കാഞ്ഞിരപ്പള്ളി : അഭ്യസ്തവിദ്യരായ തൊഴിൽരഹിതരെ തൊഴിൽ സമ്പാദനത്തിന് സഹായിക്കുന്നത് ലക്ഷ്യം വെച്ച് തൊഴിൽ അന്വേഷകർക്കും തൊഴിൽ ദാദാക്കൾക്കും ഓൺലൈൻ പ്ലാറ്റ്ഫോമിൽ കണ്ടുമുട്ടുന്നതിന് ഒരു സൗജന്യ വെബ് പോർട്ടൽ ഒരുക്കി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിലുള്ള എംഎൽഎ സർവീസ് ആർമി പൂഞ്ഞാർ. ഇപ്പോൾ നടത്തിവരുന്ന വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ രണ്ടാം ഘട്ടമായാണ് തൊഴിൽ തേടുന്ന യുവജനങ്ങൾക്കുള്ള ഈ സൗജന്യ ജോബ് പോർട്ടൽ. തൊഴിൽ ദാദാക്കളായ മികച്ച സംരംഭകരെയും അർദ്ധസർക്കാർ സ്ഥാപനങ്ങൾ ഉൾപ്പെടെ കമ്പനികളെയും ഈ ജോബ് പോർട്ടലിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അവർ തങ്ങളുടെ തൊഴിലവസരങ്ങൾ ജോബ് പോർട്ടലിലൂടെ അറിയിക്കും. തൊഴിൽ ആവശ്യമുള്ള ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ ബയോഡേറ്റ അപ്‌ലോഡ് ചെയ്ത് ജോബ് പോർട്ടലിലൂടെ തൊഴിലിനായി അപേക്ഷിക്കാം. തൊഴിൽ ദാദാക്കളും തൊഴിൽ അന്വേഷകരും നേരിട്ട് ബന്ധപ്പെടാവുന്ന വിധത്തിലാണ് തികച്ചും സൗജന്യമായി ഈ വെബ് പോർട്ടൽ ഒരുക്കിയിരിക്കുന്നത്. പൂഞ്ഞാർ ജോബ്സ് വെബ് പോർട്ടലിന്റെ ഔപചാരിക ഉദ്ഘാടനകർമ്മം പതിനാറാം തീയതി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ നിർവഹിക്കും.അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് മുഖ്യപ്രഭാഷണം നടത്തും. ഫ്യൂച്ചർ സ്റ്റാർസ് ഡയറക്ടർ ഡോ. ആൻസി ജോസഫ് സ്വാഗതവും, പൂഞ്ഞാർ ജോബ്സ് ജനറൽ കോ-ഓർഡിനേറ്റർ പ്രൊഫ. ബിനോയി സി. ജോർജ് കൃതജ്ഞതയും പ്രകാശിപ്പിക്കും .കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക് ചെയർമാൻ ജോർജുകുട്ടി ആഗസ്തി, ജില്ലാ ആസൂത്രണ സമിതി അംഗം കെ. രാജേഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ശുഭേഷ് സുധാകരൻ, പി. ആർ അനുപമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിത രതീഷ്, പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയലാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. സാജൻ കുന്നത്ത്, സെന്റ് ഡോമിനിക്സ് കോളേജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ് എന്നിവർ പ്രസംഗിക്കും. www.poonjarjobs.com എന്ന ലിങ്കിലൂടെ പൂഞ്ഞാർ ജോബ് പോർട്ടൽ സന്ദർശിക്കാവുന്നതാണ്. നാടിന്റെ പുരോഗതിയും ഓരോ കുടുംബത്തിന്റെയും ജീവിത സുരക്ഷിതത്വവും ലക്ഷ്യം വെച്ച് സാമൂഹ്യ പ്രതിബദ്ധത മുൻനിർത്തിയാണ് ഇത്തരം ഒരു സംരംഭത്തിന് എംഎൽഎ സർവീസ് ആർമി രൂപം നൽകിയതെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. അഡ്വ. ഓ. വി ജോസഫ്, ഡോമിനിക് കല്ലാടൻ, പി. എ ഇബ്രാഹിംകുട്ടി, സുജ എം. ജി, ഖലീൽ മുഹമ്മദ് എന്നിവർ അടങ്ങിയ സമിതി ആയിരിക്കും വെബ് പോർട്ടലിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here