പത്തനംതിട്ട :തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന് ആരോപിച്ച് പത്തനംതിട്ടയിലെ എൽ.ഡ‌ി.എഫ് സ്ഥാനാർത്ഥി ഡോ. ടി.എം. തോമസ് ഐസകിനെതിരെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. കുടുംബശ്രീയുടെ പേരിൽ ലഘുലേഖകൾ ഉൾപ്പെടെ തയ്യാറാക്കി വോട്ട് തേടുന്നു എന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ആണ് പരാതി നൽകിയത്.ഇത് രണ്ടാംതവണയാണ് തോമസ് ഐസകിനെതിരെ യു.ഡി.എഫ് പരാതി നൽകുന്നത്. പരാതിയിൽ ഐസകിന് കമ്മിഷൻ താക്കീത് നൽകിയിരുന്നു. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തതിനായിരുന്നു താക്കീത് ലഭിച്ചത്. ഐസകിന്റേത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും ഇനി സർക്കാർ പരിപാടികളിൽ പങ്കെടുക്കരുതെന്നും കമ്മിഷൻ അന്ന് നിർദ്ദേശിച്ചിരുന്നു. സി.ഡി.എസ് വിളിച്ചുചേർത്ത കുടുംബശ്രീ യോഗമാണെന്ന് അറിഞ്ഞിരുന്നില്ലെന്നും പ്രവർത്തകരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്നുമായിരുന്നു സംഭവത്തിൽ ഐസകിന്റെ പ്രതികരണം. പ്രവർത്തകരാണ് യോഗത്തിലേക്ക് തന്നെ കൊണ്ടുപോയത്. ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടാകില്ല. യു.ഡി.എഫിനെ ഭയം ഗ്രസിച്ചത് കൊണ്ടാണ് ഇത്തരം പരാതികൾ നൽകുന്നതെന്നും ഐസക് കുറ്റപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് വീണ്ടും പരാതി.

LEAVE A REPLY

Please enter your comment!
Please enter your name here