കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ അനധികൃതമായി സ്ഥാപിച്ച 15,821 പ്രചാരണ സാമഗ്രികൾ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകൾ ഇതുവരെ നീക്കി. 13,811 പോസ്റ്ററുകളും 1,834 ബാനറുകളും 156 കൊടിതോരണങ്ങളും ഉൾപ്പെടെയാണിത്‌. സ്വകാര്യസ്ഥലത്ത് സ്ഥാപിച്ച 10 ബാനറുകളും ഒമ്പത്‌ പോസ്റ്ററുകളും ഒരു ചുവരെഴുത്തും ഉൾപ്പെടെ 20 പ്രചാരണ സാമഗ്രികളും നീക്കി. അനുവദനീയമല്ലാത്ത സ്ഥലങ്ങളിലെ ചുവരെഴുത്തുകൾ കരി ഓയിൽ ഉപയോഗിച്ച് മായ്ക്കുകയും നോട്ടീസുകൾ, പോസ്റ്ററുകൾ, ബാനറുകൾ, ബോർഡുകൾ എന്നിവ ഇളക്കി മാറ്റുകയുമാണ്‌ ചെയ്യുന്നത്. പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യുന്നതിനൊപ്പം നിയമലംഘനങ്ങൾ ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡുകൾ വീഡിയോയിൽ പകർത്തുന്നുമുണ്ട്. സാമഗ്രികൾ നീക്കം ചെയ്യുന്നത്‌ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തും. ഒരു മണ്ഡലത്തിൽ നാല് ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡാണ് പ്രവർത്തിക്കുന്നത്. ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളിലായി 36 ടീമുകൾ പ്രവർത്തിക്കുന്നു. ഒരോ സംഘത്തിലും ടീം ലീഡർ, രണ്ട്‌ അംഗങ്ങൾ, പൊലീസ് ഓഫീസർ, വീഡിയോഗ്രാഫർ എന്നിവരാണുള്ളത്. രാവിലെ ആറുമുതൽ രാത്രി 10വരെ രണ്ട്‌ ഷിഫ്റ്റുകളിലായാണ് പ്രവർത്തനം.

LEAVE A REPLY

Please enter your comment!
Please enter your name here