തിരുവനന്തപുരം: ഇക്കുറി തെരഞ്ഞെടുപ്പിന്‌ സ്ഥാനാർഥികളും പാർടികളും മാത്രമല്ല പ്രചാരണ രംഗത്ത്‌. ഹരിതചട്ടത്തിന്റെ വിജയത്തിനായി തെരഞ്ഞെടുപ്പ്‌ കമീഷനും സജീവമായി പ്രചാരണത്തിന്‌ ഇറങ്ങുകയാണ്‌. തെരഞ്ഞെടുപ്പ്‌ അടിമുടി പരിസ്ഥിതിസൗഹൃദമാക്കാനുള്ള പ്രവർത്തനങ്ങളാണ്‌ “മാലിന്യമുക്തം നവകേരളം’ക്യാമ്പയിന്റെ ഭാഗമായി ശുചിത്വ മിഷന്റെ സഹകരണത്തോടെ നടത്തുന്നത്‌. 

ഹരിതചട്ടത്തിന്റെ പ്രചാരണത്തിനായി മൺപാത്രം, തുണിസഞ്ചി, സ്റ്റീൽകുപ്പി, സ്റ്റീൽ ഗ്ലാസ്‌, കോട്ടൺ ടൗവൽ, മുളപേന, ചിലയിടങ്ങളിൽ വൃക്ഷത്തൈ എന്നിവയടങ്ങിയ ‘ഹരിതകിറ്റും’ സ്ഥാനാർഥികൾക്ക്‌ നൽകിയിട്ടുണ്ട്‌. തെരഞ്ഞെടുപ്പ്‌ കമീഷൻ പുറത്തിറക്കിയ ഹരിതപെരുമാറ്റം സംബന്ധിച്ച കൈപുസ്തകവും ശുചിത്വമിഷന്റെ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുന്ന ലഘുലേഖയും കിറ്റിലുണ്ട്‌. അതത്‌ ജില്ലകളുടെ തനത്‌ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചാണ്‌ കിറ്റുകൾ തയ്യാറാക്കുന്നത്‌. സംസ്ഥാനത്തെ മുഴുവൻ സ്ഥാനാർഥികൾക്കും കിറ്റ്‌ ലഭ്യമാക്കുകയാണ്‌ ലക്ഷ്യം.

സ്ഥാനാർഥികളെ സ്വീകരിക്കാൻ പ്ലാസ്റ്റിക്‌ ഹാരങ്ങൾക്ക്‌ പകരം പൂക്കൾ, തോർത്ത്‌, തുണിത്തോരണങ്ങൾ, തുണിയിലെഴുതിയ ആർച്ചുകൾ എന്നിവയാണ്‌ ഉപയോഗിക്കേണ്ടത്‌. നിരോധിക്കപ്പെട്ടിട്ടുള്ള വസ്തുക്കളുടെ ഉപയോഗം പരമാവധി കുറയ്ക്കാൻ നേരത്തെ നിർദേശിച്ചിരുന്നു. പരസ്യപ്രചരണങ്ങളിലുൾപ്പെടെ 100 ശതമാനം കോട്ടൺ, പ്ലാസ്റ്റിക്‌ ആവരണമില്ലാത്ത പേപ്പർ, പോളിഎത്തിലീൻ എന്നിവ ഉപയോഗിക്കാനാണ്‌ നിർദേശം. തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി ചേംബറിൽ വിളിച്ചുചേർത്ത രാഷ്‌ട്രീയ പാർടികളുടെ യോഗത്തിൽ കലക്ടർമാർ ഇതുസംബന്ധിച്ച്‌ നിർദേശങ്ങൾ നൽകിയിരുന്നു. ഹരിതചട്ട ലംഘനം നിരീക്ഷിക്കുന്നതിന്‌ ബ്ലോക്ക്‌, നഗരസഭാതലത്തിൽ നോഡൽ ഓഫീസർമാരുണ്ട്. 

നിയമവിരുദ്ധമായി നിരോധിത വസ്തുക്കൾ ഉപയോഗിക്കുന്നത്‌ കണ്ടെത്താൻ സ്ക്വാഡുകളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്‌. തെരഞ്ഞെടുപ്പ്‌ കമീഷന്റെ പ്രവർത്തനങ്ങളും വോട്ടെടുപ്പ്‌, വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ബിന്നുകൾ സ്ഥാപിച്ച്‌ അജൈവമാലിന്യം ശേഖരിച്ച്‌ ഹരിതകർമസേനക്ക്‌ കൈമാറി സംസ്‌കരിക്കാനും തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here