ഡെന്മാര്‍ക്കിലെ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയണ്‍മെന്റ് എജുക്കേഷന്റെ ഇക്കോ ലേബല്‍ ബ്ലൂഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ് വീണ്ടും കാപ്പാട് ബീച്ചിന് ലഭിച്ചു. സംസ്ഥാനത്ത് ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്ന ആദ്യത്തെ ബീച്ചാണിത്. മൂന്നുവര്‍ഷം മുമ്പ് ബീച്ചിന് ബ്‌ളൂഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. ഉത്തര കന്നഡയിലെ ഹൊന്നാവറിനടുത്തുള്ള കാസര്‍കോട് ബീച്ച്, ഉഡുപ്പിക്ക് സമീപമുള്ള പടുബിദ്രി ബീച്ച് എന്നിവയ്ക്കും നേരത്തേ ഈ പദവി ലഭിച്ചിരുന്നു.ഇന്ത്യയില്‍ എട്ടുബീച്ചുകള്‍ക്കാണ് ബ്‌ളൂഫ്‌ളാഗ് പദവി ലഭിച്ചത്. തീരശുചിത്വം, സുരക്ഷ, സേവനങ്ങള്‍, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട 33 കര്‍ശന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സര്‍ട്ടിഫിക്കറ്റ് നല്‍കുക.മികച്ച പരിസ്ഥിതിപ്രവര്‍ത്തകരും ശാസ്ത്രജ്ഞരും ഉള്‍പ്പെട്ട ജൂറിയാണ് സര്‍ട്ടിഫിക്കറ്റിനായി ബീച്ചുകള്‍ പരിശോധിക്കുക. കാപ്പാടിന്റെ പരിസ്ഥിതിസൗഹൃദസമീപനം, സൗരോര്‍ജത്തിന്റെ വിനിയോഗം, കാര്യക്ഷമമായ മാലിന്യസംസ്‌കരണരീതികള്‍, പ്രാദേശിക ജൈവവൈവിധ്യസംരക്ഷണം തുടങ്ങിയ വിവിധ കാര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടാണ് കാപ്പാട് ഇത്തവണയും ബ്ലൂ ഫ്‌ളാഗ് പട്ടികയില്‍ കയറിയതെന്ന് കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് പറഞ്ഞു.

ലോകത്തിലെ ഏറ്റവുംവൃത്തിയുള്ള കടല്‍ത്തീരങ്ങളിലൊന്ന് എന്ന കാപ്പാടിന്റെ പദവിയെയാണ് ബ്ലൂ ഫ്‌ളാഗ് അംഗീകാരം സൂചിപ്പിക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു.പരിസ്ഥിതിസൗഹൃദ ബീച്ചുകള്‍ക്കാണ് രാജ്യാന്തര ബ്ലൂഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ് നല്‍കുക. അതില്‍ പ്രധാനം മാലിന്യമുക്ത തീരമാണ്. സഞ്ചാരികളുടെ സുരക്ഷ, ശുദ്ധമായ വെളളം എന്നിവയും പ്രധാനം. കാപ്പാടിന്റെ തീരം എപ്പോഴും വൃത്തിയും വെടിപ്പുമുള്ളതുമാക്കി മാറ്റാന്‍ മുപ്പതോളം വനിതകളാണ് ശുചീകരണത്തില്‍ ഏര്‍പ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here