ഐക്യരാഷ്‌ട്ര കേന്ദ്രം : ഗാസയിൽ റംസാൻ മാസത്തിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന പ്രമേയം പാസാക്കി ഐക്യരാഷ്‌ട്ര സംഘടനാ രക്ഷാസമിതി.  15 അംഗ രക്ഷാസമിതിയിലെ 14 രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചു. ഇസ്രയേൽ സഖ്യ കക്ഷിയായ അമേരിക്ക വോട്ടെടുപ്പിൽനിന്ന്‌ വിട്ടുനിന്നു. ​​ഗാസയില്‍ ഇസ്രയേലിന്റെ നരമേധം ആറാംമാസത്തിലേക്ക് കടക്കവെയാണ് യുഎന്നിന് വിഷയത്തില്‍ പ്രമേയം പാസാക്കാന്‍ സാധിച്ചത്. അർജീരിയ അടക്കം പത്ത് രാജ്യങ്ങളാണ്‌ പ്രമേയം മുന്നോട്ടുവച്ചത്‌. ഇസ്രയേലിൽനിന്ന്‌ ഹമാസ്‌ പിടിച്ചുകൊണ്ടുപോയ 130 ബന്ദികളെ മോചിപ്പിക്കണമെന്നും പ്രമേയം ആഹ്വാനം ചെയ്‌തു. ഗാസയിൽ പട്ടിണിയിലായ സാധാരണക്കാർക്ക്‌ ജീവൻരക്ഷാ സഹായം അനുവദിക്കണം. ഗാസ മുനമ്പിലെ മുഴുവൻ ജനങ്ങളുടെയും സംരക്ഷണം ശക്തിപ്പെടുത്തുകയും  മാനുഷിക സഹായം വിപുലീകരിക്കുകയും വേണം. അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്കും പ്രമേയങ്ങൾക്കും അനുസൃതമായി മാനുഷിക സഹായം നൽകുന്നതിനുള്ള എല്ലാ തടസ്സങ്ങളും നീക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.  സ്ഥിരം വെടിനിർത്തല്‍ വേണമെന്ന പ്രമേയത്തിൽ കൂട്ടിച്ചേർക്കണമെന്ന് റഷ്യ ഭേദഗതി നിര്‍ദേശിച്ചെങ്കിലും പാസായില്ല. പ്രമേയം ഗാസയിലെ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കുമെന്ന് അൾജീരിയ പ്രത്യാശിച്ചു. പ്രമേയം നടപ്പാക്കണമെന്ന്‌ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌ അഭ്യര്‍ഥിച്ചു.  പ്രമേയം വീറ്റോ ചെയ്യാത്തതിൽ പ്രതിഷേധിച്ച്‌ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അമേരിക്കൻ സന്ദർശനം റദ്ദാക്കി.കഴിഞ്ഞ ദിവസം അമേരിക്ക ഇസ്രയേലിന്‌ അനുകൂലമായി കൊണ്ടുവന്ന താത്കാലിക വെടിനിർത്തൽ പ്രമേയം ചൈനയും റഷ്യയും വീറ്റോ ചെയ്‌തതോടെ പരാജയപ്പെട്ടിരുന്നു.  ഇതിനു മുമ്പ്‌ ​ഗാസവിഷയത്തില്‍ കൊണ്ടുവന്ന ഒമ്പത്‌ വെടിനിർത്തൽ പ്രമേയങ്ങളാണ്‌ പരാജയപ്പെട്ടത്‌. അതിൽ മൂന്നെണ്ണം അമേരിക്ക വീറ്റോ ചെയ്യുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here