തിരുവനന്തപുരം: സംസ്ഥാനത്തെ 54 സഹായ ബൂത്തുകള്‍ ഉള്‍പ്പെടെ 25,231 പോളിങ് ബൂത്തുകളുടെ സുരക്ഷയ്ക്കായി നിയോഗിക്കുന്നത് 30,500 പോലീസ് ഉദ്യോഗസ്ഥരെ. കേന്ദ്രസേനയുടെ ആറ് കമ്പനി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അടുത്തദിവസമെത്തും. 742 അതീവ പ്രശ്‌നബാധിത ബൂത്തുകളിലും 1161 പ്രശ്‌നബാധിത ബൂത്തുകളിലും ഉള്‍പ്പെടെ 1903 ബൂത്തുകളില്‍ കര്‍ശന നിരീക്ഷണമുണ്ടാകും. എട്ടുജില്ലകളില്‍ പൂര്‍ണമായും ബാക്കി ജില്ലകളില്‍ മുക്കാല്‍ ഭാഗത്തോളം പോളിങ് ബൂത്തുകളിലും വെബ്കാസ്റ്റിങ്ങുമുണ്ടാകും.

അതീവ പ്രശ്‌നബാധിത, പ്രശ്‌നബാധിത ബൂത്തുകളില്‍ 7500-ഓളം കേന്ദ്ര സേനാംഗങ്ങള്‍ സുരക്ഷയൊരുക്കും. ഈ ബൂത്തുകളില്‍ കുറഞ്ഞത് രണ്ട് കേന്ദ്രസേനാംഗങ്ങളെ നിയോഗിക്കും. 22,832 ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ എല്ലാ പോളിങ് ബൂത്തുകളിലും തത്സമയ നിരീക്ഷണമുണ്ടാകും.

മറ്റു ജില്ലകളില്‍ 75 ശതമാനത്തോളം ബൂത്തുകളില്‍ തത്സമയ നിരീക്ഷണമുണ്ടാകും. സംസ്ഥാനത്ത് 50 നിരീക്ഷകരുണ്ട്. 25,231 ബൂത്തുകളിലായി 30,238 ബാലറ്റ് യൂണിറ്റുകളും 30,238 കണ്‍ട്രോള്‍ യൂണിറ്റുകളും റിസര്‍വ് യന്ത്രം ഉള്‍പ്പെടെ 32,698 വി.വി. പാറ്റ് യന്ത്രങ്ങളുമാണ് വോട്ടെടുപ്പിന് ഉപയോഗിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here