തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക്‌ ചൈനയിൽനിന്ന്‌ ക്രെയിനുകളുമായി അഞ്ചാമത്തെ കപ്പൽ തിങ്കൾ രാത്രിയോടെ പുറംകടലിൽ എത്തി.  ചൊവ്വാഴ്‌ച പകൽ തുറമുഖത്ത്‌ അടുപ്പിക്കും. കപ്പലിൽ ആറ്‌ യാർഡ്‌ ക്രെയിനുകളാണ്‌ ഉള്ളത്‌. ഷെൻഹുവ 16  മാർച്ച്‌ 23നാണ്‌ ഷാൻഹായിയിൽനിന്ന്‌ പുറപ്പെട്ടത്‌. ആറാമത്തെ കപ്പലായ ഷെൻഹുവ 35  22നും എത്തും. ഏപ്രിൽ അവസാനം ഏഴാമത്തെ കപ്പലും എത്തിയേക്കും. അതോടെ  ഒന്നാംഘട്ടത്തിൽ തുറമുഖത്ത്‌ സ്ഥാപിക്കാനുള്ള മുഴുവൻ ക്രെയിനുകളുമാകും. മെയ്‌ അവസാനം ട്രയൽ റൺ ആരംഭിക്കും. 

തുറമുഖനിർമാണവുമായി ബന്ധപ്പെട്ട്‌ വിഴിഞ്ഞം അന്താരാഷ്‌ട്ര സീപോർട്ട്‌ തിരുവനന്തപുരം (വിസിൽ) 3200 കോടി രൂപ വായ്‌പയെടുക്കാനുള്ള നടപടിയും പുരോഗമിക്കുകയാണ്‌. നബാർഡ്‌, ഹഡ്‌കോ എന്നിവയിൽനിന്ന്‌ ഏതെങ്കിലും ഒന്നിൽനിന്നായിരിക്കും വായ്‌പ എടുക്കുക. തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ട നിർമാണം നടത്തുന്നതിന്‌ ഇതിനകം അദാനി പോർട്‌സ്‌ താൽപ്പര്യം അറിയിച്ചിട്ടുണ്ട്‌. ജൂണിൽ ഇതുമായി ബന്ധപ്പെട്ട്‌ പബ്ലിക്‌ ഹിയറിങ്‌ നടക്കും.തുറമുഖത്തിന്‌ ഇന്റർനാഷണൽ ഷിപ്പിങ് ആൻഡ് പോർട്ട്‌ സെക്യൂരിറ്റി കോഡ് (ഐഎസ്‌പിഎസ്‌ ) കഴിഞ്ഞ ആഴ്‌ച ലഭിച്ചു.  ഐക്യരാഷ്ട്ര സംഘടനയ്‌ക്ക് കീഴിലെ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷനാണ് ഐഎസ്‌പിഎസ് അനുമതി നൽകുന്നത്. അന്താരാഷ്ട്ര കപ്പലുകൾക്ക് സർവീസ് നടത്താൻ ഈ അനുമതി ആവശ്യമാണ്. ഐഎസ്‌പിഎസ്‌ ലഭിച്ചതോടെ കൊമേഴ്‌സ്യൽ ഓപ്പറേഷൻ നടത്താനുള്ള എല്ലാസൗകര്യവും തുറമുഖത്തിനായതായി അധികൃതർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here