2024 ഏപ്രില്‍ 22 ന് ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍, കേരളത്തില്‍ നിന്നുള്ള കലാകാരന്‍മാരായ ശ്രീ സദനം പുതിയവീട്ടില്‍ ബാലകൃഷ്ണന്‍, ശ്രീ നാരായണന്‍ ഇ പി എന്നിവര്‍ക്ക്  രാഷ്ട്രപതി പത്മശ്രീ നല്‍കി ആദരിച്ചു. ചടങ്ങില്‍ സാഹിത്യ-വിദ്യാഭ്യാസ രംഗത്തു പ്രവര്‍ത്തിക്കുന്ന  കേരളത്തില്‍ നിന്നുള്ള സ്വാമി മുനി നാരായണ പ്രസാദിനും രാഷ്ട്രപതി പത്മശ്രീ നല്‍കി ആദരിച്ചു.അവാര്‍ഡ് ജേതാക്കളുടെ ജീവിതത്തെയും പ്രവര്‍ത്തനത്തെയും കുറിച്ചുള്ള ചെറുകുറിപ്പ് ചുവടെ:ശ്രീ സദനം പുതിയവീട്ടില്‍ ബാലകൃഷ്ണന്‍ (പത്മശ്രീ)ഇന്ത്യന്‍ പുരാണങ്ങളെ അതിസങ്കീര്‍ണമായ രൂപത്തില്‍ അരങ്ങില്‍ എത്തിക്കുന്ന, അത്യധികം ശൈലീകൃതവും മനോഹരവുമായ കലാരൂപമായ കഥകളിയുടെ ആചാര്യന്‍.1944 ജനുവരി 15ന് വടക്കന്‍ കേരളത്തിലെ തളിപ്പറമ്പില്‍ ജനനം.  ശ്രീ ബാലകൃഷ്ണന്‍ ചെറുപ്പത്തില്‍ തന്നെ  ബ്രഹ്മശ്രീ കുറുമാത്തൂര്‍ നാരായണന്‍ നമ്പൂതിരിപ്പാടിന്റെ മേല്‍നോട്ടത്തില്‍ ‘ഗുരു കൊണ്ടിവീട്ടില്‍ നാരായണന്‍ നായര്‍ ആശാനില്‍’ നിന്ന് കഥകളി വിദ്യാഭ്യാസം നേടി. പ്രശസ്ത ഗുരുക്കന്‍മാരായ നാട്യാചാര്യന്‍ തേക്കിന്‍കാട്ടില്‍ രാമുണ്ണി നായര്‍, കീഴ്പ്പടം കുമാരന്‍ നായര്‍ (പത്മശ്രീ അവാര്‍ഡ് ജേതാവ്) എന്നിവരുടെ കീഴില്‍ പത്തുവര്‍ഷം ഗാന്ധി സേവാ സദന്‍ കഥകളി അക്കാദമിയില്‍ പഠിച്ചു.കേന്ദ്ര ഗവണ്‍മെന്റ്  സ്‌കോളര്‍ഷിപ്പോടെ എട്ടുവര്‍ഷത്തെ ഡിപ്ലോമയും രണ്ടുവര്‍ഷത്തെ പോസ്റ്റ് ഡിപ്ലോമയും  പൂര്‍ത്തിയാക്കി. അഭിനയം, ചിട്ടപ്പെടുത്തല്‍, അധ്യാപനം എന്നിങ്ങനെ കഥകളിയുമായി ബന്ധപ്പെട്ട മൂന്ന് മേഖലകളിലും അദ്ദേഹത്തിന്റെ പ്രാവീണ്യം അസാധാരണമായിരുന്നു. ലോകപ്രശസ്ത കലാകാരന്‍   എന്നതിലുപരി, സര്‍ഗ്ഗാത്മക എഴുത്തുകാരന്‍, സംവിധായകന്‍ എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. 35-ലധികം കഥകളുടെ നൃത്തസംവിധാനവും  അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്.

Downloadശ്രീ ബാലകൃഷ്ണന്‍ 1974 ല്‍ ന്യൂഡല്‍ഹിയിലെ  ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ കഥകളിയില്‍ ഏറ്റവും മുതിര്‍ന്ന കലാകാരനായി ചേര്‍ന്നു. 1980-ല്‍ പ്രിന്‍സിപ്പലും ഡയറക്ടറുമായി. 2007 വരെ  അവിടെ തുടര്‍ന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ കഥകളി അന്താരാഷ്ട്ര പ്രശസ്തി നേടുകയും കേന്ദ്ര   ഗവണ്‍മെന്റിന്റെ കാറ്റഗറി-1 നൃത്ത സ്ഥാപനമായി അംഗീകരിക്കപ്പെടുകയും ചെയ്തു. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ, സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ റിസോഴ്‌സസ് ആന്‍ഡ് ട്രെയിനിങ്, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ്, ഡല്‍ഹി സര്‍വകലാശാല, വിശ്വഭാരതി – കൊല്‍ക്കത്ത, ഭൂമിക, SPIC-MACAY, ഭാസ്‌കര, കലാക്ഷേത്ര ഫൗണ്ടേഷന്‍, ഫോക്ലാന്‍ഡ്, തിരനോട്ടം-ദുബായ്, അസോസിയേഷന്‍ ഡി റീച്ചെസ് ഡെസ് ട്രഡീഷന്‍സ് ഡി എല്‍’ആക്ടര്‍-ഫ്രാന്‍സ് (ARTA) എന്നിവിടങ്ങളിലും അദ്ദേഹം തന്റെ കലാസപര്യ നിര്‍വഹിച്ചിട്ടുണ്ട് . ഡല്‍ഹിയിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ കഥകളിയില്‍ നിന്ന് വിരമിച്ചതിന് ശേഷം, ചെന്നൈയിലെ കലാക്ഷേത്ര ഫൗണ്ടേഷനില്‍ (രുക്മിണി ദേവി കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ്) വിസിറ്റിംഗ് ഫെലോ ആയി പ്രവര്‍ത്തിച്ച അദ്ദേഹം അവിടെ   കഥകളി വകുപ്പിന്റെ തലവനുമായിരുന്നു.ശ്രീ ബാലകൃഷ്ണന്‍ വിവിധ അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തത്തെക്കുറിച്ചുള്ള നിരവധി വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും വിവിധ ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. സാംസ്‌കാരിക മന്ത്രാലയത്തിന്റെ സീനിയര്‍ ഫെല്ലോഷിപ്പോടെ പുതിയ കഥകളി ശൈലികള്‍ക്കായി മാനുവലും സിലബസും തയ്യാറാക്കിയിട്ടുണ്ട്. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ സാമ്പത്തിക സഹായത്തോടെയുള്ള ഉന്നത പഠനവും കഥകളിയുടെ വടക്കന്‍ ശൈലിയെക്കുറിച്ചുള്ള ഗവേഷണവും കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ പിന്തുണയോടെ നടത്തിയ പഠനങ്ങളില്‍ ചിലതാണ്.2004ല്‍ സംഗീത നാടക അക്കാദമി പുരസ്‌കാരം, 1998ല്‍ സാഹിത്യ കലാ പരിഷത്തിന്റെ (ഡല്‍ഹി) പരിഷത്ത് സമ്മാന്‍, 2006ല്‍ കേരള കലാമണ്ഡലം (കല്‍പ്പിത സര്‍വകലാശാല) പുരസ്‌കാരവും 2017ല്‍ ഫെലോഷിപ്പും, അമേരിക്കയിലെ ക്ലീവ്‌ലന്‍ഡിലെ ഭൈരവി ഫൈന്‍ ആര്‍ട്സില്‍ നിന്നുള്ള നൃത്യ കലാസാഗരം അവാര്‍ഡ് (2015), ഭരത കലാഞ്ജലി & ഭാസ്‌കരയില്‍ നിന്നുള്ള നടന ഭാസ്‌കര അവാര്‍ഡ് (2003), ഗാന്ധി സേവാ സദന്‍ കഥകളി അക്കാദമിയുടെ ഗുരു പട്ടിക്കന്‍തൊടി രാമുണ്ണി മേനോന്‍ അവാര്‍ഡ് (2006), ഹരിദ്വാര്‍ അയ്യപ്പക്ഷേത്രത്തില്‍നിന്ന് സ്വര്‍ണമെഡല്‍ (1999), കലാസ്‌നേഹി പുരസ്‌കാരം (1995), ആലാപതി രാമചന്ദ്ര റാവു കലാപീഠ പുരസ്‌കാരം (1991), ലണ്ടന്‍ മുദ്രാലയയില്‍ നിന്ന് സ്വര്‍ണമെഡല്‍ (1990), സ്വാതി തിരുനാള്‍ നാദലയ അവാര്‍ഡ് (1986), തളിപ്പറമ്പിലെ പ്രശസ്തമായ രാജരാജേശ്വര ക്ഷേത്രത്തില്‍ നിന്നുള്ള നാട്യാചാര്യ പുരസ്‌കാരം (2021), കേരള സംസ്ഥാന ഗവണ്മെന്റിന്റെ കഥകളി പുരസ്‌കാരം, ക്ഷേത്ര കലാ അക്കാദമി ഫെല്ലോഷിപ്പ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ബഹുമതികളും ശ്രീ ബാലകൃഷ്ണന് ലഭിച്ചിട്ടുണ്ട്.

ശ്രീ നാരായണന്‍ ഇ.പി. (പത്മശ്രീ)തെയ്യം അനുഷ്ഠാന കലാരൂപത്തിലെ ബഹുമുഖ വ്യക്തിത്വമാണ് ശ്രീ നാരായണന്‍ ഇ.പി.1956 ഒക്ടോബര്‍ 13-ന് കണ്ണൂര്‍ ജില്ലയില്‍, വടക്കന്‍ കേരളത്തിലെ പരമ്പരാഗത നാടോടി കലാരൂപമായ തെയ്യം അവതരിപ്പിക്കുന്ന കുടുംബത്തില്‍ ജനിച്ച ശ്രീ നാരായണന്‍, നാലാം വയസ്സില്‍ തെയ്യത്തിന്റെ പ്രാഥമിക പാഠങ്ങള്‍ പഠിച്ചു. ബാല്യത്തിലെ സാധനയ്ക്ക് അച്ഛന്‍ തന്നെയായിരുന്നു ഗുരു. പിന്നീട് മറ്റു രണ്ട് ആചാര്യന്മാരില്‍നിന്നു തെയ്യത്തെക്കുറിച്ച് പഠിച്ചു. തെയ്യം പഠിക്കാനുള്ള അഭിനിവേശംമൂലം ഹൈസ്‌കൂളില്‍ സ്‌കൂള്‍ പഠനം നിര്‍ത്താന്‍ നിര്‍ബന്ധിതനായി.

Download

ശ്രീ നാരായണന്‍ വളരെ ചെറുപ്പത്തില്‍ തന്നെ ആവശ്യമായ വൈദഗ്ധ്യം നേടിയശേഷം തെയ്യം അവതരിപ്പിക്കുന്ന യുവതലമുറയിലെ അംഗങ്ങള്‍ക്കു മാര്‍ഗനിര്‍ദേശം നല്‍കിവരുന്നു. കഴിഞ്ഞ 15 വര്‍ഷമായി ഒരേ തെയ്യത്തെ അദ്ദേഹം അനായാസമായി അവതരിപ്പിക്കുന്നു. കളരി പോലുള്ള ആയോധന കലകളില്‍ വൈദഗ്ധ്യം ആവശ്യമുള്ള കതിവന്നൂര്‍ വീരന്‍ തുടങ്ങിയ തെയ്യങ്ങളും അദ്ദേഹം കെട്ടിയിട്ുണ്ട്. ഒരു മണിക്കൂര്‍ കളരിപ്പയറ്റും അനുഷ്ഠാന നൃത്തവും കഴിഞ്ഞ് 18 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പ്രകടനവും ആവശ്യമായ കതിവന്നൂര്‍ വീരന്‍ ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് 300-ലധികം തവണ അദ്ദേഹം അവതരിപ്പിച്ചു. പുലര്‍ച്ചെ 5 മണിക്ക് തോറ്റംപാട്ടോ(ബന്ധപ്പെട്ട മൂര്‍ത്തിയെ പ്രാര്‍ഥിക്കുന്നതിനായി സാധാരണ പാടുന്ന തെയ്യം നാടോടി ഗാനം)ടെ ആരംഭിക്കുന്ന, ശരീരത്തിനു ചുറ്റും തീ കൊളുത്തിയ പുതിയ ഭാഗവതി തെയ്യം അദ്ദേഹം 13 മുതല്‍ 14 മണിക്കൂര്‍ വരെ സമയം തുടര്‍ച്ചയായി അവതരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഈ തെയ്യം 400ലധികം തവണ അവതരിപ്പിച്ചിട്ടുണ്ട്.15 മണിക്കൂറിലധികം നീണ്ടുനില്‍ക്കുന്ന മറ്റൊരു തെയ്യമായ മുച്ചിലോട്ട് ഭഗവതിയും കഴിഞ്ഞ 35 വര്‍ഷത്തിലേറെയായി അദ്ദേഹം കെട്ടിവരുന്നു. കീഴാറ്റൂര്‍ വെച്ചോട്ട് കാവില്‍ (ക്ഷേത്രം) 50 വര്‍ഷത്തോളം ഇടവേളകളില്ലാതെ ബാലി തെയ്യം അവതരിപ്പിച്ചു.ഒരു തെയ്യം കനലാടി (അര്‍പ്പണബോധമുള്ള കലാകാരന്‍) എന്ന നിലയില്‍ ശ്രീ നാരായണന്‍ അടുത്ത തലമുറയെ തെയ്യത്തിന്റെ അനുഷ്ഠാന കലാരൂപം പിന്തുടരാന്‍ പ്രോല്‍സാഹിപ്പിക്കുന്നു. ശിഷ്യരെ തോറ്റംപാട്ടു പഠിപ്പിക്കുന്നുമുണ്ട്. തെയ്യങ്ങള്‍ക്കു ചാരുത പകരാനുള്ള ആഭരണങ്ങളും ആവശ്യമായ അലങ്കാരങ്ങളും തയ്യാറാക്കുകയും ചെയ്യുന്നുണ്ട്. അവ നിര്‍മിക്കാനുള്ള നൈപുണ്യം നേടിയെടുക്കുകവഴിയാണ് ഇതു സാധ്യമായത്.സംസ്ഥാനതല അവാര്‍ഡ് ജേതാവാണ് ശ്രീ നാരായണന്‍. അര്‍പ്പണബോധത്തിനും ആത്മാര്‍ത്ഥതയ്ക്കും മനോഭാവത്തിനും ഉത്സാഹത്തിനും രാജ്യവ്യാപകമായ അംഗീകാരവും നേടിയിട്ടുണ്ട്.സ്വാമി മുനി നാരായണ പ്രസാദ് (പത്മശ്രീ)നാരായണ ഗുരുകുല ഫൗണ്ടേഷന്‍ തലവനും ഗുരുവുമാണ് സ്വാമി മുനി നാരായണ പ്രസാദ്1938 ഡിസംബര്‍ 9 ന് ജനിച്ച സ്വാമി മുനി നാരായണ പ്രസാദ് തൊഴില്‍പരമായി സിവില്‍ എന്‍ജിനീയറായിരുന്നു. ആത്മീയ/ദാര്‍ശനിക വിഷയങ്ങളോട് അദ്ദേഹത്തിനുള്ള ആഭിമുഖ്യം 1968ല്‍ സംസ്ഥാന പൊതുമരാമത്തു വകുപ്പില്‍നിന്നുള്ള രാജിയില്‍ കലാശിച്ചു. രാജിക്കുശേഷം അദ്ദേഹം നാരായണ ഗുരുകുലത്തില്‍ അന്തേവാസിയായി ചേര്‍ന്നു. പിന്നീട് നടരാജ ഗുരുവായിത്തീര്‍ന്ന പി.നടരാജനാണ് 1923 ജൂണ്‍ എട്ടിനു നാരായണ ഗുരുകുലം സ്ഥാപിച്ചത്. നാരായണ ഗുരുവിന്റെ നേരിട്ടുള്ള ശിഷ്യനായിരുന്ന അദ്ദേഹം, തന്റെ ഗുരുവിന്റെ അനുഗ്രഹത്തോടെയാണ് നാരായണ ഗുരുകുല സ്ഥാപിച്ചത്. കേരളത്തിലെ വര്‍ക്കല ആസ്ഥാനമായുള്ള, ഇന്ത്യന്‍ (ഹിന്ദു) പാരമ്പര്യമനുസരിച്ചുള്ള ഒരു ഗുരു-ശിഷ്യ കേന്ദ്രമാണിത്. കേരളത്തിലെ 15 കേന്ദ്രങ്ങള്‍ക്കുപുറമേ, നാരായണ ഗുരുകുലത്തിന് ഊട്ടിയിലും ബാംഗ്ലൂരിലും സിംഗപ്പൂര്‍, യുഎസ്എ, ഫിജി എന്നിവിടങ്ങളിലും ശാഖകളുണ്ട്. സ്വാമി മുനി നാരായണ പ്രസാദ് 1999ല്‍ തലവനും ഗുരുവുമായി സ്ഥാനമേറ്റു. ഭാരതീയ തത്വശാസ്ത്രം പഠിപ്പിക്കാനായി ഇന്ത്യയില്‍ വ്യാപകമായി സഞ്ചരിച്ച അദ്ദേഹം, 1989-91 കാലത്തു ഫിജിയിലെ ഗീത ആശ്രമത്തിന്റെ അധിപനായിരുന്നു.

Download

സ്വാമി മുനി നാരായണ പ്രസാദ് 130 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. അതില്‍ 100 എണ്ണം മലയാളത്തിലും 30 എണ്ണം ഇംഗ്ലീഷിലും ഉള്ളതാണ്. അദ്ദേഹത്തിന്റെ ഏതാനും പുസ്തകങ്ങള്‍ ഹിന്ദിയിലേക്കും ഒരു പുസ്തകം ആസാമിയിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. സ്വാമി മുനി നാരായണ പ്രസാദിന്റെ കൃതികള്‍ ഭാരതീയ ചിന്തയുടെ ചലനാത്മകത വെളിപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കൃതികളെ ഏകദേശം മൂന്നു വിഭാഗങ്ങളായി തിരിക്കാം. ഉപനിഷത്തുക്കളുടെയും ഭഗവദ് ഗീതയുടെയും വ്യാഖ്യാനങ്ങള്‍, നാരായണ ഗുരുവുമായി ബന്ധപ്പെട്ട കൃതികള്‍, ജനപ്രിയ ലേഖനങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതു ദാര്‍ശനിക വിഷയങ്ങളെക്കുറിച്ചുള്ള കൃതികള്‍ എന്നിവയാണവ.സ്വാമി മുനി നാരായണ പ്രസാദ് മലയാളത്തിലും ഇംഗ്ലീഷിലും ഐതരേയ, ഈശാവസ്യ, കേന, പ്രശ്‌ന, മാണ്ഡൂക്യ, തൈത്തിരിയ, ശ്വേതാശ്വതര, ഛാന്ദോഗ്യ ഉപനിഷത്തുകള്‍ക്ക് വ്യാഖ്യാനങ്ങള്‍ എഴുതിയിട്ടുണ്ട്. ഭഗവദ്ഗീതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഇംഗ്ലീഷ് വ്യാഖ്യാനമാണ് ‘ലൈഫ്‌സ് പില്‍ഗ്രിമേജ് ത്രൂ ഗീത’. നാഷണല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ ‘നാരായണ ഗുരു: സമ്പൂര്‍ണ്ണ കൃതികള്‍’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. വേദാന്തസൂത്ര വ്യാഖ്യാനങ്ങള്‍, നാരായണ ഗുരുവിന്റെ ദര്‍ശനമാല, ‘നാരായണ ഗുരുവിന്റെ തത്വശാസ്ത്രം’, ‘ഇന്ത്യയുടെ ജ്ഞാനത്തെക്കുറിച്ചുള്ള അടിസ്ഥാന പാഠങ്ങള്‍’, ‘യുവാക്കള്‍ക്കായി ലളിതമാക്കിയ ശുദ്ധ തത്വചിന്ത’, ‘നാരായണഗുരു വരെയുള്ള വേദാന്തം’, ‘കര്‍മവും പുനര്‍ജന്മവും’ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു കൃതികള്‍. ബൈബിളിലെ സുവിശേഷങ്ങളെ വേദാധിഷ്ഠിത വീക്ഷണകോണിലൂടെ ‘ക്രിസ്തു ഗുരു’ വ്യാഖ്യാനിക്കുന്നു, ‘അല്ലാഹുവിന്റെ നാമത്തില്‍’ എന്ന മലയാള പുസ്തകം ഖുര്‍ആനില്‍ നല്‍കിയിരിക്കുന്ന അല്ലാഹുവിന്റെ നൂറു നാമങ്ങളെ അതേ കോണിലൂടെ വ്യാഖ്യാനിക്കുന്നു. അതിന്റെ ഇംഗ്ലീഷ് പതിപ്പ് ‘ഇന്‍ ദി നെയിം ഓഫ് അള്ളാ’ ആണ്.കേരള സാഹിത്യ അക്കാദമിയുടെ രണ്ട് പുരസ്‌കാരങ്ങള്‍ സ്വാമി മുനി നാരായണ പ്രസാദ് നേടിയിട്ടുണ്ട്. ശങ്കരാചാര്യരുടെ സൗന്ദര്യലഹരിയുടെ വ്യാഖ്യാനം ഇംഗ്ലീഷില്‍നിന്നു മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തതിനാണ് 2015ലെ മികച്ച വിവര്‍ത്തന പുരസ്‌കാരം ലഭിച്ചത്. ആത്മായനം എന്ന ആത്മകഥയ്ക്ക് 2018-ലെ മികച്ച ആത്മകഥ അവാര്‍ഡും ലഭിച്ചു. വിവിധ സംഘടനകള്‍ ഏര്‍പ്പെടുത്തിയ മറ്റു പത്ത് അവാര്‍ഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here