തിരുവനന്തപുരം : തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങൾ ഓൺലൈനായി ലഭിക്കുന്ന കെ സ്മാർട്ടിൽ ഇനി കെട്ടിട രേഖകളും ലഭിക്കും. 93 തദ്ദേശസ്ഥാപനങ്ങളിലെ 38 ലക്ഷം കെട്ടിടങ്ങളുമായി ബന്ധപ്പെട്ട്‌ 77 കോടി രേഖകൾ കെ സ്മാർട്ടിൽ ഉൾപ്പെടുത്തും. ഇതോടെ തദ്ദേശസ്ഥാപനങ്ങൾ വഴി ഭൂമി, കെട്ടിട സംബന്ധമായ എല്ലാ സേവനങ്ങളും സുഗമമായി നടത്താനാകും. ഭൂമിസംബന്ധമായ രേഖകൾക്ക് പുറമേയാണ് കെട്ടിടരേഖകളും ഉൾപ്പെടുത്തുന്നത്. 87 ന​ഗരസഭയും ആറ് കോർപറേഷനും അടങ്ങുന്ന 93 തദ്ദേശ സ്ഥാപനങ്ങളിലെയും സേവനങ്ങൾക്ക് വേണ്ട മുഴുവൻ രേഖകളും കെ സ്മാർട്ടിലേക്ക് ഉൾപ്പെടുത്തി. ഇതുവഴി പൊതുജനങ്ങൾ ആവശ്യപ്പെടുന്ന രേഖകൾ വാട്‌സ്ആപ്പിലൂടെ ലഭ്യമാക്കും. തദ്ദേശ സ്ഥാപനങ്ങളിലൂടെ ലഭിക്കുന്ന മുഴുവൻ സേവനങ്ങളും മൊബൈൽ ആപ്പിലൂടെ ഏതൊരു പൗരനും ലഭ്യമാകുന്ന ഡിജിറ്റൽ പദ്ധതിയാണ് കെ സ്മാർട്ടിലൂടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്. 

ജനന, മരണ, വിവാഹ രജിസ്ട്രേഷൻ, കെട്ടിട നികുതി, വ്യാപാരങ്ങൾക്കും വ്യവസായങ്ങൾക്കുമുള്ള ലൈസൻസ്, പൊതുജന പരാതി പരിഹാരം എന്നിങ്ങനെ 10 തരം സേവനങ്ങളാണ് ലഭ്യമാക്കുന്നത്. അടുത്ത ഘട്ടത്തിൽ ഗ്രാമസഭ മീറ്റിങ് മാനേജ്‌മെന്റ്, പെൻഷൻ സേവനങ്ങൾ, സർവേ ആൻഡ് ഫോംസ്, മാലിന്യ സംസ്കരണം, ദുരന്ത നിവാരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട സേവനങ്ങളും ലഭ്യമാകും. ഇൻഫർമേഷൻ കേരള മിഷനാണ് (ഐകെഎം) കെ സ്മാർട്ട്  (കേരള സൊല്യൂഷൻസ് ഫോർ മാനേജിങ്‌ അഡ്മിനിസ്ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻഫർമേഷൻ) വികസിപ്പിച്ചത്. സംസ്ഥാനത്തിന്റെ  ശ്രദ്ധേയ ചുവടുവയ്‌പ് നേരിട്ടറിഞ്ഞ് മറ്റ് സംസ്ഥാനങ്ങൾ കെ- സ്മാർട്ട് മാതൃകയിൽ സോഫ്റ്റ്‍വെയർ വികസിപ്പിക്കാൻ ഐകെഎമ്മിനെ സമീപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here