തൃശൂർ: സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. പാർട്ടിയുടെ ബാങ്ക് ഒഫ് ഇന്ത്യയിലെ അക്കൗണ്ടാണ് ആദായനികുതി വകുപ്പ് മരവിപ്പിച്ചത്. ഇന്നലെ ബാങ്കിൽ പരിശോധന നടന്നതിന് പിന്നാലെയാണ് നടപടി.കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിനെ ഇന്നലെ ഇഡി ചോദ്യം ചെയ്തിരുന്നു. സിപിഎം ജില്ലാ കമ്മിറ്റിക്ക് സമീപത്തായുള്ള തൃശൂരിലെ ബാങ്ക് ഒഫ് ഇന്ത്യയുടെ ബ്രാഞ്ചിൽ സിപിഎം ജില്ലാ കമ്മിറ്റിക്ക് അക്കൗണ്ട് ഉണ്ട്. 1998ൽ തുടങ്ങിയ ഈ അക്കൗണ്ടിൽ അഞ്ചുകോടി പത്ത് ലക്ഷം രൂപയാണുള്ളത്. കഴിഞ്ഞ ഏപ്രിൽ രണ്ടിന് ഈ അക്കൗണ്ടിൽ നിന്ന് ഒരുകോടി രൂപ പിൻവലിച്ചിരുന്നു. ഇക്കാര്യങ്ങൾ എൻഫോഴ്‌സ്‌‌മെന്റ് ഡയറക്‌ടറേറ്റ് ആദായനികുതി വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. തുടർന്നാണ് ആദായനികുതി വകുപ്പ് അക്കൗണ്ടുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പരിശോധിച്ചതെന്നാണ് വിവരം. സിപിഎം നൽകിയ ആദായനികുതി റിട്ടേണിൽ ഈ അക്കൗണ്ട് കാണിച്ചിരുന്നില്ല.

ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിന് പുറമെ ഇടപാടുകളും ആദായനികുതി വകുപ്പ് മരവിപ്പിച്ചു. ഇതുസംബന്ധിച്ച് ബാങ്ക് അധികൃതർക്ക് കത്ത് നൽകുകയും ചെയ്തു. അക്കൗണ്ടിൽ നിന്ന് പിൻവലിച്ച ഒരുകോടി രൂപ ചെലവഴിക്കരുതെന്നും സിപിഎം ജില്ലാ കമ്മിറ്റിക്ക് ആദായനികുതി വകുപ്പ് നിർദേശം നൽകി. അക്കൗണ്ടിലുള്ള പണത്തിന്റെ സാമ്പത്തിക സ്രോതസ് വ്യക്തമാക്കണമെന്നും ആദായനികുതി വകുപ്പ് നിർദേശം നൽകി. ഇക്കാര്യം ചാർട്ടേഡ് അക്കൗണ്ടന്റുമായി അടക്കം സംസാരിച്ചതിനുശേഷം മറുപടി നൽകാമെന്നാണ് സിപിഎം തൃശൂർ ജില്ലാ നേതൃത്വം ആദായനികുതി വകുപ്പിനെ അറിയിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here