശ്രദ്ധയിൽപ്പെട്ടത്. ശ്രീകോവിലിന് ചുറ്റും മേഞ്ഞിരുന്ന മാടോടുകളും നേരത്തെ കിട്ടിയിട്ടുണ്ട്. പഴയ മാടമ്പി വിളക്കും ഇവിടെയുണ്ട്. ഗ്രാമ ഭരണവുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്നു ഈ ക്ഷേത്രം. ക്ഷേത്രത്തിന്റെ നിർമ്മാണം വിജയനഗര ശൈലിയിലാണെന്ന് ചരിത്രപണ്ഡിതൻ ഡോക്ടർ എം.ജി. ശശിഭൂഷൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. ക്ഷേത്ര രേഖകൾ പ്രകാരം കൊല്ലപ്പണി കൂടത്തിങ്കൽ കുടുംബത്തിനും കൽപ്പണി അമ്പലക്കാടനും മരപ്പണി തേവരുപറമ്പിലുമാണ്.
1905ൽ കൊച്ചി സ്റ്റേറ്റിൽ 62 ഊരായ്മ ക്ഷേത്രങ്ങളൊഴികെ ബാക്കിയുള്ളവ സ്റ്റേറ്റിന്റെ അധികാരത്തിലാക്കി. അടൂർ ഗ്രാമത്തിലെ പ്രധാന ദേവസ്വങ്ങളായിരുന്ന വെണ്ണൂർ-ആലത്തൂർ ദേവസ്വം, കീഴടൂർ മംഗല തൃക്കോവ് എന്നീ രണ്ട് ദേവസ്വങ്ങൾ ഊരാഴ്മ ഭരണത്തിൽ നിലനിറുത്തി. ഇതിൽ കീഴടൂർ മംഗല തൃക്കോവ് ദേവസ്വം അടുത്ത കാലത്ത് കൊച്ചി ദേവസ്വം ബോർഡിന് കൈമാറി. ചരിത്രസ്മരണയിൽ നിലനിൽക്കുന്നത് ഇനി വെണ്ണൂർ ആലത്തൂർ ദേവസ്വം മാത്രമാണ്. ആലത്തൂർ ദേവസ്വത്തിൽ നിന്നാണ് ആലത്തൂർ വില്ലേജ് ഓഫീസ് ഉണ്ടാകുന്നത്. ഇവിടത്തെ പോസ്റ്റ് ഓഫീസ് പണ്ട് ആലത്തൂർ പി.ഒ ആയിരുന്നു എന്നതും ചരിത്രം.30 ലക്ഷത്തോളം രൂപ ചെലവഴിച്ച് പാരമ്പര്യത്തനിമ നിലനിറുത്തിക്കൊണ്ടാണ് ക്ഷേത്രം നവീകരിക്കുന്നത്. പ്രാഥമിക ഘട്ടത്തിൽ ചുറ്റമ്പലത്തിന്റെ നവീകരണ പ്രവർത്തനങ്ങളാണ് നടത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here