കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ കോട്ടയം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐ.ഐ.ഐ.ടി.), ഹൈബ്രിഡ് രീതിയില്‍ നടത്തുന്ന, ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. റിസര്‍ച്ച് ഓറിയന്റഡ് മെന്റര്‍മാരുമൊത്ത് പ്രവര്‍ത്തിച്ച് ഗവേഷണം നടത്താന്‍ ഇന്റേണ്‍മാര്‍ക്ക് അവസരം നല്‍കുന്ന പ്രോഗ്രാം നാല് മുതല്‍ എട്ട് ആഴ്ചകള്‍വരെ നീണ്ടുനില്‍ക്കാം. ഇതില്‍ രണ്ടാഴ്ച ഇന്‍സ്റ്റിറ്റ്യൂട്ടില്‍വെച്ചു നടത്തുന്ന ഓഫ് ലൈന്‍ രീതിയിലുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ആയിരിക്കും. അതിനുശേഷവും ഇന്റേണിന് മെന്ററുമൊത്തുള്ള ഗവേഷണപ്രവര്‍ത്തനങ്ങള്‍ തുടരാവുന്നതാണ്.യു.ജി., പി.ജി. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ബി.ഇ., ബി.ടെക്., ബി.എസ്സി., ബി.സി.എ. തുടങ്ങിയ യു.ജി. ബിരുദമുള്ളവര്‍ക്കും എം.ടെക്., എം.ഇ., എം.എസ്സി., എം.സി.എ. തുടങ്ങിയ പി.ജി. ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം. ഇന്റേണ്‍ഷിപ്പ് ഫീ 5000 രൂപയാണ്.

അപേക്ഷയുടെ ഭാഗമായി നല്‍കേണ്ട രേഖകള്‍:

(i) കരിക്കുലം വിറ്റ/റെസ്യൂമെ

(ii) കോട്ടയം ഐ.ഐ.ഐ.ടി.യിലെ മെന്ററുടെ സമ്മതപത്രം. ഇതു ലഭിക്കുന്നതിനായുള്ള നടപടിക്രമം വെബ്സൈറ്റിലെ ഇന്റേണ്‍ഷിപ്പ് വിജ്ഞാപനത്തില്‍ ഉണ്ട്. താത്പര്യമുള്ള മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഒരു ഫാക്കല്‍ട്ടിയെ മെന്ററായി തിരഞ്ഞെടുക്കണം. വെബ്സൈറ്റിലെ ഫാക്കല്‍ട്ടി പ്രൊഫൈലില്‍ ലഭിക്കുന്ന ഇ-മെയില്‍ വിലാസത്തില്‍ അവരുമായി മെയില്‍ വഴി ബന്ധപ്പെട്ട്, നിശ്ചിത ഫോര്‍മാറ്റില്‍ (ഫോര്‍മാറ്റ് സൈറ്റില്‍ ഉണ്ട്) സമ്മതം വാങ്ങാം

(iii) കോഴ്സ് പൂര്‍ത്തിയാക്കിയ/ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനത്തില്‍നിന്ന് നിശ്ചിതമാതൃകയില്‍ വാങ്ങിയ ബൊണോഫൈഡ് സര്‍ട്ടിഫിക്കറ്റ്/എന്‍.ഒ.സി.

അപേക്ഷ internship.iiitkottayam.ac.in/ വഴി നല്‍കാം. ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യണം. രജിസ്ട്രേഷന്‍ പൂര്‍ത്തിയാകുമ്പോള്‍, വെരിഫിക്കേഷന്‍ ഇ-മെയില്‍ അപേക്ഷാര്‍ഥിക്ക് ലഭിക്കും. അതില്‍ ക്ലിക്കു ചെയ്യുമ്പോള്‍ ലോഗിന്‍ പേജില്‍ എത്തും. ഇന്റേണ്‍ഷിപ്പ് ഫീ 5000 രൂപ ഓണ്‍ലൈനായി അടയ്ക്കണം. അപേക്ഷ നല്‍കാനും ഫീ അടയ്ക്കാനും ഉള്ള അവസാന തീയതി ഏപ്രില്‍ 21 ആണ്. ഇന്റേണ്‍ഷിപ്പ് മേയ് ആറിന് തുടങ്ങും. ഇന്റേണ്‍ഷിപ്പ് വിജയകരമായി പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് മെന്റര്‍ക്കു നല്‍കുന്ന മുറയ്ക്ക് ഇ-സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here